10 വര്‍ഷമായി കേസ് നടത്തുകയാണെന്ന് പറഞ്ഞ ചാക്കോ, ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കേണ്ടതില്ലെന്നും കൂട്ടിച്ചേർത്തു
ഷൈൻ ടോം ചാക്കോയ്ക്ക് അസിസ്റ്റൻ്റ് കമ്മീഷണർ ഓഫീസിൽ ഹാജരാകാൻ നോട്ടീസ് നൽകിയ സംഭവത്തിൽ പ്രതികരണവുമായി പിതാവ് പി.സി. ചാക്കോ. ഷൈൻ ടോം ചാക്കോ നാളെ മൂന്നുമണിയോടെ പൊലീസ് സ്റ്റേഷനില്‍ എത്തുമെന്നായിരുന്നു ചാക്കോയുടെ പ്രതികരണം. മറ്റൊരു സമയമാണ് പൊലീസ് പറഞ്ഞതെങ്കിലും ഓടി എത്താനുള്ള സൗകര്യം കണക്കാക്കി മൂന്നു മണിയെന്ന് പറഞ്ഞിട്ടുണ്ടെന്നും ചാക്കോ പരിഹാസരൂപേണ പറഞ്ഞു.
ഷൈൻ എവിടെ ഉണ്ടെന്ന് അറിയില്ലെന്നും നിലവിൽ കേസെടുക്കേണ്ട സാഹചര്യമായിട്ടില്ലെന്നും പിതാവ് ചാക്കോ പറയുന്നു. വേദാന്ദ ഹോട്ടലില്‍ നിന്ന് ഇറങ്ങി ഓടിയതില്‍ വ്യക്തതതേടാൻ എന്നാണ് പൊലീസ് നോട്ടീസിലുള്ളത്. ഹാജരാകുന്നത് സംബന്ധിച്ച് ഷൈൻ നിയമോപദേശം തേടിയെന്ന വാർത്ത ചാക്കോ തള്ളി. രാമൻ പിള്ളയാണ് അഭിഭാഷകൻ, നിലവില്‍ നിയമോപദേശം തേടിയിട്ടില്ല. 10 വര്‍ഷമായി കേസ് നടത്തുകയാണെന്ന് പറഞ്ഞ ചാക്കോ, ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കേണ്ടതില്ലെന്നും കൂട്ടിച്ചേർത്തു.
ALSO READ: ഡാന്‍സാഫിനെ വെട്ടിച്ച് ഓട്ടം; നാളെ ഹാജരാകാന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് പൊലീസ് നോട്ടീസ്
അതേസമയം ലഹരി പരിശോധനയ്ക്കിടെ ഓടിരക്ഷപ്പെട്ടതിന്റെ കാരണം ഷൈൻ തന്നെ നേരിട്ടെത്തി വിശദീകരിക്കണമെന്ന നിലപാടിലാണ് പൊലീസ്. നാളെ രാവിലെ പത്തു മണിക്ക് നോർത്ത് സ്റ്റേഷനിൽ നേരിട്ടെത്തി കാരണം ബോധിപ്പിക്കണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനിടെ നടി വിൻസിയുടെ പരാതിയിൽ സൂത്രവാക്യം സിനിമയുടെ ആഭ്യന്തര പരാതി പരിഹാര സമിതിക്ക് മുമ്പില്‍ ഷൈൻ തിങ്കളാഴ്ച ഹാജരാവുമെന്നും പിതാവ് വ്യക്തമാക്കി.
അഭിനേതാക്കളുടെ സംഘടനയായ AMMAയുടെ ഇന്റേണൽ കമ്മിറ്റിക്ക് മുന്നിൽ വിശദീകരണം നൽകാൻ ഷൈൻ നേരിട്ടെത്തുമെന്ന് പിതാവ് സി പി ചാക്കോ അറിയിച്ചു. എന്നാൽ കുടുംബത്തിന് ഇതേവരെ ഷൈനുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്നും ചാക്കോ പറഞ്ഞു. വിൻസിയുടെ പരാതി സര്‍ക്കാര്‍ അന്വേഷിക്കുമെന്ന് മന്ത്രി സജി ചെറിയാനും സിനിമാ സെറ്റുകളിൽ ലഹരി പരിശോധന കർശനമാക്കുമെന്ന് മന്ത്രി എം ബി രാജേഷും പറഞ്ഞു.
സിനിമാ സംഘടനകളും ഷൈൻ ടോം ചാക്കോയ്ക്കെതിരെ കടുത്ത നടപടിക്ക് ഒരുങ്ങുകയാണ്. താൽക്കാലിക വിലക്കേർപ്പെടുത്താനാണ് ഫിലിം ചേംബറിന്റെ ആലോചന. തിങ്കളാഴ്ച ചേരുന്ന ഫിലിം ചേംബർ യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടായേക്കും. താത്കാലികമായി സിനിമയിൽ നിന്ന് മാറ്റി നിർത്തുക, നന്നാവാൻ ഒരു അവസരം കൂടി നൽകുക എന്നാണ് നിലവിലെ തീരുമാനം. താരസംഘടന അമ്മയിൽ നിന്ന് ഷൈനെ സസ്പെൻഡ് ചെയ്തേക്കും.