fbwpx
VIDEO | എന്താകും ടാരന്‍റീനോയുടെ പത്താം പടം? ഹോളിവുഡിലെ 'സിനിമാ പ്രാന്തന്‍റെ' കഥ
logo

ശ്രീജിത്ത് എസ്

Last Updated : 18 Apr, 2025 11:57 PM

കൾട്ട് എന്ന വാക്കിനോട് ഏറ്റവും നീതി പുലർത്തുന്നത് ക്വിന്റൺ ടാരന്റീനോ ആരാധകരാണ്. അയാൾ അവർക്ക് ഒരുതരം മാനിയ തന്നെയാണ്.

HOLLYWOOD


ഈ ക്വിന്റൺ ടാരന്റീനോ 10-ാമത്തെ പടം കഴിഞ്ഞാൽ പടമെടുപ്പ് നിർത്തുമോ? ചങ്ക് പറി‍ഞ്ഞുപോരുന്ന വേദനയോടെയല്ലാതെ സിനിമ ആരാധകർക്ക് ഈ ചോദ്യത്തെ നേരിടാൻ സാധിക്കില്ല.

ഈ ചോദ്യത്തിന് ആർക്കും അങ്ങനെ കൃത്യമായ ഉത്തരമൊന്നുമില്ല. പക്ഷേ അത്തരമൊരു സാധ്യത ആരും തള്ളിക്കളയാറുമില്ല. കാരണം നമ്മൾ സംസാരിക്കുന്നത് ടാരന്റീനോയെ പറ്റിയാണ്. സംവിധായകന്റെ കുപ്പായം അഴിച്ചു വെച്ച് തനിക്ക് ഏറ്റവും ഇഷ്ടമുള്ള കാണിയുടെ കസേരയിലേക്ക് എന്നന്നേക്കുമായി മാറിയിരിക്കാൻ അയാൾക്ക് മടിയുണ്ടാവില്ല. സെർജിയോ ലിയോൺ പടങ്ങളിലെ ക്ലിന്റ് ഈസ്റ്റ്‌വുഡിന്റെ സ്വാ​ഗിൽ തന്നെ അയാൾ സ്പോട്ട്ലൈറ്റുകളിൽ നിന്ന് നടന്നു നീങ്ങും. കാരണം അയാൾ ഒരു തോന്ന്യാസിയാണ്!!!!!



കൾട്ട് എന്ന വാക്കിനോട് ഏറ്റവും നീതി പുലർത്തുന്നത് ക്വിന്റൺ ടാരന്റീനോ ആരാധകരാണ്. അയാൾ അവർക്ക് ഒരുതരം മാനിയ തന്നെയാണ്. എല്ലാത്തരം സിനിമകളും കാണാനുള്ള പ്രേരണ. എന്തുകൊണ്ട് ഇങ്ങനെയൊരു കൾട്ട് ഫോളോയിങ് ടാരന്റീനോയ്ക്ക് ഉണ്ടാകുന്നു? അപകടകരമായ രീതിയിൽ സിനിമ എഴുതുകയും എടുക്കുകയും ചെയ്യുന്ന സംവിധായകനാണ് അദ്ദേഹം. ഒരുതരം ട്രപ്പീസ് കളി. ഒന്നു ബാലൻസ് തെറ്റിയാൽ സിനിമ അരാഷ്ട്രീയമാകും, തെറ്റിദ്ധരിക്കപ്പെടും, ചിലപ്പോൾ അർഥമില്ലാത്ത വെറും ഡയലോ​ഗുകൾ മാത്രമാകും. ഈ ബാലൻസ് എങ്ങനെയാണ് ടാരന്റീനോ നേടിയത്. സിനിമ കണ്ട് കണ്ട് നേടിയതാണെന്ന് വേണമെങ്കിൽ പറയാം.




