fbwpx
ഷൈന്‍ ടോം ചാക്കോ; കേരളത്തിലെ ആദ്യ കൊക്കെയ്ന്‍ കേസ് മുതല്‍ രാത്രി ഓട്ടം വരെ
logo

അശ്വിൻ നാഥ്

Last Updated : 19 Apr, 2025 02:51 PM

ദീര്‍ഘകാലം കമലിനൊപ്പം സഹസംവിധായകനായി പ്രവര്‍ത്തിച്ച ശേഷം 2011ല്‍ ഗദ്ദാമയിലൂടെയാണ് ഷൈന്‍ അഭിനയരംഗത്തേക്ക് വരുന്നത്. പിന്നീട് ഷൈന്‍ പ്രശസ്തനാവുന്നത് അഭിനയത്തിനായിരുന്നില്ല. ആദ്യമായി നായകവേഷത്തിൽ അഭിനയിച്ച ഇതിഹാസ എന്ന ചിത്രം വന്‍ ഹിറ്റായ സമയത്തായിരുന്നു ഷൈനിനെ ആദ്യമായി പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

KERALA


ലഹരി പരിശോധനയ്‌ക്കിടെ നടന്‍ ഷൈന്‍ ടോം ചാക്കോ ഇറങ്ങിയോടിയ സംഭവവും ഡാൻസാഫ് സംഘം അദ്ദേഹത്തെ അറസ്റ്റ് ചെയ്തതുമാണ് ഇപ്പോള്‍ വാർത്തകളിൽ നിറയുന്നത്. കഴിഞ്ഞ ദിവസം രാത്രിയോടെ എറണാകുളത്തെ സ്വകാര്യ ഹോട്ടലില്‍ നിന്നാണ് ഷൈന്‍ ഇറങ്ങിയോടിയത്. സിനിമാ സെറ്റിലെ ലഹരി ഉപയോഗത്തെ പറ്റി നടി വിന്‍സി അലോഷ്യസ് നല്‍കിയ പരാതിയെ തുടർന്നായിരുന്നു ഡാന്‍സാഫ് പരിശോധന.

നടി വിന്‍സി അലോഷ്യസിന്റെ പരാതി വിവാദമായതിന് പിന്നാലെയാണ് ഷൈന്‍ ടോം ചാക്കോയുടെ പേര് ലഹരിയുമായി ബന്ധപ്പെട്ട് വീണ്ടും വാര്‍ത്തകളില്‍ ഇടം നേടിയത്. ലഹരിക്കെതിരായ പരിപാടിയിലെ വിന്‍സിയുടെ പ്രസ്താവനയോടെയാണ് തുടക്കം. ലഹരി ഉപയോഗിക്കുന്നതായി തനിക്ക് ബോധ്യമുള്ളവര്‍ക്കൊപ്പം അഭിനയിക്കില്ലെന്നായിരുന്നു നടിയുടെ പ്രസ്താവന. ഒപ്പം അഭിനയിക്കുന്ന നടന്‍ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറി. ഈ ദുരനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം അഭിനയിക്കില്ലെന്ന് പറഞ്ഞതെന്നും നടി പിന്നീട് വ്യക്തമാക്കി. നടൻ്റെ പേര് വെളിപ്പെടുത്താതെയാണ് കൂടുതല്‍ വിശദാംശങ്ങള്‍ നടി പങ്കുവച്ചത്. തുടര്‍ന്ന് പരാതി നല്‍കിയതോടെയാണ് നടന്‍ ഷൈന്‍ ആണെന്ന് പുറംലോകമറിഞ്ഞത്.

സിനിമാ മേഖലയും ലഹരി ഉപയോഗവും ഇതാദ്യമായല്ല ചര്‍ച്ചയാവുന്നത്. അവിടെയും ഷൈന്‍ ടോം ചാക്കോയുടെ പേര് പരാമര്‍ശിക്കാതിരിക്കാനാവില്ല. ദീര്‍ഘകാലം കമലിനൊപ്പം സഹസംവിധായകനായി പ്രവര്‍ത്തിച്ച ശേഷം 2011ല്‍ ഗദ്ദാമയിലൂടെയാണ് ഷൈന്‍ അഭിനയരംഗത്തേക്ക് വരുന്നത്. പിന്നീട് ഷൈന്‍ പ്രശസ്തനാവുന്നത് അഭിനയത്തിനായിരുന്നില്ല. ആദ്യമായി നായകവേഷത്തിൽ അഭിനയിച്ച ഇതിഹാസ എന്ന ചിത്രം വന്‍ ഹിറ്റായ സമയത്തായിരുന്നു ഷൈനിനെ ആദ്യമായി പൊലീസ് അറസ്റ്റ് ചെയ്യുന്നത്.


