ഇനിയും നടപ്പാക്കാത്ത ആവശ്യങ്ങളിൽ കൂടുതൽ ചർച്ചകൾക്കായി സംസ്ഥാന സർക്കാരുമായി ബന്ധപ്പെടുമെന്നും അവർ വ്യക്തമാക്കി
ആർജി കർ മെഡിക്കൽ കോളേജിൽ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ജോലി നിർത്തൽ സമരം തുടരുമെന്ന് ജൂനിയർ ഡോക്ടർമാർ. മമത ബാനർജി സർക്കാർ തങ്ങളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റുന്നത് വരെ സമരം അവസാനിപ്പിക്കില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. ഇനിയും നടപ്പാക്കാത്ത ആവശ്യങ്ങളിൽ കൂടുതൽ ചർച്ചകൾക്കായി സംസ്ഥാന സർക്കാരുമായി ബന്ധപ്പെടുമെന്നും അവർ വ്യക്തമാക്കി. ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിനെത്തുടർന്ന് ജൂനിയർ ഡോക്ടർമാർ ആരംഭിച്ച സമരം ഒരുമാസമായി തുടരുകയാണ്.
ഞങ്ങളുടെ പ്രസ്ഥാനത്തെ മോശമായി ചിത്രീകരിക്കാൻ നിരവധി ശ്രമങ്ങൾ നടന്നതായി പശ്ചിമ ബംഗാൾ ജൂനിയർ ഡോക്‌ടേഴ്‌സ് ഫ്രണ്ട് പറഞ്ഞു. എന്നാൽ പോലീസ് കമ്മീഷണർ, ഡെപ്യൂട്ടി കമ്മീഷണർ നോർത്ത്, ഹെൽത്ത് സർവീസസ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ എന്നിവരെ നീക്കം ചെയ്യാൻ സംസ്ഥാന സർക്കാർ നിർബന്ധിതരായത് തങ്ങളുടെ സമ്മർദ്ദം മൂലമാണെന്നും ഇത് പ്രസ്ഥാനത്തിന്റെ വിജയമാണെന്നും അവർ പറഞ്ഞു.
ALSO READ: കൊൽക്കത്തയിലെ ബലാത്സംഗക്കൊല; മരിച്ച ഡോക്ടറുടെ പേര് വിക്കിപീഡിയയിൽ നിന്നും ഒഴിവാക്കണം: സുപ്രീംകോടതി
പ്രിൻസിപ്പൽ സെക്രട്ടറിയെ മാറ്റണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ ഒരു തീരുമാനവുമുണ്ടായില്ല. മുഖ്യമന്ത്രി വാക്കാൽ ഉള്ള ഉറപ്പ് മാത്രമാണ് നൽകിയത്. അത് നടപ്പാക്കാനുള്ള യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ലെന്നും ഡോക്ടർമാർ പറഞ്ഞു. ലിംഗവിവേചനം സൃഷ്ടിച്ച് സ്ത്രീകൾക്ക് സുരക്ഷിതത്വം നൽകാനാവില്ലെന്നും ഡോക്ടർമാർ പറഞ്ഞു.
സർക്കാർ ആശുപത്രികളിൽ വനിതാ ഡോക്ടർമാർക്ക് രാത്രി ഷിഫ്റ്റ് നൽകുന്നത് ഒഴിവാക്കുമെന്നായിരുന്നു സർക്കാരിൻ്റെ വിജ്ഞാപനം. എന്നാൽ ഇതിനെ സുപ്രീം കോടതി തന്നെ എതിർത്തിരുന്നു. സുരക്ഷ ഒരുക്കേണ്ടത് സംസ്ഥാനത്തിൻ്റെ കടമയാണെന്നടക്കമുള്ള പരാമർശങ്ങൾ ആണ് സുപ്രീം കോടതി നടത്തിയത്. ആശുപത്രികളിൽ സുരക്ഷയൊരുക്കാൻ കരാർ ജീവനക്കാരെ നിയമിച്ചതിനെക്കുറിച്ചുള്ള കോടതിയുടെ പരാമർശങ്ങളും ഡോക്ടർമാർ ചൂണ്ടിക്കാട്ടി.
ആശുപത്രികളിലെ സുരക്ഷ വർധിപ്പിക്കുന്നത് കൊണ്ട് മാത്രം ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കാനാകില്ലെന്ന് ഡോക്ടർമാരുടെ സംഘടന പറഞ്ഞു. കൂടാതെ ആശുപത്രി കിടക്കകൾ അനുവദിക്കുന്നതിലെ അഴിമതിയും ജീവൻരക്ഷാ മരുന്നുകളുടെ ദൗർലഭ്യവും കാരണം സാധാരണക്കാർ പ്രശ്‌നങ്ങൾ നേരിടുന്നുണ്ട്. ഈ പ്രശ്‌നങ്ങൾക്കെല്ലാം പരിഹാരം കാണണമെന്നും ഡോക്‌ടേഴ്‌സ് ഫോറം ആവശ്യപ്പെട്ടു. ഇത്തരത്തിലുള്ള എല്ലാ പ്രശ്ങ്ങളും പരിഹരിക്കാൻ കോളേജ് തലത്തിൽ ടാസ്‌ക് ഫോഴ്‌സ് വേണമെന്ന് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടിരുന്നു എന്നും ഡോക്ടർമാർ വ്യക്തമാക്കി.