ജനിച്ചപ്പൊഴേ അയാളെ സിനിമ തൊട്ടിരുന്നു. 1967 മാർച്ച് 27നാണ് 16കാരിയായ കോണിക്കും 21കാരനായ ടോണിക്കും ഒരു ആൺകുട്ടി ജനിക്കുന്നത്. കുട്ടിക്ക് പേരിടാനായപ്പോൾ കോണിയിലെ സിനിമാപ്രേമി തലപൊക്കി. 60കളിൽ പോപ്പുലറായിരുന്നു ​ഗൺസ്മോക് എന്ന ടിവി പരമ്പരയിൽ ബർ‌ട്ട് റൊണാൾഡ്സ് അവതരിപ്പിച്ച ഇന്ത്യൻ കഥാപാത്രത്തിന്റെ പേര് തന്നെ അവർ കുട്ടിക്കിട്ടു. ക്വിന്റ്.



സിനിമ കണ്ടായിരുന്നു ക്വിന്റിന്റെ വളർച്ച. ആറാം വയസിൽ ദ വൈൽഡ് ബഞ്ച്, എട്ടാം വയസിൽ കാർണൽ‌ നോളേജ്, ഒൻപതിൽ ഡെലിവറൻസ്. അങ്ങനെ സിനിമ കണ്ട് കണ്ട് ക്വിന്റ് ‍വളർന്നു. അവസരം കിട്ടുമ്പോഴൊക്കെ അവൻ‍ തിയേറ്ററിലേക്ക് പാഞ്ഞു. അതുകൊണ്ടാകാം 22-ാം വയസിൽ മാൻഹാട്ടൻ ബീച്ച് വീഡിയോ അർക്കൈവ്സിലെ ജോലി അവൻ തെരഞ്ഞെടുത്തത്. അവിടെവെച്ച് ടാരന്റീനോയ്ക്ക് സിനിമാ പ്രേമിയായ ഒരു സുഹൃത്തിനേയും കിട്ടി, റോജർ ആവറി. അവരാ റെന്റൽ സ്റ്റോറിൽ ഇരുന്ന് ദിവസം മുഴുവൻ സിനിമ കണ്ടു. കസ്റ്റമേഴ്സുമായി സിനിമകളെപ്പറ്റി സംസാരിച്ചു. ഇതിനിടയിൽ തകൃതിയായ സ്ക്രിപ്റ്റ് എഴുത്തും ആക്ടിങ് ക്ലാസിനു പോക്കുമൊക്കെ നടക്കുന്നുണ്ട്. എങ്ങനെയെങ്കിലും ഒരു ഹോളിവുഡ് നടനാകണമെന്ന് ആ​ഗ്രഹിച്ച ടാരന്റീനോ ആ കാലത്ത് ഒരു തട്ടിക്കൂട്ട് സിവി ഉണ്ടാക്കുന്നുണ്ട്. അതിൽ തന്റെ ആക്ടിങ് കരിയറിനെപ്പറ്റി വിശദീകരിക്കുന്ന ഭാ​ഗത്ത് ​ഗൊദാർദിന്റെ കിങ് ലെയറിൽ അഭിനയിച്ചിട്ടുണ്ടെന്നും എഴുതിയിരുന്നു. ഹോളിവുഡിൽ ആർക്കും ​ഗോദാർദിനെയും കിങ് ലെയറിനെയും പരിചയമുണ്ടാവില്ലെന്നതായിരുന്നു അതിനു പിന്നിലെ ന്യായം. 1986ൽ ആക്ടിങ് ക്ലാസിലെ സുഹൃത്ത് ക്രെയ്​ഗ് ഹാമനുമൊത്ത് ടാരന്റീനോ തന്റെ ആദ്യ സ്ക്രിപ്റ്റ് പൂർത്തിയാക്കി. മൈ ബെസ്റ്റ് ഫ്രണ്ട്സ് ബർത്ത്ഡേ. എന്നാൽ ഫിലിം കത്തിപോയതിനാൽ ഇത് പുറത്തുവന്നില്ല.


