അതേസമയം മാര്‍ച്ച് 27നാണ് എമ്പുരാന്‍ തിയേറ്ററിലെത്തുന്നത്. പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാലാണ് കേന്ദ്ര കഥാപാത്രമായി എത്തുന്നത്
എമ്പുരാന്‍ ബിഗ് സ്‌ക്രീനില്‍ കാണാന്‍ കാത്തിരിക്കുകയാണെന്ന് നടി മഞ്ജു വാര്യര്‍. ദ ഹിന്ദുവിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇതേ കുറിച്ച് സംസാരിച്ചത്. വളരെ രസകരമായ കഥാപാത്രമാണ് തന്റേതെന്നും മഞ്ജു പറഞ്ഞു. 'ലൂസിഫര്‍ എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു. എമ്പുരാന്‍ ബിഗ് സ്‌ക്രീനില്‍ കാണാന്‍ ഞാന്‍ കാത്തിരിക്കുകയാണ്. എന്റെ കഥാപാത്രം വളരെ രസകരമാണ്', എന്നാണ് മഞ്ജു വാര്യര്‍ പറഞ്ഞത്.
തന്റെ കരിയറിലെ രണ്ടാം ഘട്ടത്തില്‍ വലിയ താരങ്ങള്‍ക്കൊപ്പം സിനിമ ചെയ്യാനുള്ള കാരണവും മഞ്ജു വ്യക്തമാക്കി. 'കഥയില്‍ എന്റെ കഥാപാത്രം എത്രത്തോളം പ്രധാനമാണ് എന്നാണ് ഞാന്‍ നോക്കുന്നത്. വലിയ സെറ്റിന്റെ ഭാഗമാകുക എന്നതല്ല എന്റെ വിഷയം. കഥയില്‍ എന്റെ കഥാപാത്രം എന്ത് ചെയ്യുന്നു എന്നതാണ് പ്രധാനം', മഞ്ജു വാര്യര്‍ വ്യക്തമാക്കി.
നിലവില്‍ ഫൂട്ടേജ് എന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പിന്റെ പ്രമോഷനിലാണ് മഞ്ജു. മാര്‍ച്ച് ഏഴിനാണ് ചിത്രം തിയേറ്ററിലെത്തുന്നത്. സൈജു ശ്രീധരന്‍ സംവിധാനം ചെയ്ത ചിത്രം അവതരിപ്പിച്ചിരിക്കുന്നത് ബോളിവുഡ് സംവിധായകനായ അനുരാഗ് കശ്യപാണ്. ത്രില്ലര്‍ വിഭാഗത്തില്‍ പെട്ട ചിത്രത്തെ കുറിച്ചും മഞ്ജു അഭിമുഖത്തില്‍ സംസാരിച്ചു.
'സിനിമകള്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടപെടുന്നത് അത് ത്രില്ലര്‍ ആയതുകൊണ്ടല്ല. സിനിമയുടെ ഉള്ളടക്കം നല്ലതായതുകൊണ്ടാണ്. ഒരു ട്രെന്‍ഡ് പിന്തുടരുന്നത് ഉള്ളടക്കം നല്ലതല്ലെങ്കില്‍ തിരിച്ചടിക്കാന്‍ സാധ്യതയുണ്ടെ'ന്നും മഞ്ജു വാര്യര്‍ അഭിപ്രായപ്പെട്ടു.
അതേസമയം മാര്‍ച്ച് 27നാണ് എമ്പുരാന്‍ തിയേറ്ററിലെത്തുന്നത്. പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാലാണ് കേന്ദ്ര കഥാപാത്രമായി എത്തുന്നത്.
എമ്പുരാന്‍ ലൂസിഫറിന്റെ സീക്വലും പ്രീക്വലുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സ്റ്റീഫന്‍ നെടുമ്പള്ളി അബ്രാം ഖുറേഷിയായത് എങ്ങനെയെന്നും അയാളുടെ ജീവിത കാലഘട്ടങ്ങളും സിനിമയിലുണ്ടാകുമെന്നാണ് സൂചന.
ആദ്യ ഭാഗത്തിലെ അഭിനേതാക്കളായ മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, സാനിയ അയ്യപ്പന്‍, സായ് കുമാര്‍, ഇന്ദ്രജിത് സുകുമാരന്‍, ബൈജു എന്നിവര്‍ക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ഷൈന്‍ ടോം ചാക്കോ, ഷറഫുദ്ദീന്‍, അര്‍ജുന്‍ ദാസ് എന്നിങ്ങനെ പുതിയ താരങ്ങളും ചിത്രത്തിലുണ്ട്. ലൈക്ക പ്രൊഡക്ഷന്‍സും ആശിര്‍വാദ് സിനിമാസും ചേര്‍ന്നാണ് എമ്പുരാന്‍ നിര്‍മിക്കുന്നത്. ദീപക് ദേവ് ആണ് സംഗീതം. സുജിത് വാസുദേവ് ഛായാഗ്രഹണം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത് അഖിലേഷ് മോഹന്‍ ആണ്.