ക്രൂരമായ സംഭവമാണ് ഉണ്ടായതെന്നും ഇരയ്ക്ക് നീതി ലഭ്യമാക്കുകയാണ് സർക്കാർ നിലപാടെന്നും മുഖ്യമന്ത്രി
അണ്ണാ സർവകലാശാലാ ലൈംഗികാതിക്രമക്കേസിലെ പ്രതി ഡിഎംകെ അനുഭാവിയാണെന്ന് സമ്മതിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. പ്രതി, അനുഭാവി മാത്രമാണെന്നും പാർട്ടി അംഗമല്ലെന്നും സ്റ്റാലിൻ നിയമസഭയിൽ പറഞ്ഞു. ക്രൂരമായ സംഭവമാണ് ഉണ്ടായതെന്നും ഇരയ്ക്ക് നീതി ലഭ്യമാക്കുകയാണ് സർക്കാർ നിലപാടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഡിഎംകെ സർക്കാരിനെതിരായ കുറ്റപ്പെടുത്തൽ രാഷ്ട്രീയ പ്രേരിതമാണ്. പ്രതിയെ അറസ്റ്റ് ചെയ്തില്ലായിരുന്നെങ്കിൽ സർക്കാരിനെ നിങ്ങൾക്ക് കുറ്റപ്പെടുത്താമായിരുന്നു. 60 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കുമെന്നും മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അറിയിച്ചു.
ALSO READ: മൻമോഹൻ സിങ്ങിന്റെ സാമ്പത്തിക നയങ്ങളാണ് ഇന്ത്യയുടെ വളർച്ചയുടെ അടിത്തറ; എം.കെ. സ്റ്റാലിൻ
കേസിൽ ഉടൻ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മണിക്കൂറുകൾക്കകം പ്രതിയെ പിടികൂടിയിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്. കുറ്റം നടത്തിയവർ ആരായാലും അവരുടെ പശ്ചാത്തലം നോക്കാതെ അറസ്റ്റ് ചെയ്യും. സ്ത്രീകളുടെ സുരക്ഷയാണ് സംസ്ഥാന സർക്കാരിന് പരമപ്രധാനമെന്നും എം.കെ. സ്റ്റാലിൻ പറഞ്ഞു.
ഡിസംബർ 23 -ന് രാത്രിയാണ് അണ്ണാ യൂണിവേഴ്സിറ്റി ക്യാംപസിനുള്ളിൽ വിദ്യാർഥിനി പീഡിപ്പിക്കപ്പെടുന്നത്. ക്യാംപസിലെ രണ്ടാം വർഷ എൻജിനീയറിങ് വിദ്യാർത്ഥിനിയാണ് പരാതിയുമായി എത്തിയത്. ക്രിസ്‌മസിനോടനുബന്ധിച്ച കുർബാന കഴിഞ്ഞ് പള്ളിയിൽ നിന്നും ആൺസുഹൃത്തിനൊപ്പം നടന്നു പോകവേ, അജ്ഞാതരായ രണ്ടുപേർ ചേർന്ന് ഇവരെ തടഞ്ഞെന്നും, സുഹൃത്തിനെ മർദിച്ച് അവശനാക്കിയതിന് ശേഷം കുറ്റിക്കാട്ടില്‍ വച്ച് അതിക്രൂരമായി പീഡിപ്പിച്ചുവെന്നുമാണ് വിദ്യാർഥിനിയുടെ മൊഴി. കേസിൽ കോട്ടുപുരം സ്വദേശി ജ്ഞാനശേഖര(37)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.