മൂന്ന് പേരുടെ മരണത്തിനിടയാക്കിയ ഡ്രോൺ, മിസൈൽ ആക്രമണങ്ങളിലും വിദ്യാർഥികൾ പ്രതിഷേധം അറിയിച്ചു
മണിപ്പൂരിൽ അക്രമം രൂക്ഷമായതോടെ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി വിദ്യാർഥികൾ രംഗത്ത്. ഇംഫാലിലെ മണിപ്പൂർ രാജ്ഭവന് മുന്നിൽ ആണ് വിദ്യാർഥികൾ പ്രതിഷേധിച്ചത്. മൂന്ന് പേരുടെ മരണത്തിനിടയാക്കിയ ഡ്രോൺ, മിസൈൽ ആക്രമണങ്ങളിലും വിദ്യാർഥികൾ പ്രതിഷേധം അറിയിച്ചു.
സ്‌കൂൾ യൂണിഫോം ധരിച്ചെത്തിയ വിദ്യാർഥികൾ ഗവർണറെ കാണാൻ ശ്രമിച്ചു. വംശീയ അക്രമം നിയന്ത്രിക്കാൻ വിന്യസിച്ചിരിക്കുന്ന കേന്ദ്രസേനയെ പിൻവലിക്കണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടു. സമാധാനം പുനഃസ്ഥാപിക്കാനായി എത്തിയ സേനയ്ക്ക് ഒന്നര വർഷത്തിലേറെയായിട്ടും പ്രതിസന്ധി പരിഹരിക്കാൻ കഴിഞ്ഞില്ലെന്നും, സമാധാനം പുനഃസ്ഥാപിക്കുന്നതിൽ സേന പരാജയപ്പെട്ടുവെന്നും വിദ്യാർഥികൾ ചൂണ്ടിക്കാട്ടി.
ALSO READ: മണിപ്പൂർ ഡ്രോണാക്രമണം; അന്വേഷണത്തിനായി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ അഞ്ചംഗ സമിതി രൂപീകരിച്ചു
സംസ്ഥാന സുരക്ഷാ ഉപദേഷ്ടാവിനെ നീക്കുക, ഏകീകൃത കമാൻഡ് സംസ്ഥാന സർക്കാരിന് കൈമാറുക തുടങ്ങിയ ആവശ്യങ്ങളും വിദ്യാർഥികൾ ഉന്നയിച്ചു. അതേസമയം നാളെയും സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
അതേസമയം മണിപ്പൂരിൽ അക്രമം രൂക്ഷമായതിന് പിന്നാലെ കേന്ദ്ര-സംസ്ഥാന ബിജെപി സർക്കാരുകളെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രംഗത്തെത്തിയിരുന്നു. മണിപ്പൂരിൽ സമാധാനം കൊണ്ടു വരുന്നതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് സംഭവിച്ച ദയനീയ പരാജയം പൊറുക്കാനാവാത്തതാണെന്ന് ഖാർഗെ പറഞ്ഞു. മുഖ്യമന്ത്രി എൻ. ബിരേൻ സിങ്ങിനെ പിരിച്ചുവിടണമെന്നും അക്രമത്തിന്റെ പൂർണ ഉത്തരവാദിത്തം കേന്ദ്ര സർക്കാർ ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എക്സ് പോസ്റ്റിലൂടെയാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്.