Also Read: VIDEO | AI ആർട്ട് മാത്രമല്ല GHIBLI; ഹയാവോ മിയാസാക്കിയുടെ മാന്ത്രിക വരകള്‍



1987ൽ എഴുതിയ ട്രൂ റൊമാൻസ് എന്ന സ്ക്രിപ്റ്റ് 50,000 ഡോളറിന് ടാരന്റീനോ വിറ്റു. ഈ പണം ഉപയോ​ഗിച്ച് തന്റെ മൂന്നാമത്തെ സ്ക്രിപ്റ്റായ റിസർവോയർ ഡോ​ഗ്സ് 16 എംഎമ്മിൽ, കൂട്ടുകാരെ അഭിനേതാക്കളാക്കി, ബ്ലാക്ക് ആൻഡ് വൈറ്റിൽ, ഷൂട്ട് ചെയ്യാനായിരുന്നു പദ്ധതി. ഈ സ്ക്രിപ്റ്റ് പലവഴി കറങ്ങി നടൻ ഹാർവി കീറ്റലിന്റെ കയ്യിലെത്തി. സ്ക്രിപ്റ്റ് വായിച്ച ഹാർവി അതിൽ അഭിനയിക്കാമെന്നും കുറച്ച് ഫണ്ടും പോപ്പുലർ കാസ്റ്റിങ്ങും കണ്ടെത്താൻ സഹായിക്കാമെന്നും ഏറ്റു. അങ്ങനെ 1992ൽ റിസർവോയർ ഡോ​ഗ്സ് എന്ന തന്റെ ആദ്യ ചിത്രം ടാരന്റീനോ ചിത്രീകരിച്ചു.



സൺഡാൻസിലെ സ്ക്രീനിങ്ങിൽ പടത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ചിലർ എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചു, ചിലർ ഇറങ്ങിപ്പോയി. ബോക്സ് ഓഫീസലും ആ ചിത്രം വലിയ വിജയമായിരുന്നില്ല. എന്നാൽ കൃത്യം ഒരു മാസത്തിനു ശേഷം കഥ മാറി. ഹീസ്റ്റ് ഇല്ലാത്ത ഹീസ്റ്റ് മൂവി കാണാൻ ആളുകൾ കേട്ടറിഞ്ഞ് തിയേറ്റുകളിലേക്ക് എത്തിത്തുടങ്ങി. കണ്ടിറങ്ങിയ ഓരോരുത്തരുടേയും കാതിൽ ആ സിനിമയുടെ സൗണ്ട് ട്രാക്ക് മുഴങ്ങി. കേട്ട നീളൻ ഡയലോ​ഗുകൾ അവർ ഏറ്റുപറഞ്ഞു. ഒന്നുകൂടി ആ ചിത്രത്തിന്റെയും സംവിധായകന്റെയും പേര് അവർ പറഞ്ഞു പഠിച്ചു- RESERVOIR DOGS WRITTEN AND DIRECTED BY QUENTIN TARANTINO.



ചിത്രത്തിന്റെ വിതരണം മിറാമാക്സ് ഏറ്റെടുത്ത നിമിഷം ഹോളിവുഡിന്റെ ഹോൾ ഓഫ് ഫേമിലേക്ക് ടാരന്റീനോ എന്ന പേരും എഴുതപ്പെട്ടിരുന്നു. പിന്നീടങ്ങോട്ട് പ്രതീക്ഷയോടെ നമ്മൾ ഓരോ ടാരന്റീനോ പടത്തിനായും കാത്തിരുന്നു. പത്ത് പടത്തോടെ സിനിമാ സംവിധാനം നിർത്തുമെന്ന് പറഞ്ഞതോടെ എണ്ണം വെച്ചായി കാത്തിരിപ്പ്.


