കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത് ഏകദേശം 14 മണിക്കൂർ വൈകിയാണെന്നും സുപ്രീം കോടതി വ്യക്തമാക്കി
കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളേജിലെ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതിലെ കാലതാമസത്തെ ചോദ്യം ചെയ്ത് സുപ്രീം കോടതി. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത് ഏകദേശം 14 മണിക്കൂർ വൈകിയാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാണിച്ചു. കേസിൽ സിബിഐ സമർപ്പിച്ച തൽസ്ഥിതി റിപ്പോർട്ട് പരിശോധിക്കവേ ആണ് സുപ്രീം കോടതിയുടെ പരാമർശം. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അടങ്ങിയ ബെഞ്ചാണ് റിപ്പോർട്ട് പരിശോധിച്ചത്.
കേസിലെ ചില രേഖകൾ നഷ്ടപ്പെട്ടിട്ടുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി. പോസ്റ്റുമോർട്ടത്തിന് ആവശ്യമായ പ്രധാന രേഖയാണ് കാണാതായത്. രേഖ ഇല്ലാത്ത സാഹചര്യത്തിൽ പോസ്റ്റ്മാർട്ടം ചെയ്ത ഡോക്ടർക്ക് മൃതദേഹം ഏറ്റുവാങ്ങാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. എന്നാൽ രേഖ സിബിഐയുടെ ഭാഗമല്ലെന്ന് സോളിസിറ്റർ ജനറൽ ബെഞ്ചിനെ അറിയിച്ചു. കേസ് കൈകാര്യം ചെയ്യുന്നതിൽ ബംഗാൾ സർക്കാരിന് വീഴ്ച പറ്റിയിട്ടുണ്ട് എന്നും കോടതി വിമർശിച്ചു.
ALSO READ: ഡോക്ടർമാരുടെ സമരം കാരണം മരിച്ചത് 23 പേർ; ബംഗാള്‍ സർക്കാർ സുപ്രീം കോടതിയില്‍
ഇരയുടെ അന്തസ്സും സ്വകാര്യതയും സംരക്ഷിക്കുന്നതിനായി എല്ലാ സമൂഹ മാധ്യമങ്ങളിൽ നിന്നും ഇലക്ട്രോണിക് മാധ്യമങ്ങളിൽ നിന്നും ഇരയുടെ ഫോട്ടോകൾ ഉടൻ നീക്കം ചെയ്യണമെന്നും ബെഞ്ച് നിർദ്ദേശിച്ചു. അന്വേഷണത്തിന്റ പുതിയ വിവരങ്ങൾ ഉടൻ സമർപ്പിക്കണമെന്ന് സിബിഐയോട് ആവശ്യപ്പെട്ട കോടതി, കേസ് അടുത്ത സെപ്തംബർ 18 ന് പരിഗണിക്കാൻ ആയി മാറ്റിവെച്ചു.
അതേസമയം സംസ്ഥാനത്ത് പണിമുടക്കിൽ ഏർപ്പെട്ട ഡോക്ടർമാരോട്, സെപ്തംബർ 10 ന് വൈകീട്ട് അഞ്ചുമണിയോടെ സമരം അവസാനിപ്പിച്ച് ജോലിയിൽ പ്രവേശിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. പ്രതിഷേധം തുടർന്നാൽ നടപടി ഉണ്ടാകുമെന്നും കോടതി വ്യക്തമാക്കി. ഡോക്ടർമാരുടെ സമരം മൂലം 23 പേർ മരിച്ചെന്ന് ബംഗാൾ സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കോടതിയുടെ നിർദ്ദേശം.
ഓഗസ്റ്റ് ഒന്‍പതിനാണ് മെഡിക്കല്‍ കോളേജിലെ സെമിനാര്‍ കോംപ്ലക്‌സില്‍ ക്രൂരമായി അര്‍ധ നഗ്നയായി മരിച്ച നിലയില്‍ ജൂനിയര്‍ ഡോക്ടറുടെ മൃതദേഹം കിടക്കുന്നത് കണ്ടത്. ഡോക്ടര്‍ ക്രൂര ബലാത്സംഗത്തിനിരിയായിട്ടുണ്ടെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.