സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി
ഹേമ കമ്മിറ്റി റിപ്പോര്ട്ടിന്റെ പൂര്‍ണരൂപം പ്രത്യേക അന്വേഷണ സംഘത്തിന് (SIT) കൈമാറണമെന്ന് ഹൈക്കോടതി. അതിനുശേഷം മാത്രമേ മുദ്രവെച്ച കവര്‍ തങ്ങള്‍ തുറക്കുകയുള്ളൂ എന്നും ഹൈക്കോടതി പറഞ്ഞു. വിഷയത്തില്‍ സർക്കാരിനെ ഹൈക്കോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്തു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് കോടതി ചോദിച്ചു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് റിപ്പോര്‍ട്ട് കിട്ടിയതാണ്. അതില്‍ ഒരു ചെറുവിരലെങ്കിലും അനക്കിയോ എന്നും കോടതി ചോദിച്ചു.
മാധ്യമ വിചാരണ പാടില്ലെന്നും മര്യാദ പാലിക്കണമെന്നും കോടതി പറഞ്ഞു. മൊഴി നല്‍കിയവര്‍ക്ക് പരാതിയില്ലെങ്കില്‍ അന്വേഷണം അവസാനിപ്പിക്കാമല്ലോ എന്നും കോടതി ചൂണ്ടിക്കാട്ടി. ഇത് സിനിമാ പ്രശനമല്ല. സമൂഹത്തിലെ മുഴുവന്‍ സ്ത്രീകളുടെയും പ്രശ്‌നമാണ്. വിദൂര ഇടങ്ങളിലെ ലൊക്കേഷനുകളില്‍ എങ്ങനെ ഐസിസി രൂപീകരിക്കും.? അതോടൊപ്പം റിപോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും ശ്രദ്ധിക്കണമെന്നും കോടതി പറഞ്ഞു.
ALSO READ : സർക്കാർ മുന്നോട്ട് പോകുന്നത് സ്ത്രീ സുരക്ഷ ഉറപ്പാക്കിക്കൊണ്ട്: മുഖ്യമന്ത്രി
സര്‍ക്കാര്‍ എന്ത് ചെയ്തുവെന്ന കോടതിയുടെ ചോദ്യത്തിന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നാണ് അഡ്വക്കേറ്റ് ജനറല്‍ മറുപടി നല്‍കിയത്. അതിന് പിന്നാലെ എന്തുകൊണ്ടാണ് ഈ നിഷ്‌ക്രിയത്വമെന്നും കോടതി ചോദിച്ചു. റിപ്പോര്‍ട്ട് നേരത്തെ ലഭിച്ചിട്ടും എന്തുകൊണ്ടാണ് സര്‍ക്കാര്‍ മൗനം പാലിച്ചതെന്നും കോടതി ചോദിച്ചു. എന്നാല്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കരുതെന്ന നിര്‍ദേശമുണ്ടായതിനാലാണ് നടപടിയെടുക്കാത്തതെന്ന് എ.ജി. അറിയിച്ചു.
സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വം അത്ഭുതപ്പെടുത്തി. 2021 ഫെബ്രുവരിയില്‍ ഡി.ജി.പിക്ക് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭിച്ചപ്പോള്‍ തന്നെ നടപടി സ്വീകരിക്കേണ്ടിയിരുന്നുവെന്നും കോടതി വ്യക്തമാക്കി.
പ്രത്യേക ഡിവിഷന്‍ ബെഞ്ചിന് മുമ്പാകെ മുദ്രവെച്ച കവറിലാണ് സര്‍ക്കാര്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് കൈമാറിയത്. ജസ്റ്റിസുമാരായ എ.കെ ജയശങ്കര്‍ നമ്പ്യാരും സി.എസ് സുധയും ഉള്‍പ്പെട്ട രണ്ടംഗ ഡിവിഷന്‍ ബെഞ്ചാണ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കേസുകള്‍ പരിശോധിക്കുന്നത്.