Also Read: ജെയിംസ് കാമറൂൺ: മുതലാളിത്തത്തെ തിരയില്‍ ചോദ്യം ചെയ്ത ഹോളിവുഡിലെ റെബല്‍


തനതായ സ്റ്റൈൽ നിറഞ്ഞതാണ് ഓരോ ടാരന്റീനോ ഫ്രെയിമും. ഈ ഫ്രയിമുകളുടെ ഭം​ഗി മാത്രമല്ല പ്രേക്ഷകരെ പടത്തിനു മുന്നിൽ കൊരുത്തിടുന്നത്. സാധാരണ നെടുനീളൻ ഡയലോ​ഗുകൾ വരുമ്പോൾ ആളുകൾ കൊട്ടുവായ ഇടാറാണ് പതിവ്. എന്നാൽ എഴുതുന്നത് ടാരന്റീനോ ആണെങ്കിൽ അതങ്ങനാവില്ല. രസകരമായ സംഭാഷണങ്ങളിൽ നിന്നാണ് ടാരന്റീനോ രസകരമായ സന്ദർഭങ്ങളിലേക്ക് കടക്കുക. പൾപ്പ് ഫിക്ഷനിലെ ഡൈനറിലെ ഓപ്പണിങ് സീനും അവിടെനിന്ന് ഷിഫിറ്റ് ചെയ്ത് കയറുന്ന വിൻസെന്റ് വേ​ഗയുടെയും ജൂൾസിന്റെയും കാറിനുള്ളിലെ സീനും ഇതിന് ഉദാഹരണമാണ്. ആംസ്റ്റർഡാമിലെ ഹാഷ് ബാറുകളെക്കുറിച്ചും അമേരിക്കയും യൂറോപ്പും തമ്മിലുള്ള സാംസ്കാരിക വ്യത്യാസങ്ങളെക്കുറിച്ചുമാണ് കാറിനുള്ളിലെ ചർച്ച. എന്തിന്? ഈ ചോദ്യത്തിന് ഇടം നൽകും മുൻപ് അവർ വണ്ടി നിർത്തി ഡിക്കിയിൽ നിന്ന് പിസ്റ്റളുകൾ എടുക്കുന്നു. പിന്നെ സംസാരം മിയ എന്ന നടിയെക്കുറിച്ചാകുന്നു. ആദ്യം കഥയുമായി ഒരു ബന്ധവും തോന്നിക്കാത്ത ഇത്തരം സംസാരങ്ങളാണ് ടാരന്റീനോയുടെ കഥകളിലും കഥാപാത്രങ്ങളിലും ഊർജം നിറയ്ക്കുന്നത്.




സംഭാഷണങ്ങൾ പോലെതന്നെ കഥാപാത്രങ്ങൾക്കും അവരുടെ പരിസരങ്ങൾക്കും എന്തിന്, അവർ ഉപയോ​ഗിക്കുന്ന പ്രോപ്പർട്ടികൾക്കു പോലും കണ്ണിൽപ്പെടത്തക്ക വണ്ണം സവിശേഷതകൾ ഉണ്ടാകും. ഇനി നമ്മൾ കണ്ടില്ലെങ്കിൽ ക്രാഷ് സൂം ചെയ്ത് സംവിധായകൻ അത് നമ്മളെ കാണിച്ചിരിക്കും. ഉദാഹരണത്തിന് കിൽബില്ലിലെ ബ്രൈഡ്, ജാങ്കോ അൺചെയ്‌ന്‍ഡിലെ ജാങ്കോ, റിസർവോയർ ഡോ​ഗ്സിലെ മോഷ്ടാക്കൾ എന്നിവരുടെ കോസ്റ്റ്യും. പിന്നെ, ഇൻ​ഗ്ലോറിയസ്‍ ബാസ്റ്റഡ്സിലെ ഹാൻസ് ലാൻഡയുടെ പൈപ്പ്, കിൽബില്ലിലെ മാസ്റ്റർ പായ് മെയുടെ മീശ. കഥാപാത്രങ്ങൾക്ക് വിഷ്വൽ ഐഡന്റിറ്റി നൽകാനാണ് ഇതുവഴി ടാരന്റീനോ ശ്രമിക്കുന്നത്.





