ബെംഗളൂരുവിലേക്കാണ് അനുരാഗ് കശ്യപ് താമസം മാറിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ അനുരാഗ് ഇക്കാര്യം മാത്രം വെളിപ്പെടുത്തിയിട്ടില്ല
ബോളിവുഡും മുംബൈയും വിട്ടെന്ന് വെളിപ്പെടുത്തി നടനും സംവിധായകനുമായ അനുരാഗ് കശ്യപ്. ദ ഹിന്ദുവിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. താന്‍ തന്റെ പുതിയ വീടിന് വാടക കൊടുത്തുവെന്നും അദ്ദേഹം അറിയിച്ചു. ബെംഗളൂരുവിലേക്കാണ് അനുരാഗ് കശ്യപ് താമസം മാറിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ അനുരാഗ് ഇക്കാര്യം മാത്രം വെളിപ്പെടുത്തിയിട്ടില്ല.
'സിനിമാക്കാരില്‍ നിന്നും എനിക്ക് മാറി നില്‍ക്കണം. ബോളിവുഡ് വല്ലാതെ ടോക്‌സിക് ആയിരിക്കുന്നു. എല്ലാവരും യാഥാര്‍ത്ഥമല്ലാത്ത ടാര്‍ഗെറ്റുകളെ തേടി പോവുകയാണ്. അടുത്ത 500, 800 കോടി സിനിമ നിര്‍മിക്കാന്‍ ശ്രമിക്കുകയാണ്. സര്‍ഗാത്മകത ഇപ്പോള്‍ അവിടെ ഇല്ല', എന്നാണ് അനുരാഗ് കശ്യപ് പറഞ്ഞത്.
നിലവില്‍ ഫൂട്ടേജ് എന്ന മലയാള ചിത്രത്തിന്റെ ഹിന്ദി ഡബ്ബ് വേര്‍ഷന്റെ പ്രമോഷന്‍ പരിപാടികളിലാണ് അനുരാഗ് കശ്യപ്. സൈജു ശ്രീധരന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മഞ്ജു വാര്യര്‍, വിശാഖ് നായര്‍, ഗായത്രി അശോക് എന്നിവരാണ് മുഖ്യവേഷങ്ങളില്‍. കഴിഞ്ഞവര്‍ഷമാണ് ചിത്രം മലയാളത്തില്‍ റിലീസ് ചെയ്തത്. മാര്‍ച്ച് ഏഴിനാണ് ഹിന്ദി പതിപ്പ് തിയേറ്ററുകളിലെത്തുന്നത്.
'ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തിലാണ് ഫൂട്ടേജ് റിലീസ് ചെയ്തത്. പിന്നെ 2024ലെ വയനാട് ദുരന്തവും നടന്നു. മലയാളം സിനിമ മേഖല ഇതെല്ലാം കാരണം റിലീസ് കുറച്ചൊന്ന് വൈകിക്കാന്‍ തീരുമാനിക്കുകയായിരുന്നു', അനുരാഗ് കശ്യപ് പറഞ്ഞു.
ചിത്രം നല്ല രീതിയില്‍ ഡബ്ബ് ചെയ്യണമെന്ന ആഗ്രഹവും കശ്യപ് പ്രകടിപ്പിച്ചു. 'മഹാരാജ എനിക്ക് കാണാന്‍ സാധിക്കാത്ത കാര്യം അത് വളരെ മോശമായാണ് ഡബ്ബ് ചെയ്തിരിക്കുന്നത്', അനുരാഗ് കശ്യപ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈകോട്ടെ വാലിബന് വേണ്ടി കശ്യപ് ഡബ്ബ് ചെയ്തിരുന്നു. അതിന് വേണ്ടി അദ്ദേഹം തിരക്കഥ വരെ മാറ്റിയിരുന്നു.
കഴിഞ്ഞ വര്‍ഷം അനുരാഗ് കശ്യപ് മലയാള സിനിമയിലേക്കും അരങ്ങേറിയിരുന്നു. ആഷിക് അബു സംവിധാനം ചെയ്ത റൈഫിള്‍ ക്ലബ്ബിലൂടെയാണ് കശ്യപ് മലയാള സിനിമയിലേക്ക് എത്തിയത്. ചിത്രത്തില്‍ പ്രധാന വില്ലന്‍ കഥാപാത്രത്തെയാണ് കശ്യപ് അവതരിപ്പിച്ചത്.