ഡിസിസിയുടെ കത്ത് പുറത്തായ സംഭവം അന്വേഷിക്കുമെന്ന് കെ. സുധാകരന്‍ പറഞ്ഞു.
പാലക്കാട് കെ. മുരളീധരനെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം കൈമാറിയ കത്ത് ഔദ്യോഗികം. കത്തില്‍ ഒപ്പുവെച്ചവരുടെ വിവരങ്ങള്‍ പുറത്ത്. ഡിസിസി പ്രസിഡന്‍റ് എ. തങ്കപ്പന്‍ അടക്കം എട്ടു പേര്‍ ഒപ്പിട്ട കത്താണ് പുറത്തുവന്നിരിക്കുന്നത്. എ. തങ്കപ്പന് പുറമെ, വി.കെ. ശ്രീകണ്ഠന്‍ എംപി, വി.എസ്. വിജയരാഘവന്‍, സി.വി. ബാലചന്ദ്രന്‍, കെ.എ. തുളസി, പി. ഹരിഗോവിന്ദന്‍, പി.വി. രാജേഷ്, പി. ബാലഗോപാല്‍ എന്നിവരാണ് ഒപ്പിട്ടത്.
ബിജെപിയെ തുരത്താന്‍ കെ. മുരളീധരനെ പാലക്കാട് മത്സരിപ്പിക്കണെന്ന് ആവശ്യപ്പെട്ടായിരുന്നു കത്ത്. എന്നാല്‍ അത്തരത്തിലൊരു കത്ത് കിട്ടിയിട്ടില്ലെന്നായിരുന്നു കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി പറഞ്ഞത്. ഈ വാദങ്ങളാണ് ഇപ്പോള്‍ പൊളിയുന്നത്.
അതേസമയം ഡിസിസിയുടെ കത്ത് പുറത്തായ സംഭവം അന്വേഷിക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരന്‍ പറഞ്ഞു. ഗൗരവതരമായ വിഷയമാണെന്നും സുധാകരന്‍ പറഞ്ഞു. സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ ഒരു തര്‍ക്കവുമുണ്ടായിട്ടില്ല. അഭിപ്രായ വ്യത്യാസങ്ങള്‍ ഒക്കെ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ അതെല്ലാം മറന്ന് ഒരുമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കെ. മുരളീധരനെ സ്ഥാനാര്‍ഥിയാക്കാന്‍ പാലക്കാട് ഡിസിസി കത്ത് കൊടുത്തിട്ടുണ്ടെങ്കില്‍ അതില്‍ തെറ്റൊന്നുമില്ലെന്നായിരുന്നു രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടത്. സ്ഥാനാര്‍ഥി നിര്‍ണയത്തിന് മുന്‍പ് ഡിസിസി കൊടുത്ത കത്താണ് ഇതെന്നാണ് താന്‍ കരുതുന്നത്. സ്ഥാനാര്‍ഥിയെ ഹൈക്കമാന്‍ഡ് പ്രഖ്യാപിച് കഴിഞ്ഞാല്‍ എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണം. പിന്നെ അവിടെ അഭിപ്രായ വ്യത്യാസങ്ങള്‍ക്കും സ്ഥാനമില്ലെന്നും ചെന്നിത്തല പറഞ്ഞു.
കത്ത് കെട്ടിച്ചമച്ചതാണെന്ന കോണ്‍ഗ്രസ് ആരോപണത്തെ പൂര്‍ണമായും തള്ളികൊണ്ട് മന്ത്രി എം.ബി. രാജേഷ് രംഗത്തെത്തി. പാലക്കാട് ഡിസിസിയുടെ കത്ത് സിപിഎം കെട്ടിച്ചമച്ചതാണെന്ന ആരോപണം പരിഹാസ്യമെന്ന് എം.ബി. രാജേഷ് പറഞ്ഞു. പാലക്കാട് കോണ്‍ഗ്രസിലെ അമര്‍ഷമാണ് കത്തില്‍ കാണുന്നത്. ആരുടെ താല്‍പര്യത്തിനു വേണ്ടിയാണ് സ്ഥാനാര്‍ഥിയെ മാറ്റിയതെന്നായിരുന്നു മന്ത്രിയുടെ ചോദ്യം. കെ. മുരളീധരനും മുന്‍ ഡിസിസി പ്രസിഡന്റ് വി.കെ. ശ്രീകണ്ഠനും കത്ത് സ്ഥിരീകരിച്ചതാണെന്നും എം.ബി. രാജേഷ് ചൂണ്ടികാട്ടി.
കത്ത് വിവാദം പുറത്തിവിടുന്നത് കോണ്‍ഗ്രസിലെ ഭിന്നതയാണെന്ന് പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് നാണമുണ്ടോ എന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ചോദ്യം. സിപിഎം പാലക്കാട് പരിഗണിച്ച ആളല്ലല്ലോ ഇപ്പോള്‍ സ്ഥാനാര്‍ഥിയെന്ന പരിഹസിച്ച വി.ഡി. സതീശന്‍, ഡിസിസി പ്രസിഡന്റ് പറഞ്ഞ മൂന്ന് പേരില്‍ ഒരാളെ സ്ഥാനാര്‍ഥിയായെന്ന വിശദീകരണവും നല്‍കി.
പാലക്കാട് ഉപതെരഞ്ഞടുപ്പില്‍ തന്റെ പേര് നിര്‍ദേശിച്ച കാര്യം അന്നേ അറിഞ്ഞിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരൻ പറഞ്ഞിരുന്നു. പാലക്കാട് മത്സരിക്കണമെന്ന് ഡിസിസി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടത് രാഹുലിനെ സ്ഥാനാര്‍ഥിയാക്കാന്‍ ആയിരുന്നുവെന്നും കെ. മുരളീധരന്‍ പറഞ്ഞു.
ഡിസിസിയുടെ പഴയ കത്തിന് ഇപ്പോള്‍ വിലയില്ലെന്നും, ആ കത്ത് തനിക്ക് വാട്‌സാപ്പില്‍ ലഭിച്ചിരുന്നുവെന്നും അന്നുതന്നെ താന്‍ അത് ഡിലീറ്റ് ചെയ്തുവെന്നും കെ. മുരളീധരന്‍ പറഞ്ഞു. താന്‍ വഴി അത് പുറത്തുവരരുതെന്ന് ആഗ്രഹം ഉണ്ടായിരുന്നത് കൊണ്ടാണ് അങ്ങനെ ചെയ്തതെന്നും, പക്ഷെ നിര്‍ണായകഘട്ടത്തില്‍ കത്ത് എങ്ങനെ പുറത്തുപോയി എന്നതും ആലോചനയ്ക്ക് വിധേയമാക്കേണ്ട ഒന്നാണെന്നും കെ. മുരളീധരന്‍ വ്യക്തമാക്കി. ഈ കത്ത് പുറത്ത് വന്നതുകൊണ്ട് പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ഥിക്ക് ക്ഷീണം ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.