ടാരന്റീനോയുടെ എഡിറ്റിങ്, സിനിമാറ്റോ​ഗ്രഫി, സൗണ്ട് ഡിസൈൻ എന്നിവയുടെ പീക്ക് മൊമന്റായിരുന്നു ഇൻ​ഗ്ലോറിയസ് ബാസ്റ്റഡ്സിന്റെ ഓപ്പണിങ് സീക്വൻസ്. സിനിമാറ്റിക് ടെൻഷൻ എങ്ങനെ ബിൽഡ് ചെയ്യാമെന്നതിന്റെ ഉത്തമ ഉദാഹരണം. ബീത്തോവന്റെ ഫൊർ എലൈസ് പരിഷ്കരിച്ച് എന്നിയോ മോറിക്കോൺ ചിട്ടപ്പെടുത്തിയ ദി വെ‍ർഡിക്ട് എന്ന ട്രാക്കിന്റെ പശ്ചാത്തലത്തിലാണ് ഹാൻസ് ലാൻഡ എന്ന നാസി ആ ഡയറി ഫാമിലേക്ക് എത്തുന്നത്. അയാൾക്ക് ആ ഫാമിൽ ഒരു ജൂത കുടുംബം ഒളിച്ചിരിക്കുന്നുണ്ടോ എന്നറിയണം. അയാൾ ഫാമിനുള്ളിലേക്ക് കടക്കുന്നു. പിന്നീട് അങ്ങോട്ട് ഫ്രഞ്ചിലും ഇം​ഗ്ലീഷിലുമുള്ള ദൈർഘ്യമേറിയ സംഭാഷണമാണ്. ഈ സീൻ 180 ഡി​ഗ്രി ​ബ്രേക്ക് ചെയ്താണ് ടാരന്റീനോ ഷൂട്ട് ചെയ്തിരിക്കുന്നത്. പലപ്പോഴും ഫ്രെയിമിനുള്ളിലെ കഥാപാത്രങ്ങളെ ഒറ്റപ്പെടുത്തി അവർ തമ്മിലുള്ള മാനസിക അകലം പ്രതിഫലിപ്പിക്കുന്ന തരത്തിലാണ് കോമ്പോസിഷൻ. എഡിറ്റർ സാലി മെൻകെ പിരിമുറുക്കം പരമാവധിയാക്കാൻ കട്ടുകൾ മനഃപൂർവ്വം മന്ദഗതിയിലാക്കുന്നു. സസ്‌പെൻസ് വർദ്ധിക്കുന്നതിനനുസരിച്ച് കട്ടുകൾ കൂടുന്നു.  ക്യാമറ ഒടുവിൽ ഫ്ലോർബോർഡുകൾക്ക് താഴെയായി മറഞ്ഞിരിക്കുന്ന ആ ജൂത കുടുംബത്തെ, ലാൻഡെയുടെ ഭാഷയിൽ പറഞ്ഞാൽ എലികളെ കാണിക്കുന്നിടത്ത് നമ്മുടെ അടിവയറ്റിൽ ഒരു പഞ്ച് കിട്ടയ ഫീലാണുണ്ടാവുക.


