പ്രതികളെ തിരിച്ചറിഞ്ഞിട്ടും അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറാകുന്നില്ലെന്നാണ് പരിക്കേറ്റ മുഹമ്മദ് ലബീബിൻ്റെ ആരോപണം
കോഴിക്കോട് താമരശേരിയിൽ ടൂറിസ്റ്റ് ഹോം ജീവനക്കാരനേയും, സുഹൃത്തിനേയും ലഹരി മാഫിയകൾ ആക്രമിച്ച സംഭവത്തിൽ പ്രതികളെ പൊലീസ് സംരക്ഷിക്കുന്നതായി ആരോപണം. സംഭവം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും പൊലീസ് പ്രതികളെ പിടികൂടുന്നില്ലെന്ന ആക്ഷേപമാണ് പരാതിക്കാർ ഉയർത്തുന്നത്. പ്രതികളെ തിരിച്ചറിഞ്ഞിട്ടും അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറാകുന്നില്ലെന്ന് പരിക്കേറ്റ മുഹമ്മദ് ലബീബ് ആരോപിച്ചു.
ഏപ്രിൽ മൂന്നിന് രാത്രി 11.30 ഓടെയാണ് കേസിനാസ്പദമായ സംഭവം. താമരശേരി കാരാടിയിലെ മൗണ്ടൻ വ്യൂ ടൂറിസ്റ്റ് ഹോമിൻ്റെ വരാന്തയിൽ വെച്ച് പ്രതികൾ രാത്രിയിൽ മദ്യപാനം നടത്തി. ഇത് ചോദ്യം ചെയ്തതിനെ തുടർന്ന് ടൂറിസ്റ്റ് ഹോം ജീവനക്കാരനെ മർദിക്കുകയും, തടയാൻ ശ്രമിച്ച സുഹൃത്തും താമരശേരി കോടതിയിലെ ജൂനിയർ അഭിഭാഷകനുമായ മുഹമ്മദ് ലബീബിനെ മാരക ആയുധമുപയോഗിച്ച് കൈ തല്ലിയൊടിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ പ്രതികളായ തിരിച്ചറിഞ്ഞ മൂന്നു പേരെയും, കണ്ടാൽ അറിയുന്ന മറ്റു രണ്ടു പേരെയും ഇതുവരെ അറസ്റ്റു ചെയ്യാൻ പൊലീസ് തയ്യാറാവുന്നിലെന്ന് പരിക്കേറ്റ ലബീബ് പറയുന്നു.
ജാമ്യമില്ലാ വകുപ്പായ ബിഎൻഎസ് 118 (2),110 തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടെ ചേർത്താണ് പ്രതികൾക്കെതിരെ കേസെടുത്തിരുന്നത്. പ്രതികളിൽ ഒരാളുടെ വീട് പൊലീസ് സ്റ്റേഷന് തൊട്ടുപിന്നിലും, മറ്റുള്ളവർ പൊലീസ് സ്റ്റേഷനിൽ നിന്നും 200 മീറ്ററിനു ഉള്ളിലും താമസിക്കുന്നവരാണ്. സംഭവ സമയത്തെ സിസിടിവി ദൃശ്യങ്ങളും ആക്രമത്തിന് ഉപയോഗിച്ച വാളും, വാഹനങ്ങളുടെ നമ്പറുമെല്ലാം പൊലീസിന് കൈമാറിയിരുന്നു. എന്നിട്ടും നടപടിയില്ലെന്നാണ് ആക്ഷേപം.