fbwpx
'അപഭ്രംശങ്ങളില്ലെങ്കിൽ നമ്മളൊക്കെ മനുഷ്യരാകില്ലല്ലോ'; മാർപാപ്പ തുറന്നുപറഞ്ഞ ബാല്യകാല പ്രണയം
logo

ന്യൂസ് ഡെസ്ക്

Last Updated : 23 Apr, 2025 05:07 PM

അമാലിയ ദമോണ്ടെ എന്ന പന്ത്രണ്ടുകാരിയോട് മരിയോ ബർഗോളിയോയ്ക്ക് അളവില്ലാത്ത പ്രണയമായിരുന്നു. നീയെന്നെ സ്വീകരിച്ചില്ലെങ്കിൽ ഞാൻ പോയി ഒരു പാതിരിയാകുമെന്ന് വരെ അവൻ അവളോട് പറഞ്ഞു

WORLD


ഒരു പ്രണയഭംഗത്തെ തുടർന്നാണ് ഫ്രാൻസിസ് മാർപാപ്പ പാതിരിയാകാൻ തീരുമാനിച്ചതെന്ന് അദ്ദേഹം പന്ത്രണ്ടാം വയസിൽ പ്രണയം വെളിപ്പെടുത്തിയ കൂട്ടുകാരി പിന്നീട് പറഞ്ഞിട്ടുണ്ട്. ബ്യൂണസ് ഐറിസിലെ ബാല്യകാലത്ത് അയലത്തെ വീട്ടിലെ പെൺകുട്ടിയായിരുന്ന അമാലിയ ദമോണ്ടയോടാണ് അദ്ദേഹം പ്രണയാഭ്യർത്ഥന നടത്തിയത്. പക്ഷേ വീട്ടുകാരുടെ എതിർപ്പുകൊണ്ട് അമാലിയ ആ പ്രണയം സ്വീകരിച്ചില്ല.

ആ പന്ത്രണ്ടുകാരിയോട് ഹോർഹെ മരിയോ ബർഗോളിയോയ്ക്ക് അളവില്ലാത്ത പ്രണയമായിരുന്നു. നീയെന്നെ സ്വീകരിച്ചില്ലെങ്കിൽ ഞാൻ പോയി ഒരു പാതിരിയാകുമെന്ന് വരെ അവൻ അവളോട് പറഞ്ഞു. പക്ഷേ അമാലിയക്ക് അവളുടെ പപ്പയെയും മമ്മയേയും പേടിയായിരുന്നു. പഠിക്കേണ്ട സമയത്ത് അയലത്തെ ചെക്കനുമായി പ്രേമിച്ചുനടക്കുന്നു എന്നറിഞ്ഞാൽ അവരുടെ വിധം മാറും. ചിലപ്പോൾ നല്ല തല്ലുകിട്ടിയെന്നും വരും. അമാലിയ മരിയോ ബർഗോളിയോയോട് 'നോ' പറഞ്ഞു. അതുവരെ ബർഗോളിയോയ്ക്ക് പൗരോഹിത്യം ഏറെ വിദൂരത്തുള്ള ഒരു സങ്കൽപ്പമായിരുന്നു. പിന്നെ ക്രമേണ അവനത് ജീവിതലക്ഷ്യവും വ്രതവുമായി.

ബർഗോളിയോ വളർന്ന് ഈശോസഭയിലെ ഒരു പാതിരിയായി, ബിഷപ്പായി, പിന്നെ ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായി. 2013ൽ സ്ഥാനാരോഹണത്തിന് പിന്നാലെയാണ് പോപ് ഫ്രാൻസിസിൻ്റെ പന്ത്രണ്ടാം വയസിലെ കൂട്ടുകാരി അമാലിയ ദമോണ്ടെ ഈ പ്രണയകഥ ലോകത്തോട് പറഞ്ഞത്. പാപ്പയുടെ ആത്മകഥയിലും അമാലിയ എന്ന ബാല്യപ്രണയം സാന്ദ്രമായി വെളിപ്പെടുന്നുണ്ട്.