Also Read: ആ മോഹൻലാൽ ചിത്രം കോപ്പിയായിരുന്നു! കൊമേഴ്ഷ്യൽ സിനിമ സംശയത്തോടെ വീക്ഷിച്ച കൾട്ട് ഫിലിം മേക്കർ സായ് പരാഞ്പെ



അടിമുടി സിനിമ നിറഞ്ഞു നിൽക്കുമ്പോഴും ടാരന്റീനോയിലെ എഴുത്തുകാരനാണ് തലയെടുപ്പ് കൂടുതൽ. അസൂയപ്പെടുത്തുന്ന വഴക്കമാണ് അദ്ദേഹത്തിന് ഭാഷയിലുള്ളത്. അതിങ്ങനെ ചരിത്രവും വർത്തമാനവുമായി ഇഴകിചേർന്നിരിക്കുന്നു. എഴുത്തുപോലെ തന്നെ ടാരന്റീനോയുടെ എഴുത്ത് രീതിയും വ്യത്യസ്തമാണ്. ഒരു സിനിമ എഴുതാൻ തീരുമാനിച്ച് കഴിഞ്ഞാൽ ഉടനെ അടുത്തുള്ള ഒരു സൂപ്പർ മാർക്കറ്റിലേക്ക് പോകും. എന്നിട്ട് കറുപ്പും ചുവപ്പും നിറമുള്ള ഫ്ലെയർ പേനകളും ഒരു നോട്ട് ബുക്കും വാങ്ങിക്കും. ഇതാണ് എഴുത്ത് സാമ​ഗ്രികൾ. പകലാണ് എഴുത്ത്. 10 മണിക്ക് തുടങ്ങിയാൽ ഒരു എഴുമണി വരെ അത് നീളും. എഴുത്ത് നിർത്തുന്നതിന് മുൻപ് നാളെ എവിടെ തുടങ്ങണമെന്ന് നോട്ടുകൾ കുറിച്ചിടും. ആ ദിവസത്തെ എഴുത്ത് കഴിഞ്ഞാൽ നേരെ പൂളിലേക്ക് ഇറങ്ങും. നീന്തലിനിടയിൽ കഥയും കഥാപാത്രങ്ങളുമാകും മനസുനിറയേ.

കൈ നീങ്ങി, കാൽ അകറ്റി...എന്നിങ്ങനെയുള്ള ഒരു മെക്കാനിക്കൽ എഴുത്തുരീതിയല്ല ടാരന്റീനോയുടേത്. ഒരു നോവലിസ്റ്റിന്റെ മനസോടെയാണ് ടാരന്റീനോ സ്ക്രിപ്റ്റ് എഴുതുക. ചാപ്റ്ററുകൾ തിരിച്ച്, ഒരോ പേജും വായനായോഗ്യമാണെന്ന് ഉറപ്പ് വരുത്തുന്ന എഴുത്ത്. നേരെ ബ്ലാങ്ക് പേജിലേക്ക് കടക്കുകയായിരിക്കും, കഥ പിന്നെ കൊണ്ടുപോകുന്നത് കഥാപാത്രങ്ങളാകും. എഴുത്തിൽ മാത്രമല്ല ഷൂട്ടിങ്ങിലും ടാരന്റിനോയ്ക്ക് ചില നിഷ്ഠകളുണ്ട്. സിനിമയുടെ മാജിക് നഷ്ടപ്പെടാതിരിക്കാൻ ഫിലിമിൽ മാത്രമേ അദ്ദേഹം പടങ്ങൾ എടുക്കാറുള്ളു. പോൾ തോമസ് അൻഡേഴ്സൺ, ടാരന്റിനോ പോലുള്ള ചുരുക്കം പേർക്കു മാത്രമേ ഈ സൗകര്യം സ്റ്റുഡിയോകൾ നൽകാറുള്ളു...അവരുടെ ഫിലിം മേക്കിങ്ങിൽ അതത്ര പ്രധാനപ്പെട്ടതാണ്.



