ഷഹബാസിന്റെ മരണത്തിനു മുൻപ് തന്നെ പ്രദേശത്ത് വിദ്യാർഥി സംഘർഷം ഉണ്ടായിരുന്നു, എന്നാൽ ഇത് സിപിസി കൃത്യമായി കൈകാര്യം ചെയ്തില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു
കോഴിക്കോട് താമരശേരി ഷഹബാസിന്റെ കൊലപാതകത്തിൽ ചൈൽഡ് പ്രൊട്ടക്ഷൻ കമ്മറ്റിക്ക് (സിപിസി) ഗുരുതര വീഴ്ചയുണ്ടായെന്ന് ബാലാവകാശ കമ്മീഷൻ റിപ്പോർട്ട്. ഷഹബാസിന്റെ മരണത്തിനു മുൻപ് തന്നെ പ്രദേശത്ത് വിദ്യാർഥി സംഘർഷം ഉണ്ടായിരുന്നു, എന്നാൽ ഇത് സിപിസി കൃത്യമായി കൈകാര്യം ചെയ്തില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. സിപിസി വീഴ്ച്ച സ്ഥിരീകരിച്ച് ബാലാവകാശ കമ്മീഷൻ പൊലീസിന് റിപ്പോർട്ട് കൈമാറി.
കുട്ടികളുടെ സംരക്ഷണത്തിന് തദ്ദേശീയ അടിസ്ഥാനത്തിലുള്ള കമ്മറ്റിയാണ് ചൈൽഡ് പ്രൊട്ടക്ഷൻ കമ്മറ്റി. കമ്മിറ്റിയുടെ വീഴ്ചകളാണ് ഇപ്പോൾ പുറത്തുവരുന്നത്. കഴിഞ്ഞവർഷം ഡിസംബറിൽ ചേർന്ന അവസാന സിപിസി യോഗത്തിൽ പൊലീസിനെയും എക്സൈസിനെയും സാമൂഹികനീതി വകുപ്പ് പ്രതിനിധികളെയും പങ്കെടുപ്പിച്ചിരുന്നില്ലെന്ന് ബാലാവകാശ കമ്മീഷൻ്റെ റിപ്പോർട്ടിൽ പറയുന്നു.
സംഭവത്തിൽ ബാലാവകാശ കമ്മീഷൻ നേരത്തെ കേസെടുത്തിരുന്നു. സങ്കടകരമായ ഇത്തരം സംഭവങ്ങൾ ഉണ്ടാവാതിരിക്കാൻ അവയ്ക്ക് പരിഹാരം ഉണ്ടാക്കാൻ വീടുകളും സ്കൂളുകളും പൊതുസമൂഹവും മുന്നിട്ടിറങ്ങണമെന്നും കമ്മീഷൻ ചെയർമാൻ അഡ്വക്കറ്റ് മനോജ് കുമാർ പറഞ്ഞിരുന്നു. സ്വകാര്യ ട്യൂഷൻ സെൻ്ററിലെ ഫെയർവെൽ പാർട്ടിക്കിടെയുണ്ടായ തർക്കമാണ് സംഘർഷത്തിലേക്കും ഷഹബാസിൻ്റെ മരണത്തിലേക്കും എത്തിച്ചത്.
ഫെബ്രുവരി 28നാണ് വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടിയതിനെ തുടർന്ന് പത്താം ക്ലാസുകാരനായ ഷഹബാസിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. മാർച്ച് ഒന്നിന് പുലർച്ചയോടെയാണ് ഷഹബാസിൻ്റെ മരണം സ്ഥിരീകരിച്ചത്. സംഘർഷത്തിൽ ഷഹബാസിൻ്റെ തലയോട്ടി തകർന്നുവെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നത്. അടിയുടെ ആഘാതത്തിൽ തലച്ചോർ ഇളകിപോയ നിലയിലായിരുന്നെന്നാണ് ഡോക്ടർമാർ പറഞ്ഞത്. കോമ സ്റ്റേജിലായിരുന്ന ഷഹബാസ് വെൻ്റിലേറ്ററിൻ്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. പിന്നീട് മരണം സ്ഥിരീകരിക്കുകയായിരുന്നു.