ALSO READ: ആ വാക്കുകള്‍ ഉള്ളില്‍ തട്ടി; ഹോർഹേ മാരിയോ ബെ‍ർ​ഗോളിയോ ഫ്രാന്‍സിസ് മാര്‍പാപ്പയായി


ബ്യൂണസ് ഐറിസിലെ ഫ്ലോറസിലുള്ള മെംബ്രില്ലർ തെരുവിലെ ബർഗോളിയോയുടെ വീടിന് നാലഞ്ചുവീടപ്പുറം ആയിരുന്നു അമാലിയ ദമോണ്ടെയുടെ വീട്. അടുത്ത വീട്ടിലെ പെൺകുട്ടിയെ കണ്ടുകണ്ട് അവനിഷ്ടമായി. പതിയെപ്പതിയെ അവൾക്കും. ഒരു ദിവസം ബർഗോളിയോ ഒരു കത്തെഴുതി അവൾക്ക് നൽകി. 'പ്രിയ അമാലിയ, എനിക്ക് നിന്നെ വിവാഹം കഴിക്കണമെന്നുണ്ട്. നീയതിന് സമ്മതിച്ചില്ലെങ്കിൽ ഞാൻ പോയി ഒരു പാതിരിയാകും'. ആ കത്തിൽ അവനൊരു വീട് വരച്ചിരുന്നു, ചുവന്ന മേൽക്കൂരയുള്ള ഒരു വെളുത്ത വീട്. പിന്നീട് അസോസിയേറ്റഡ് പ്രസിന് നൽകിയ അഭിമുഖത്തിൽ അമാലിയ ചിരിച്ചുകൊണ്ട് പറഞ്ഞു. നമ്മുടെ കല്യാണം കഴിഞ്ഞ് നിനക്കുവേണ്ടി ഞാനീ വീട് വാങ്ങുമെന്ന് ബർഗോളിയോ അന്നെന്നോട് പറഞ്ഞു.

കൂട്ടുകാരൻ്റെ പ്രണയാഭ്യർത്ഥനയ്ക്ക് അമാലിയ ഇങ്ങനെ മറുപടി കൊടുത്തു, 'ഇതൊക്കെ ബാലിശമായ തോന്നലാണ് ബർഗോളിയോ, അതിലപ്പുറം ഒന്നുമില്ല'. എന്നിട്ടും അവളാ കത്ത് വാങ്ങാതിരുന്നില്ല. അത് വീട്ടിൽ പിടിക്കപ്പെടുകയും ചെയ്തു. പപ്പയും മമ്മയും വല്ലാതെ ദേഷ്യപ്പെട്ടു. അവളുടെ മമ്മ ബഹളംവച്ചു, 'എൻ്റെ ദൈവമേ. ഇതു നോക്കൂ ഈ പെണ്ണിന് ആൺപിള്ളാർ പ്രേമക്കത്തെല്ലാം കൊടുത്തുതുടങ്ങിയല്ലോ'. മകളുടെ കാമുകനെ ചൂലുമായി ഓടിക്കാൻ വരെ അവർ നോക്കി. പപ്പ അവളുടെ തലക്കിട്ട് കിഴുക്കി. അന്നുമുതൽ വീട്ടുകാർക്ക് അവളുടെമേൽ ഒരു കണ്ണുണ്ടായിരുന്നു. സ്കൂളിൽ കൊണ്ടുവിടാനും തിരികെ കൊണ്ടുവരാനും തുടങ്ങി. ബർഗോളിയോയെ കാണാനുള്ള എല്ലാ വഴിയും വീട്ടുകാർ അടച്ചു.