Also Read: അരവിന്ദന്‍ ഒരുക്കിയ വലിയ മനുഷ്യരുടെ തമ്പ്


വളരെ ഓർ​ഗാനിക് ആയി സിനിമ എഴുതുകയും ഷൂട്ട് ചെയ്യുകയും ചെയ്യുന്ന ടാരന്റീനോയെ ആദ്യ പടം മുതൽ പിന്തുടരുന്നത് രണ്ട് വിമർശനങ്ങളാണ്. ഒന്ന് വയലൻസിന്റെ അതിപ്രസരമാണെങ്കിൽ രണ്ട് കറുത്ത വംശജരെ അധിക്ഷേപിക്കുന്നുവെന്നാണ്. ഇതിന് രണ്ടിനും ടാരന്റീനോ മറുപടിയും നൽകിയിട്ടുണ്ട്. സിനിമയിലെ വയലൻസിനെ വെറും വിനോദോപാധിയായിട്ടാണ് താൻ കാണുന്നതെന്നാണ് ടാരന്റിനോ ആവർത്തിച്ച് പറയുന്നത്. ക്യത്യമായി സ്റ്റേജ് ചെയ്താൽ പ്രേക്ഷകരുടെ ഉള്ളിലെ വികാരങ്ങൾ പുറന്തള്ളാൻ സഹായിക്കുന്ന മീഡിയമായിട്ടാണ് വയലൻസിനെ അദ്ദേഹം വിശേഷിപ്പിക്കുന്നത്. ടാരന്റീനോയ്ക്ക് അത് ശരിയാകുമ്പോൾ തന്നെ മറ്റ് പലർക്കും വയലൻസിനെ സ്ക്രീനിലേക്ക് എത്തിക്കുമ്പോൾ പാളിപോകാറുണ്ട്. ഇത്തരം കാര്യങ്ങൾക്ക് കൈയ്യൊതുക്കം അത്യന്താപേക്ഷികമാണ്.


വർണവെറിയാണ് ടാരന്റീനോ നേരിടുന്ന മറ്റൊരു ആരോപണം. കറുത്ത വംശജരായ കഥാപാത്രങ്ങൾക്ക് നേരെ എൻ-വേഡ് ഉപയോ​ഗിക്കുന്ന പ്രവണത. ആധികാരികതയെക്കാൾ ചൂഷണമാണ് ഇതിലുള്ളതെന്നാണ് സ്പൈക് ലീയെ പോലുള്ള സംവിധായകർ പറയുന്നത്. കറുത്തവരുടെ വേദനയും ഐഡന്റിറ്റിയും ഉപയോഗിക്കുന്നത് അതിന്റെ പിന്നിലെ യാതനകളെ മനസിലാക്കാതെ, കേവലം ഷോക്ക് വാല്യൂവിനോ സ്റ്റൈലിസ്റ്റിക് ഫ്ലെയറിനോ വേണ്ടിയാണെന്നാണ് ആരോപണം. കറുത്തവന്റെ രക്ഷകനായി ഒരു വെളുത്തവൻ എത്തുന്നതാണ് ജാങ്കോ അൺചെയിൻഡ് എന്നും, സിനിമ തന്റെ പൂർവികരെ അപമാനിക്കുന്നതാണെന്നും ലീ പറഞ്ഞു. ബ്ലാക്സ്പ്ലോയിറ്റേഷൻ സിനിമകളിൽ നിന്നും ക്രെഡിറ്റ് വയ്ക്കാതെ കടമെടുത്തതാണ് ജാക്കി ബ്രൗൺ പോലുള്ള സിനിമകളിലെ സ്റ്റൈലും മ്യൂസിക്കുമെന്നും വിമർശനമുണ്ട്. തന്റെ ഒരു കഥാപാത്രം റേസിസ്റ്റാണെങ്കിൽ അയാളുടെ ഭാഷയെ ശുദ്ധീകരിക്കാൻ താൻ ശ്രമിക്കില്ലെന്നും അങ്ങനെ ചെയ്താൽ അത് യാഥാർഥ്യമാകില്ലെന്നുമാണ് ടാരന്റീനോ ഈ ആരോപണങ്ങൾക്ക് നൽകിയ മറുപടി.





