അമുസ്ലീങ്ങളെ തല്‍ക്കാലം നിയമിക്കില്ലെന്നും കേന്ദ്ര കോടതിയിൽ പറഞ്ഞു.
വഖഫ് ബോര്‍ഡുകളില്‍ നിയമനം നടത്തരുതെന്ന് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. വഖഫ് സ്വത്തുക്കളില്‍ മാറ്റം വരുത്തുന്നതും സുപ്രീം കോടതി തടഞ്ഞു. സ്വത്തുക്കളില്‍ തല്‍സ്ഥിതി തുടരണമെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. കേന്ദ്ര സര്‍ക്കാരിന് മറുപടി പറയാന്‍ ഒരാഴ്ച സമയം അനുവദിച്ചിട്ടുണ്ട്. അമുസ്ലീങ്ങളെ തല്‍ക്കാലം നിയമിക്കില്ലെന്നും വഖഫ് ഇപ്പോൾ ഡീ- നോട്ടിഫൈ ചെയ്യില്ലെന്നും കേന്ദ്രം കോടതിയിൽ പറഞ്ഞു.
വഖഫ് നിയമത്തില്‍ അഞ്ച് ഹര്‍ജികള്‍ മാത്രമേ പരിഗണിക്കാനാവൂ എന്നും സുപ്രീം കോടതി പറഞ്ഞു. 73 ഹര്‍ജികളാണ് കോടതിക്ക് മുമ്പിലെത്തിയത്. ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കാന്‍ സാധിക്കില്ലെന്നും സമാന വിഷയം ഉന്നയിക്കുന്നതിനാല്‍ അതില്‍ പ്രധാനപ്പെട്ട അഞ്ച് ഹര്‍ജികള്‍ മാത്രം പരിഗണിക്കാമെന്നുമാണ് സുപ്രീം കോടതി പറഞ്ഞത്. ഏതെല്ലാം പരിഗണിക്കണമെന്ന് ഹര്‍ജിക്കാര്‍ക്ക് തന്നെ തീരുമാനിക്കാമെന്നും സുപ്രീം കോടതി പറഞ്ഞു.
ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാര്‍, ജസ്റ്റിസ് കെ വി വിശ്വനാഥന്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. എക്‌സ് ഓഫീഷ്യോ അംഗങ്ങളൊഴികെ, വഖഫ് ബോര്‍ഡിലെയും സെന്‍ട്രല്‍ വഖഫ് കൗണ്‍സിലിലെയും എല്ലാംഗങ്ങളും മുസ്ലീങ്ങള്‍ ആയിരിക്കണമെന്നും സുപ്രീം കോടതി പറഞ്ഞു.
ഗ്രാമങ്ങള്‍ വഖഫ് സ്വത്തായി മാറുകയാണെന്നും അതിനാലാണ് നിയമ നിര്‍മ്മാണം നടത്തിയതെന്നുമായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ഇന്ന് കോടതിയെ അറിയിച്ചത്. വഖഫ് നിയമ ഭേദഗതിയിലെ വ്യവസ്ഥകള്‍ പൂര്‍ണമായും സ്റ്റേ ചെയ്യാനാവില്ലെന്ന് കോടതിയും വ്യക്തമാക്കി. എന്നാല്‍ വിശദമായ വാദം കേള്‍ക്കേണ്ടതുണ്ടെന്ന് അറിയിച്ചാണ് കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചത്. മറുപടി സത്യവാങ്മൂലത്തിന് ഒരാഴ്ച സമയം അനുവദിക്കണമെന്ന സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ ആവശ്യം കോടതി അംഗീകരിച്ചു.
വഖഫ് ഭേദഗതി നിയമത്തില്‍ കഴിഞ്ഞ ദിവസവും സുപ്രീം കോടതി വാദം കേട്ടിരുന്നു. മുസ്ലീം സംഘടനകള്‍, കോണ്‍ഗ്രസ്, മുസ്ലീം ലീഗ്, സിപിഐഎം, സിപിഐ, ആം ആദ്മി, സമസ്ത തുടങ്ങി ഒട്ടേറെ കക്ഷികളായിരുന്നു ഹര്‍ജി നല്‍കിയത്. അതേസമയം, നിയമം റദ്ദാക്കരുത് എന്നാവശ്യപ്പെട്ട് ബിജെപി ഭരിക്കുന്ന ആറ് സംസ്ഥാനങ്ങളും ഹിന്ദു സേനയടക്കമുള്ളവരും ഹര്‍ജികളില്‍ കക്ഷിചേരാന്‍ അപേക്ഷ നല്‍കിയിരുന്നു.