fbwpx
പൂരം കലങ്ങിയത് തന്നെയെന്ന് ബിനോയ് വിശ്വം; അന്വേഷണം അട്ടിമറിക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷം
logo

ന്യൂസ് ഡെസ്ക്

Last Updated : 27 Oct, 2024 04:37 PM

തൃശൂർ പൂരം കലങ്ങിയിട്ടില്ലെന്ന വാദം ശരിയല്ലെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീഷ്‌ കുമാറും പ്രതികരിച്ചു

KERALA


തൃശൂർ പൂരം നടക്കേണ്ട പോലെ നടന്നിട്ടില്ലെന്നും നടത്താൻ ചിലർ സമ്മതിച്ചില്ലെന്നും വിമർശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മുഖ്യമന്ത്രിയുടെ പരാമർശം ഒരു വാക്കിൻ്റെ പ്രശ്നമല്ല. പൂരം കലങ്ങിയത് തന്നെയാണെന്നും പൂര വിവാദവുമായി ബന്ധപ്പെട്ട എല്ലാ സത്യങ്ങളും പുറത്തുവരണമെന്നും ബിനോയ് വിശ്വം മാധ്യമങ്ങളോട് പറഞ്ഞു.

തൃശൂർ പൂരം കലങ്ങിയിട്ടില്ലെന്നും ആകെ സംഭവിച്ചത് വെടിക്കെട്ട് അൽപ്പം വൈകിയതാണെന്നും മുഖ്യമന്ത്രി ഇന്നലെ പി. ജയരാജൻ്റെ പുസ്തക പ്രകാശന ചടങ്ങിനിടെ പ്രസംഗിച്ചിരുന്നു. തൃശൂർ പൂരം കലക്കിയെന്ന് ലീഗ് കള്ളം പ്രചരിപ്പിക്കുകയാണെന്നും സംഘപരിവാറിനേക്കാൾ ആവേശമാണ് അവർക്കെന്നും മുഖ്യമന്ത്രി വിമർശിച്ചിരുന്നു. ആകെ സംഭവിച്ചത് വെടിക്കെട്ട് അൽപ്പം വൈകി എന്നതാണെന്നും, ഇതിൻ്റെ പേരാണോ പൂരം കലക്കലെന്നും മുഖ്യമന്ത്രി ഇന്നലെ ചോദിച്ചിരുന്നു.

അതേസമയം, പൂരം കലങ്ങിയിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ പരാമർശം ചേലക്കരയിലും ആയുധമാക്കാൻ യുഡിഎഫ് ഒരുങ്ങുകയാണ്. മുഖ്യമന്ത്രിയെ തള്ളിയ സിപിഐ നിലപാട് ചൂണ്ടിക്കാട്ടിയാണ് യുഡിഎഫ് നീക്കം. പൂരം കലക്കലിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്ക് പങ്കുണ്ടെന്നും കോൺഗ്രസ് പരോക്ഷമായി ആരോപിക്കുന്നുണ്ട്.

പൂരം കലക്കൽ കേസിലെ അന്വേഷണം അട്ടിമറിക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നതായും അന്വേഷണത്തിൽ ഇടപെട്ട് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. ആർഎസ്എസുകാരെ സന്തോഷിപ്പിക്കാനാണ് പൂരം കലക്കിയത്. കലങ്ങിയില്ലെങ്കിൽ ത്രിതല അന്വേഷണം എന്തിനാണ്? പാലക്കാട് ബിജെപി-സിപിഎം ഡീൽ ഉണ്ടെന്നും സതീശൻ ആരോപിച്ചു.

മുഖ്യമന്ത്രി തൃശൂർ പൂരം കണ്ടിട്ടില്ലെന്നും കണ്ടിട്ടുണ്ടെങ്കിൽ പൂരം കലങ്ങിയിട്ടില്ലെന്ന് പറയില്ലായിരുന്നുവെന്നും കോൺഗ്രസ് നേതാവ് കെ. മുരളീധരനും വിമർശിച്ചു. "വെടിക്കെട്ട് ആർക്കും ആസ്വദിക്കാനായില്ല. ആരെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി മാറ്റി പറയുന്നത്? ജുഡീഷ്യൽ അന്വേഷണം വേണം. മുഖ്യമന്ത്രിയുടെ വാദം അംഗീകരിക്കില്ല, പൂരം കലക്കിയതാണ്. ശക്തമായ സമരത്തിന് ഇറങ്ങും. ഇപ്പോൾ നിലപാട് മാറ്റിയത് ബിജെപിക്ക് വേണ്ടിയാണ്," കെ. മുരളീധരൻ പറഞ്ഞു.


