fbwpx
ദിവ്യയുടേത് വ്യക്തിഹത്യയെന്ന് പ്രോസിക്യൂഷൻ, ആത്മഹത്യക്ക് കാരണമാകുന്ന പരാമർശങ്ങളില്ലെന്ന് ദിവ്യ; മുൻ‌കൂർ ജാമ്യഹർജിയിൽ വിധി 29ന്
logo

ന്യൂസ് ഡെസ്ക്

Last Updated : 25 Oct, 2024 07:09 AM

പത്താം തരത്തിൽ പഠിക്കുന്ന മകളും രോഗിയായ പിതാവും ഉണ്ടെന്നും സ്ത്രീയെന്ന പരിഗണന നൽകി ജാമ്യം വേണമെന്നും ദിവ്യ വാദിച്ചു

KERALA


എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ പി.പി. ദിവ്യയുടെ മുൻ‌കൂർ ജാമ്യഹർജിയിൽ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ചൊവ്വാഴ്ച വിധി പറയും. യാത്രയയപ്പ് ചടങ്ങിൽ ആത്മഹത്യക്ക് കാരണമാകുന്ന പരാമർശങ്ങൾ ഇല്ലെന്ന് ദിവ്യ കോടതിയിൽ വാദിച്ചു. പൊതുപ്രവർത്തക എന്ന നിലയിൽ അഴിമതിക്കെതിരായ നിലപാടിൻ്റെ ഭാഗമായാണ് നവീൻ ബാബുവിനെതിരായ ആരോപണം പരസ്യമായി ഉന്നയിച്ചതെന്നും പി.പി. ദിവ്യ പറഞ്ഞു. 

പ്രശാന്തൻ്റെയും ഗംഗാധരൻ്റെയും പരാതികൾ മുന്നിലുണ്ട്. അതിൽ യാഥാർഥ്യമുണ്ടോ എന്ന് അന്വേഷിക്കേണ്ടത് പൊലീസും മറ്റ് സംവിധാനങ്ങളുമാണ്. നവീൻ ബാബുവിനെതിരെ സംസാരിക്കുന്ന ദൃശ്യങ്ങൾ മാധ്യമങ്ങൾക്ക് നൽകിയത് താൻ തന്നെയാണ്. അഴിമതി കാണിക്കരുതെന്ന സന്ദേശം ഉദ്യോഗസ്ഥർക്ക് നൽകുകയായിരുന്നു ലക്ഷ്യം. താൻ പറഞ്ഞ കാര്യങ്ങൾ ജനങ്ങളും അറിയണം. രണ്ട് ദിവസത്തിനുള്ളിൽ സത്യാവസ്ഥ പുറത്ത് വരും എന്ന് പറഞ്ഞത് എങ്ങനെ ആത്മഹത്യക്ക് കാരണമാകുമെന്നും ദിവ്യ ചോദിച്ചു. കളക്ടർ വിളിച്ചിട്ടാണ് യാത്രയയപ്പ് യോഗത്തിൽ പോയതെന്ന വാദവും ദിവ്യ കോടതിയിൽ ആവർത്തിച്ചു.


ALSO READ: നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ല; എൻഒസി നൽകുന്നതിന് സ്വീകരിച്ചത് സ്വാഭാവിക നടപടിക്രമം: റവന്യൂ വകുപ്പ് റിപ്പോര്‍ട്ട്


ദിവ്യയുടെ വാദങ്ങളെ പ്രോസിക്യുഷൻ ശക്തമായി എതിർത്തു. ദിവ്യ നടത്തിയത് വ്യക്തിഹത്യയെന്നും ഇതാണ് ആത്മഹത്യയ്ക്ക് കാരണമെന്നും പബ്ലിക് പ്രോസിക്യൂട്ടർ അജിത് കുമാർ വാദിച്ചു. യാത്രയയപ്പ് യോഗത്തിൽ ഉന്നയിച്ച അഴിമതി ആരോപണം രാവിലെ നടന്ന യോഗത്തിൽ ദിവ്യ പറഞ്ഞിരുന്നെന്നും ഇത് ഉന്നയിക്കേണ്ട സ്ഥലമല്ല യാത്രയയപ്പ് പരിപാടി എന്ന് കളക്ടർ ഓർമിപ്പിച്ചിരുന്നെന്നും പ്രോസിക്യുഷൻ ചൂണ്ടിക്കാട്ടി. ദിവ്യ പറഞ്ഞ പ്രശാന്ത്, ഗംഗധരൻ എന്നിവരുടെ അഴിമതി ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്നും പ്രോസിക്യുഷൻ വാദിച്ചു.

എല്ലാവരും കൂടി ഉദ്യോഗസ്ഥരെ ക്രൂശിച്ചാൽ സമൂഹത്തിൻ്റെ അവസ്ഥ എന്താകുമെന്നും വിജിലൻസ് ഉൾപ്പെടെ മറ്റ് സംവിധാനങ്ങൾ എന്തിനെന്നും പ്രോസിക്യുട്ടർ ചോദിച്ചു. വിവാദമായ പെട്രോൾ പമ്പ് ബിനാമി ഇടപാട് ആണെന്നും ഇതിൽ പി.പി. ദിവ്യയുടെ ബന്ധം ഉൾപ്പെടെ അന്വേഷിക്കണമെന്നും നവീൻ ബാബുവിൻ്റെ ഭാര്യക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ജോൺ എസ് റാൽഫ് ആവശ്യപ്പെട്ടു. ലാൻ്റ് റവന്യൂ ജോയിൻ്റ് കമ്മിഷണറായ എ. ഗീത നടത്തുന്ന അന്വേഷണത്തിൽ ദിവ്യ മൊഴി നൽകിയില്ലെന്നും വാദമുന്നയിച്ചു.


ALSO READ: എഡിഎമ്മിന്റെ മരണം: വിവാദ പെട്രോള്‍ പമ്പിന്റെ സാമ്പത്തിക ഇടപാടുകള്‍ ശേഖരിച്ച് ഇഡി


പത്താം തരത്തിൽ പഠിക്കുന്ന മകളും രോഗിയായ പിതാവും ഉണ്ടെന്നും സ്ത്രീയെന്ന പരിഗണന നൽകി ജാമ്യം വേണമെന്നും ദിവ്യ വാദിച്ചു. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ തയ്യാറെന്നും ദിവ്യയുടെ അഭിഭാഷകൻ പറഞ്ഞു. ദിവ്യക്ക് ജാമ്യം നൽകുന്നത് തെറ്റായ സന്ദേശം നൽകുമെന്ന് പ്രോസിക്യുഷൻ വാദിച്ചപ്പോൾ ജാമ്യം നിഷേധിക്കുന്നത് അഴിമതിക്കെതിരെ പ്രതികരിച്ചാൽ ജയിലിൽ പോകേണ്ടി വരുമെന്ന തെറ്റായ സന്ദേശം സമൂഹത്തിന് നൽകുമെന്ന് പ്രതിഭാഗവും കോടതിയിൽ പറഞ്ഞു.

KERALA
ബിജെപി വിട്ട കെ.പി. മധുവിന് കോണ്‍ഗ്രസിലേക്ക് ക്ഷണവുമായി സന്ദീപ് വാര്യ‍ർ
Also Read
user
Share This

Popular

KERALA
KERALA
ബിജെപി വിട്ട കെ.പി. മധുവിന് കോണ്‍ഗ്രസിലേക്ക് ക്ഷണവുമായി സന്ദീപ് വാര്യ‍ർ