ആറു കേസുകളില്‍ കുറ്റപത്രം നല്‍കിയതിന് പിന്നാലെയാണ് കൂടുതല്‍ കേസുകളില്‍ പ്രതി ചേര്‍ത്തത്
cbi
വാളയാറില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സഹോദരിമാരുടെ അമ്മയെയും രണ്ടാനച്ഛനെയും കൂടുതല്‍ കേസുകളില്‍ പ്രതി ചേര്‍ത്ത് സി.ബി.ഐ. പ്രതികള്‍ക്കെതിരെ സാക്ഷിമൊഴികളും ശാസ്ത്രീയ തെളിവുകളുമുണ്ടെന്ന് സി.ബി.ഐ വാദം. ആറു കേസുകളില്‍ കുറ്റപത്രം നല്‍കിയതിന് പിന്നാലെയാണ് കൂടുതല്‍ കേസുകളില്‍ പ്രതി ചേര്‍ത്തത്.
വാളയര്‍ സംഭവത്തില്‍ അമ്മയെയും രണ്ടാനച്ഛനെയും കൂടുതല്‍ കേസുകളില്‍ പ്രതി ചേര്‍ത്ത് സി.ബി.ഐ നേരത്തെ ആറു കേസുകളിലാണ് ഇവര്‍ക്കെതിരെ കുറ്റപത്രങ്ങള്‍ നല്‍കിയിരുന്നത്. ഇതിനു പുറമേയാണ് മറ്റു കേസുകളില്‍ കൂടി ഇവരെ പ്രതി ചേര്‍ക്കുന്നത്.
പ്രതികള്‍ക്കെതിരെ സാക്ഷിമൊഴികളും രേഖകളും ശാസ്ത്രീയ തെളിവുകളുമുണ്ടെന്ന് സി.ബി.ഐ. വ്യക്തമാക്കി. ഇവര്‍ക്ക് സമന്‍സ് അയക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഈ മാസം 25 ന് സി.ബി.ഐ.കോടതി പരിഗണിക്കും.
വാളയാര്‍ കേസില്‍ പെണ്‍കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കാന്‍ മാതാപിതാക്കള്‍ ഒത്താശ ചെയ്തുവെന്നായിരുന്നു സിബിഐ കുറ്റപത്രം. മക്കളുടെ മുന്നില്‍ വെച്ച് അമ്മയുമായി ഒന്നാം പ്രതി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നും സിബിഐ കുറ്റപത്രത്തില്‍ പറയുന്നു. ഇളയ കുട്ടിയെ ഒന്നാം പ്രതിക്ക് പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിന് ഇരയാക്കിയത് അമ്മയുടെ അറിവോടെയാണ്. മൂത്തമകളുടെ ആത്മഹത്യക്ക് കാരണക്കാരന്‍ ഒന്നാം പ്രതിയാണെന്ന് അമ്മക്കറിയാമെന്നും കുറ്റപത്രത്തില്‍ പറയുന്നു. ബലാത്സംഗം ചെയ്യാന്‍ കുഞ്ഞുങ്ങളെ മാതാപിതാക്കള്‍ ഇട്ടുകൊടുക്കുകയായിരുന്നുവെന്നുമാണ് സിബിഐ കുറ്റപത്രത്തില്‍ പറയുന്നത്.
അവധി ദിവസങ്ങളില്‍ ഒന്നാം പ്രതിയെ വീട്ടില്‍ വിളിച്ചു വരുത്തി മദ്യം നല്‍കുകയും പ്രായപൂര്‍ത്തിയാകാത്ത മൂത്ത കുട്ടിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ സൗകര്യങ്ങള്‍ അമ്മ ഒരുക്കി കൊടുക്കുമായിരുന്നുവെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ഒന്നാം പ്രതിക്കൊപ്പം സിബിഐ കുറ്റപത്രത്തില്‍ അമ്മ രണ്ടാം പ്രതിയും അച്ഛന്‍ മൂന്നാം പ്രതിയുമാണ്.
2016 ഏപ്രിലില്‍ മൂത്ത കുട്ടിയെ ഒന്നാം പ്രതി ബലാത്സംഗം ചെയ്യുന്നതിന് അമ്മ സാക്ഷ്യം വഹിച്ചു. രണ്ട് ആഴ്ച കഴിഞ്ഞ് അച്ഛനും ഹീനകൃത്യത്തിന് സാക്ഷിയായി. ഇക്കാര്യമൊന്നും മാതാപിതാക്കള്‍ പൊലീസ് അന്വേഷണത്തില്‍ വെളിപ്പെടുത്തിയിരുന്നില്ല. രണ്ട് കുഞ്ഞുങ്ങളും സ്വന്തം വീട്ടില്‍ തന്നെ ജീവന്‍ ഒടുക്കുകയായിരുന്നു. പതിനൊന്നുകാരിയായ മൂത്ത കുട്ടിയെ 2017 ജനുവരി 13നും, ഒമ്പത് വയസുകാരിയായ ഇളയ കുഞ്ഞിനെ അതേ വര്‍ഷം മാര്‍ച്ച് നാലിനും തൂങ്ങി മരിച്ച നിലയില്‍ വീട്ടില്‍ കണ്ടെത്തുകയായിരുന്നു.