നമുക്ക് ആ പത്താമത്തെ പടത്തിലേക്ക് തിരിച്ചെത്താം. 60കളിലെ ഹോളിവുഡിന് ട്രിബ്യൂട്ട് കൊടുത്ത വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ് ആയിരുന്നു ടാരന്റീനോയുടെ ഒൻപതാമത്തെ സിനിമ. അതിനു ശേഷം അതേ പേരിൽ ടാരന്റീനോ ഒരു നോവൽ പുറത്തിറക്കി. അടുത്തതായി പ്രശസ്ത ഫിലിം ക്രിട്ടിക് പൗളീൻ കീലിന്റെ കഥ മൂവി ക്രിട്ടിക് എന്ന പേരിൽ സിനിമയാക്കാൻ പോകുന്നുവെന്ന തരത്തിൽ റൂമറുകൾ വന്നു. അതങ്ങനെ ബലപ്പെട്ട് വന്ന് ഒരു ദിവസം ഒന്നുമല്ലാതെയായി. കിൽ ബിൽ 3 ആയിരിക്കും അവസാന പടം എന്നും കഥകൾ വന്നു. അയാൾ ഒരു നാടകം എഴുതുകയാണെന്നാണ് പിന്നെ വന്ന വാർത്ത. ഏറ്റവും ഒടുവിൽ പറഞ്ഞു കേൾക്കുന്നത് വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡിലെ ബ്രാഡ് പിറ്റിന്റെ ക്ലിഫ് ബൂത്ത് എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ച് ഒരു സ്ക്രിപ്റ്റ് തയ്യാറാക്കുന്നുവെന്നാണ്. പക്ഷേ നെറ്റ്ഫ്ലികിസിന് വേണ്ടി അത് സംവിധാനം ചെയ്യുക ടാരന്റീനോ ആയിരിക്കില്ല. ഡേവിഡ് ഫിഞ്ചറായിരിക്കും. ഫിഞ്ചർ മികച്ച ഒരു സംവിധായകനാണ്. പക്ഷേ...ടാരന്റീനോയും ഫിഞ്ചറും, ഇവർ രണ്ട് പേരും രണ്ട് ധ്രുവങ്ങളിൽ നിൽക്കുന്നവരാണ്. ഫിഞ്ചറിന് വേണ്ടി ടാരന്റിനോ തന്റെ സി​ഗ്നേച്ചർ സ്റ്റൈൽ മാറ്റുമോ? സംശയമാണ്.



വീണ്ടും ചോദ്യങ്ങൾ ബാക്കിയാവുന്നു. എന്നാണ് Tarantino's tenth film എന്ന് സ്ക്രീനിൽ തെളിയുക? അതെന്നായാലും, ഒരു കാര്യം ഉറപ്പാണ്. അതിൽ കൊടിയ വയലൻസുണ്ടാകും, നെടുനീളൻ ഡയലോഗുകളുണ്ടാകും... കഥാപാത്രങ്ങൾ ആരുടേയും അനുമതി തേടാതെ കാൽപാദങ്ങൾ ഫ്രെയിമിലേക്ക് കയറ്റി വയ്ക്കും. കാത്തിരിക്കുകയാണ്, ടാരന്റിനോയുടെ ആ പത്താം വരവിനായി. കാണികളുമായുള്ള മെക്സിക്കൻ സ്റ്റാൻഡ് ഓഫിനായി.

KERALA
ഇനി ഓടാനാകില്ല; ഷൈൻ ടോം ചാക്കോ അറസ്റ്റിൽ
Also Read
user
Share This

Popular

WORLD
WORLD
WORLD
ഫാത്തിമ ഹസൂന | 'ലോകം കേള്‍ക്കുന്ന മരണം; കാല-ദേശങ്ങള്‍ക്ക് കുഴിച്ചുമൂടാനാകാത്ത ചിത്രം'; ഗാസയിലെ കണ്ണുകള്‍ അടഞ്ഞു