അധികം താമസിയാതെ ബർഗോളിയോ കുടുംബം മെംബ്രില്ലർ സ്ട്രീറ്റിൽ നിന്ന് താമസം മാറി. അവൻ ബ്യൂണസ് ഐറിസ് സർവകലാശാലയിലും വില്ല ഡെവോട്ടോ സെമിനാരിയിലും പിന്നെ ചിലിയിലെ സാന്തിയഗോ പാദ്രേ ഹുർത്താദോയിലുമെല്ലാം പഠിക്കാൻ പോയി. വൈദികപഠനം കഴിഞ്ഞ് ബർഗോളിയോ ഈശോസഭയിലെ പാതിരിയായി. അമാലിയ ദമോണ്ടെയുടെ കുടുംബവും ബ്യൂണസ് ഐറിസിൽ നിന്ന് മാറിപ്പോയി. കല്യാണം കഴിഞ്ഞ് മക്കളും കൊച്ചുമക്കളും ഒക്കെയായി അവരുടെയും ജീവിതം ഒഴുകി.


ALSO READ: 'നന്ദി, നിങ്ങളുടെ സേവനങ്ങൾക്കും പ്രാർത്ഥനകൾക്കും'; ഗാസാ മുനമ്പിലെ പള്ളിയിലേക്കുള്ള അവസാന കോളില്‍ പാപ്പ പറഞ്ഞു


പിന്നീടും രണ്ടുതവണ പ്രണയപരിസരങ്ങളിലൂടെ കടന്നുപോയിട്ടുണ്ടെന്ന് പോപ് ഫ്രാൻസിസ് ആത്മകഥയിൽ എഴുതി. സെമിനാരി പഠനത്തിൻ്റെ ആദ്യ വർഷം കണ്ടുമുട്ടിയ ചലച്ചിത്ര മേഖലയിൽ നിന്നുള്ള ഒരു പെൺകുട്ടി. പിന്നെ ചിറ്റപ്പൻ്റെ വിവാഹച്ചടങ്ങിനിടെ കണ്ട മറ്റൊരു സുന്ദരി. അതുരണ്ടും വെളിപ്പെടുത്താതെ പോയ ആകർഷണങ്ങളായിരുന്നു. ചിറ്റപ്പൻ്റെ കല്യാണ ദിവസം കണ്ട പെൺകുട്ടി പ്രാർത്ഥനയിൽപ്പോലും ശ്രദ്ധിക്കാനാകാത്ത വിധം ഒരാഴ്ചക്കാലം മനസിൽ കിടന്നതിനെപ്പറ്റിയും പാപ്പ തുറന്നെഴുതി.

ഇത്തരം ചില അപഭ്രംശങ്ങളില്ലെങ്കിൽ നമ്മളൊക്കെ മനുഷ്യരാകില്ലല്ലോ എന്നും ഫ്രാൻസിസ് പാപ്പ. നിശ്ചയമായും പന്ത്രണ്ടാം വയസിലെ ഒരു പ്രണയതിരസ്കാരമാകില്ല ബർഗോളിയോയെ ഫ്രാൻസിസ് മാർപാപ്പ ആക്കിയത്. അപാരമായ സത്യസന്ധതയും ആത്മാർത്ഥയും നേർമയും കൊണ്ട് അദ്ദേഹം നമ്മളറിയുന്ന ഫ്രാൻസിസ് മാർപാപ്പയായി. ആ മനസ്സിൻ്റെ ആ തുറസ്സ് അനുകമ്പയുടേയും സ്നേഹത്തിൻ്റേയും പാരാവാരമായി. ഈ വിയോഗസമയത്ത് പാപ്പയുടെ നഷ്ടപ്രണയങ്ങളേയും ലോകം ഈ വിധം ധ്യാനസാന്ദ്രതയോടെ ഓർക്കുന്നു.

KERALA
പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട എന്‍. രാമചന്ദ്രന്റെ ഭൗതിക ശരീരം നാട്ടിലെത്തിച്ചു; ഏറ്റുവാങ്ങി മന്ത്രി പി. പ്രസാദ്
Also Read
user
Share This

Popular

KERALA
NATIONAL
പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട എന്‍. രാമചന്ദ്രന്റെ ഭൗതിക ശരീരം നാട്ടിലെത്തിച്ചു; ഏറ്റുവാങ്ങി മന്ത്രി പി. പ്രസാദ്