2015 ജനുവരി 31ന് കൊച്ചി കടവന്ത്രയിലെ ഒരു അപ്പാര്‍ട്ട്മെൻ്റിൽ നിന്നായിരുന്നു ഷൈനിനെയും സുഹൃത്തുക്കളെയും കൊക്കെയ്ന്‍ കൈവശം വെച്ചതിന് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ റെയ്ഡിനിടെയാണ് ഷൈന്‍ അറസ്റ്റിലാവുന്നതെന്നായിരുന്നു പൊലീസ് പറഞ്ഞത്. നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് ആക്ട് പ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തിയായിരുന്നു ഷൈനിനെതിരെ പൊലീസ് കേസെടുത്തത്. കേരളത്തിലെ ആദ്യത്തെ കൊക്കെയ്ന്‍ കേസായിരുന്നു ഇത്.


Also Read;ഡാന്‍സാഫിനെ വെട്ടിച്ച് ഓട്ടം; നാളെ ഹാജരാകാന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് പൊലീസ് നോട്ടീസ്


ഈ കേസില്‍ ഷൈന്‍ ഉള്‍പ്പെടെ നാല് പേരെ രണ്ട് മാസം മുൻപേ വിചാരണ കോടതി കുറ്റവിമുക്തരാക്കിയിരുന്നു. അടുത്തിടെ കേസിലെ കോടതി ഉത്തരവിൻ്റെ പകര്‍പ്പ് പുറത്തുവന്നിരുന്നു. കേസ് സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നാണ് വിചാരണ കോടതി ഉത്തരവില്‍ പറയുന്നത്. പിടിച്ചെടുത്ത കൊക്കെയ്ന്‍ ഘടകങ്ങള്‍ വേര്‍തിരിച്ച് പരിശോധിച്ചില്ലെന്നും കോടതി പറഞ്ഞു. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയതെന്ന വാദം പൊലീസ് പെട്രോളിങ് സംഘം കോടതിയില്‍ തള്ളിപ്പറയുകയും ചെയ്തിരുന്നു.

ലഹരി ഉപയോഗത്തിന്റെ പേരില്‍ മാത്രമല്ല ഷൈന്‍ വാര്‍ത്തകളിലും സമൂഹമാധ്യമങ്ങളിലും ട്രോളുകളിലും നിറഞ്ഞു നിന്നിരുന്നത്. ഫോണെടുത്ത് എറിയല്‍, മാധ്യമ പ്രവര്‍ത്തകരെ കാണുമ്പോഴുള്ള ഓട്ടം, അഭിമുഖങ്ങളിലും മറ്റുമുള്ള വിചിത്രമായ പെരുമാറ്റവുമെല്ലാം അതിന് കാരണമായിരുന്നു. ഒരിക്കൽ ദുബായില്‍ നിന്നും കേരളത്തിലേക്കുള്ള വിമാനത്തിൻ്റ കോക്‌പിറ്റില്‍ കയറാനുള്ള ശ്രമവും ഷൈനിനെ കുപ്രസിദ്ധനാക്കി. കളികാര്യമായെന്ന് പറയുംപോലെ ആ തമാശ വലിയ വിഷയമായി മാറി. എയര്‍ലൈന്‍സ് അധികൃതര്‍ നടനെ വിമാനത്തില്‍ നിന്നും പുറത്താക്കുന്നത് വരെ കാര്യങ്ങളെത്തി.

