ഇത് ഫെഡറൽ നിയമത്തിൻ്റെ ലംഘനമാണെന്നാണ് അറ്റോണിമാരുടെ വാദം
ലക്ഷക്കണക്കിന് വരുന്ന അമേരിക്കൻ ജനതയുടെ ട്രഷറി വകുപ്പിലെ സാമ്പത്തിക വിവരങ്ങൾ പരിശോധിക്കുന്നതിൽ നിന്നും മസ്കിൻ്റെ ഡോജിനെ വിലക്കി കോടതി. ഇതിനകം ശേഖരിച്ച വിവരങ്ങൾ നശിപ്പിക്കണമെന്നും യുഎസ് ഡിസ്ട്രിക്റ്റ് കോടതി ജഡ്ജ് പോൾ എംഗൽമയർ ഉത്തരവിട്ടു.
വിവരങ്ങൾ ശേഖരിക്കാൻ മസ്കിന് അനുമതി നൽകിയതിന് പിന്നാലെ 19 സ്റ്റേറ്റ് അറ്റോണിമാരാണ് കോടതിയെ സമീപിച്ചത്. ഔദ്യോഗികമായി സർക്കാർ വകുപ്പല്ലാത്ത ഡോജിനും പ്രത്യേക ജീവനക്കാരനുമായ മാസ്കിനും എങ്ങനെയാണ് വിവരം നൽകാനുകയെന്ന് അറ്റോണിമാർ കോടതിയിൽ വാദിച്ചു. ഇത് ഫെഡറൽ നിയമത്തിൻ്റെ ലംഘനമാണെന്നാണ് അറ്റോണിമാരുടെ വാദം.
ALSO READ: 2025 ലെ ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ട് സിംഗപ്പൂരിന്റേത്; ഇന്ത്യ പട്ടികയിൽ 80-ാം സ്ഥാനത്ത്
അരിസോണ, കാലിഫോർണിയ, കൊളറാഡോ, കണക്റ്റിക്കട്ട്, ഡെലവെയർ, ഹവായ്, ഇല്ലിനോയിസ്, മെയ്ൻ, മേരിലാൻഡ്, മസാച്യുസെറ്റ്സ്, മിനസോട്ട, നെവാഡ, ന്യൂജേഴ്‌സി, നോർത്ത് കരോലിന, ഒറിഗോൺ, റോഡ് ഐലൻഡ്, വെർമോണ്ട്, വിസ്കോൺസിൻ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള അറ്റോർണി ജനറൽമാരുടെ പിന്തുണയോടെയാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്.
പുതിയ പ്രസിഡന്റ് അധികാരമേറ്റ ജനുവരി 20 മുതൽ അനുവാദമില്ലാതെ സോഷ്യൽ സെക്യൂരിറ്റി നമ്പറുകൾ, നികുതി വിശദാംശങ്ങൾ പോലുള്ള സെൻസിറ്റീവ് വ്യക്തിഗത വിവരങ്ങൾ ഡൗൺലോഡ് ചെയ്തിട്ടുള്ള ആരെങ്കിലും ആ വിവരങ്ങൾ സംരക്ഷിക്കുന്നതും ദുരുപയോഗം ചെയ്യുന്നതും തടയണമെന്നും പോൾ എംഗൽമയർ ഉത്തരവിട്ടു. ഫെബ്രുവരി 14 നാണ് കേസിലെ അടുത്ത വാദം.
സർക്കാരിനുള്ളിലെ അനാവശ്യ ചെലവുകൾ തിരിച്ചറിയുന്നതിനും ഇല്ലാതാക്കുന്നതിനുമാണ് ഡോജിക്ക് രൂപം നൽകിയത്. സർക്കാർ പരിപാടികൾ കാര്യക്ഷമമാക്കുക, അനാവശ്യ ചെലവുകൾ കുറയ്ക്കുക, നികുതിദായകരുടെ പണം കൂടുതൽ ഫലപ്രദമായി ചെലവഴിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നിവയാണ് ഡോജിന്റെ ലക്ഷ്യം.