സ്ഥാപനവുമായി ബന്ധപ്പെട്ട രേഖകൾ ഇന്ന് കൈമാറണം എന്നായിരുന്നു തൊഴിൽ വകുപ്പ് ആവശ്യപ്പെട്ടിരുന്നത്
കൊച്ചിയിലെ ടാർഗറ്റ് പീഡനത്തിൽ തൊഴിൽ വകുപ്പിന് രേഖകൾ കൈമാറാതെ ഒളിച്ചുകളിച്ച് ഹിന്ദുസ്ഥാൻ പവർ ലിങ്ക്സ്. ജീവനക്കാരുടെ സാലറി, മസ്റ്ററിങ് രേഖകൾ സ്ഥാപനം കൈമാറിയില്ല. തൊഴിൽ പീഡനം നടന്ന കെൽട്രോയും രേഖകൾ സമർപ്പിച്ചില്ല. സ്ഥാപനവുമായി ബന്ധപ്പെട്ട രേഖകൾ ഇന്ന് കൈമാറണം എന്നായിരുന്നു തൊഴിൽ വകുപ്പ് ആവശ്യപ്പെട്ടിരുന്നത്. ജില്ലാ ലേബർ ഓഫീസർക്ക് രേഖകൾ കൈമാറാനായിരുന്നു നിർദേശം. എന്നാൽ രേഖകൾ കൈമാറിയില്ലെന്ന് ജില്ലാ ലേബർ ഓഫീസർ പി.ജി. വിനോദ് കുമാർ ആണ് അറിയിച്ചത്.
ടാർഗറ്റ് പീഡനത്തിൽ ലേബർ ഓഫീസറുടെ റിപ്പോർട്ടിൽ അവ്യക്തതയെന്ന് തൊഴിൽ മന്ത്രി വി.ശിവൻകുട്ടി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കിട്ടിയ റിപ്പോർട്ട് ശരിയാണെന്ന് തോന്നുന്നില്ലെന്നും, അവ്യക്തയുണ്ടെന്നും മന്ത്രി പറഞ്ഞു. തൊഴിൽ പീഡനം നടന്നിട്ടില്ലെന്നാണ് റിപ്പോർട്ടിലുള്ളതെന്നും മന്ത്രി പറഞ്ഞു. വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ലേബർ കമ്മീഷനെ നിയമിച്ചിട്ടുണ്ട്. എത്രയും പെട്ടെന്ന് തന്നെ കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. ഹിന്ദുസ്ഥാൻ പവർ ലിങ്ക്സിൻ്റെ കീഴിലുള്ള തൊഴിൽ പീഡനത്തെ കുറിച്ചുള്ള വാർത്ത ന്യൂസ് മലയാളമാണ് പുറത്തുവിട്ടത്.
കൊച്ചിയിലെ കമ്പനിയിലെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ പീഡനത്തില്‍ വെളിപ്പെടുത്തലുമായി കൂടുതല്‍ പേര്‍ രംഗത്തെത്തിയിരുന്നു. പീഡനം നടന്നെന്ന് ആവര്‍ത്തിച്ച് കൂടുതല്‍ യുവാക്കളും രംഗത്തെത്തി. കമ്പനിയില്‍ ട്രെയിനികളെ ഉപയോഗിച്ച് മാനേജര്‍മാര്‍ പന്തയം നടത്തും. തോല്‍ക്കുന്ന ട്രെയിനികളെ ക്രൂരപീഡനത്തിന് ഇരയാക്കും. സഹിക്കാനാകാത്ത പീഡനം ഉണ്ടായിട്ടുണ്ടെന്നാണ് കോഴിക്കോട് സ്വദേശിയായ യുവാവിന്റെ വെളിപ്പെടുത്തല്‍. പന്തയത്തില്‍ ജയിക്കുന്ന ട്രെയിനികള്‍ക്ക് 1000 മുതല്‍ 2000 രൂപ വരെ സമ്മാനം നല്‍കും. തോല്‍ക്കുന്നവരെ ക്രൂരമായി പീഡിപ്പിക്കും. മത്സരബുദ്ധി വളര്‍ത്താനാണ് ഇത്തരം നികൃഷ്ടമായ പരിശീലനമെന്നാണ് മാനേജര്‍മാരുടെ വിശദീകരണം.