അടുത്തിടെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ പിടികൂടിയ പ്രതി തസ്ലീമയുടെ മൊഴിയിലും ഷൈന്‍ ടോം ചാക്കോയുടെ പേര് ഉയര്‍ന്നു വന്നിരുന്നു. ഷൈനും ശ്രീനാഥ് ഭാസിക്കും വേണ്ടിയാണ് ലഹരി വസ്തുക്കള്‍ കടത്തിയതെന്നായിരുന്നു പ്രതി പറഞ്ഞത്. ഗുണ്ട നേതാവായ ഓം പ്രകാശിനെയും, കൂട്ടാളിയായ ഷിഹാസിനെയും കുണ്ടന്നൂരിലെ ക്രൗണ്‍ പ്ലാസ ഹോട്ടലിലെ സ്വകാര്യ പാര്‍ട്ടിക്കിടെ പൊലീസിന്റെ മിന്നല്‍ റെയ്ഡില്‍ പിടികൂടിയ സംഭവത്തിലും ഷൈൻ ടോം ചാക്കോയുടെ പേര് ഉയർന്നു. നാല് ലിറ്റര്‍ വിദേശമദ്യവും കൊക്കെയ്ന്‍ പൗഡറുമായാണ് ഇവരെ പിടികൂടിയത്. പ്രസ്തുത പാര്‍ട്ടിയില്‍ യുവസിനിമ താരങ്ങളായ ശ്രീനാഥ് ഭാസിയും, പ്രയാഗാ മാര്‍ട്ടിനും ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞിരുന്നു. കേസിൽ ഷൈനിന് പങ്കുണ്ടെന്നായിരുന്നു പൊലീസ് നിഗമനം.


Also Read;'പൂർണമായും വിച്ഛേദിച്ചിരിക്കുന്നു'; നിലമ്പൂ‍ർ‌ ഉപതെരഞ്ഞെടുപ്പിൽ UDF സ്ഥാനാർഥിയെ പ്രഖ്യാപിക്കും വരെ പത്രമാധ്യമങ്ങളുമായി ആശയവിനിമയമില്ലെന്ന് അന്‍വർ


മലയാള സിനിമയിൽ ഷൂട്ടിങ്ങ് സെറ്റുകളിലെ ലഹരി ഉപയോഗത്തെ കുറിച്ച് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലും പരാമര്‍ശിച്ചിരുന്നു. സിനിമയില്‍ ലഹരി മാഫിയ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന തരത്തിലാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. മദ്യപിച്ചോ ലഹരി ഉപയോഗിച്ചതിനോ ശേഷമാണ് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ നടക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. യുവതാരങ്ങള്‍ക്കിടയില്‍ ലഹരി ഉപയോഗം വ്യാപകമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതെല്ലാം ശരിയാണെന്ന് കാണിക്കുന്ന തരത്തിലുള്ള കാര്യങ്ങളാണ് കഴിഞ്ഞ കുറച്ച് നാളുകളായി സിനിമാ മേഖലയുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകളില്‍ നിറയുന്നത്.


സിനിമാ മേഖലയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട നല്ലൊരു ശതമാനം ആരോപണങ്ങളിലും, കേസുകളിലുമെല്ലാം ഷൈൻ ടോം ചാക്കോയുടെ പേര് പരാമർശിച്ചിരുന്നതായി കാണാം. യുവ നടീ-നടന്മാർ മാത്രമല്ല, ടെക്നീഷ്യന്മാരും ഉൾപ്പെടെ സിനിമയിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പല വ്യക്തികളും സെറ്റുകളിൽ ലഹരി ഉപയോഗിക്കുന്നുണ്ടെന് പൊലീസ് സംശയിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണ്.


മുൻ കാലങ്ങളിലെ കേസുകളും നിലവിലെ ഒളിവിൽപ്പോക്കുമെല്ലാം ഷൈൻ ടോം ചാക്കോയെ വീണ്ടും വിവാദ നായകനാക്കി മാറ്റിയിരിക്കുകയാണ്. ചലച്ചിത്രപ്രവർത്തകരടക്കം നിരവധിപ്പേർ നടനെതിരായി രംഗത്തുവന്നു കഴിഞ്ഞു. ഈ വിഷയത്തിൽ സിനിമാ സംഘടനകൾ എന്തു നടപടി സ്വീകരിക്കുമെന്നതും പ്രധാനമാണ്. അന്വേഷണം ശക്തമാക്കിയിരിക്കുന്ന സാഹചര്യത്തിൽ ഷൈൻ ടോം ചാക്കോയ്ക്ക് കടുത്ത നടപടികൾ തന്നെ നേരിടേണ്ടതായി വന്നേക്കാം.


Also Read
user
Share This

Popular

WORLD
WORLD
WORLD
ഫാത്തിമ ഹസൂന | 'ലോകം കേള്‍ക്കുന്ന മരണം; കാല-ദേശങ്ങള്‍ക്ക് കുഴിച്ചുമൂടാനാകാത്ത ചിത്രം'; ഗാസയിലെ കണ്ണുകള്‍ അടഞ്ഞു