ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തത്തിനാണ് അമേരിക്ക സാക്ഷ്യം വഹിച്ചത്
ലോസ് ആഞ്ചലസിനെ ഭയപ്പെടുത്തിയ കാട്ടുതീയോടൊപ്പം രാഷ്ട്രീയ ആരോപണങ്ങളും ആളിപ്പടരുകയാണ്. അമേരിക്ക ഇത്തരത്തിലൊരു വലിയ ദുരന്തത്തെ അഭിമുഖീകരിക്കുമ്പോൾ നിയുക്ത യുഎസ് പ്രസിഡൻ്റ് ഡൊണൾഡ് ട്രംപ് തൻ്റെ കോളുകളോട് പോലും പ്രതികരിച്ചില്ലെന്ന് കാലിഫോർണിയൻ ഗവർണർ ആരോപിച്ചു. കാലിഫോർണിയയും ലോസ് ആഞ്ചലസ് നഗരവും ഡെമോക്രാറ്റ് ഭരണത്തിൻ കീഴിലാണ്.
പതിനായിരക്കണക്കിന് ഏക്കർ ഭൂമിയും 12,000 ത്തിൽപരം കെട്ടിടങ്ങളും കത്തിനശിച്ച കാട്ടുതീ വിഷയം,യുഎസിൽ രാഷ്ട്രീയ ആയുധമായി മാറിയിരിക്കുകയാണ്. ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തത്തിനാണ് അമേരിക്ക സാക്ഷ്യം വഹിച്ചത്. ഇതിനിടെയാണ് ദുരന്തത്തെ ചൊല്ലി ആരോപണ പ്രത്യാരോപണങ്ങൾ ഉയരുന്നത്.
ALSO READ: കാട്ടുതീ വിഴുങ്ങിയത് 24 ജീവനുകൾ; കാലിഫോർണിയയിൽ അടിയന്തരാവസ്ഥ തുടരുന്നു
ദുരന്തത്തിൻ്റെ ആദ്യ ദിവസം ലോസ് ആഞ്ചലസ് മേയർ സ്ഥലത്തുണ്ടായിരുന്നില്ലെന്നായിരുന്നു ഉയർന്ന ആദ്യ ആരോപണം. ഘാനയിലേക്കുള്ള ഔദ്യോഗിക യാത്രയിലായിരുന്നു മേയർ. ലോസ് ആഞ്ചലസിലെ മോശമാകുന്ന കാലാവസ്ഥയെക്കുറിച്ചും വരാൻ പോകുന്ന അപകടത്തെക്കുറിച്ചും ദേശീയ കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നെന്നും ഇത് അവഗണിച്ച് യാത്ര നടത്തിയെന്നാണ് മേയർക്കെതിരെയുള്ള ആരോപണം. യാത്രയുടെ കാരണം ചോദിച്ച മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനും മേയർ മറുപടി പറഞ്ഞില്ല.
ALSO READ: ലോസ് ആഞ്ചലസ് കാട്ടുതീയിൽ ഹോളിവുഡ് മലനിരകൾ കത്തിയമർന്നോ? ചിത്രങ്ങളിലെ വസ്തുതയെന്ത്?
2022 ഡിസംബറിലാണ് കാരെൻ ബാസ് ലോസ് ആഞ്ചലസ് മേയറായി ചുമതലയേൽക്കുന്നത്. മേയർ എന്ന നിലയിൽ 2023-24 ബജറ്റിൽ അഗ്നി രക്ഷാ സേനക്ക് അനുവദിക്കുന്ന ഫണ്ടിൽ കുറവ് വരുത്തിയെന്ന ആരോപണവും മേയർക്കെതിരെ ഉയരുന്നുണ്ട്. ആദ്യം കാട്ടുതീ ഉണ്ടായ പസഫിക് പാലിസേഡിൽ തീയണക്കാൻ വെള്ളത്തിൻ്റെ അഭാവം റിപ്പോർട്ട് ചെയ്തിരുന്നു. ദൗത്യത്തിനാവശ്യമായി ലഭിക്കേണ്ടിയിരുന്ന വെള്ളം ലഭിച്ചില്ലെന്നാണ് ആരോപണം. എന്നാൽ വലിയൊരു അപകടത്തെ നേരിടാനുള്ള ശേഷിയിലുള്ള പൈപ്പുകളില്ലെന്നായിരുന്നു മേയർ മറുപടി നൽകിയിരുന്നു. മാസങ്ങളായി മഴ ലഭിക്കാത്ത തെക്കൻ കാലിഫോർണിയയിലെ പ്രദേശങ്ങളിലാണ് കാട്ടുതീ വ്യാപിക്കുന്നത്.
അതേസമയം ദുരന്തത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഗവർണർ ഗാവിൻ ന്യൂസം, മേയർ ക്യാരൻ ബാസ് എന്നിവർ രാജിവെക്കണമെന്ന് ഡൊണൾഡ് ട്രംപ് എക്സിൽ കുറിച്ചു. ദുരന്തത്തെ നേരിടാൻ ഇരുവരും പരാജയപ്പെട്ടുവെന്നും, ഇവർ കഴിവില്ലാത്തവരാണാണെന്നും ട്രംപ് വിമർശനമുന്നയിച്ചു. എന്നാൽ ട്രംപ് വിഷയത്തെ രാഷ്ട്രീയവൽക്കരിക്കുകയാണെന്നാണ് ന്യൂസമിൻ്റെ പ്രതികരണം.