ALSO READ: "പാലക്കാട് മത്സരിക്കണമെന്ന് ഡിസിസി നിർദേശിച്ച കാര്യം അന്നേ അറിഞ്ഞിരുന്നു"; വെളിപ്പെടുത്തി കെ. മുരളീധരൻ


തൃശൂർ പൂരം കലങ്ങിയിട്ടില്ലെന്ന വാദം ശരിയല്ലെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീഷ്‌ കുമാറും പ്രതികരിച്ചു. കാലത്ത് എഴുന്നള്ളിപ്പ് തുടങ്ങുന്ന സമയം മുതൽ തടസങ്ങൾ ഉണ്ടായി. പൂരം കലങ്ങിയത് അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച ത്രിതല അന്വേഷണ സംഘം ഇതുവരെ ദേവസ്വത്തെ സമീപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പൂരം കലങ്ങിയിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ കൂടുതൽ പ്രതിപക്ഷ നേതാക്കളും പ്രതികരണവുമായെത്തി. പൂരം കലങ്ങിയിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന പൂരം അന്വേഷണം കലക്കാനാണെന്നും മുഖ്യമന്ത്രി അന്വേഷണത്തിൽ നേരിട്ട് ഇടപെടുന്നുണ്ടെന്നും കോൺഗ്രസ് നേതാവ് ബെന്നി ബെഹനാൻ പറഞ്ഞു. ഘടകകക്ഷി നേതാക്കൾക്ക് പോലും മുഖ്യമന്ത്രിയെ വിശ്വാസമില്ല. മുഖ്യമന്ത്രി മുസ്‌ലിം ലീഗിനെ വിമർശിക്കുന്നത് ബിജെപിക്ക് വേണ്ടിയാണ്. ബിജെപിയുമായി ഡീൽ ഉണ്ടാക്കിയ ശേഷമാണ് വിമർശനം. എൽഡിഎഫിലേക്ക് ലീഗ് എത്തുമെന്ന് മുഖ്യമന്ത്രി സ്വപ്നം കണ്ടിരുന്നു. പാലക്കാട്ടെ കത്ത് വിവാദത്തിൽ കാര്യമില്ല. കീഴ്ഘടകങ്ങൾ പേരുകൾ നൽകുന്നത് സ്വാഭാവികമാണെന്നും ബെന്നി ബെഹനാൻ പറഞ്ഞു.

ബിജെപി-സിപിഎം ബന്ധത്തിന് കൃത്യമായ തെളിവുകൾ വന്ന് കഴിഞ്ഞെന്നും ഈ ഘട്ടത്തിലാണ് പൂരം കലങ്ങിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറയുന്നതെന്നും മുസ്ലീം ലീഗ് നേതാവ് അബ്ദുറഹ്മാൻ രണ്ടത്താണി മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി ഒളിച്ചോടുകയാണ്. ആരെ രക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്? പ്രിയങ്ക മത്സരിക്കുമ്പോൾ മലപ്പുറത്തെ ദേശദ്രോഹികളുടെ നാടെന്ന് വിളിക്കുന്നത് ദുരുദ്ദേശത്തോടെയാണെന്നും അബ്ദുറഹ്മാൻ രണ്ടത്താണി പറഞ്ഞു.

പൂരം കലക്കൽ സിപിഐ ഉരുണ്ടുകളിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് അനിൽ അക്കരയും വിമർശിച്ചു. പൂരം കലക്കിയത് അജിത് കുമാർ മാത്രമല്ല. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതൻ പൂരം ദിവസം തൃശൂരിൽ ഉണ്ടായിരുന്നു. അദ്ദേഹത്തിന് വേണ്ടിയാണ് അജിത് കുമാർ പ്രവർത്തിച്ചത്. പൂരം കലക്കിയത് ആരാണെന്ന് റവന്യൂ മന്ത്രി തുറന്നുപറയണം. മുഖ്യമന്ത്രിക്കൊപ്പവും വി.എസ്. സുനിൽ കുമാറിനൊപ്പം നിൽക്കുന്ന നിലപാട് സിപിഐ സ്വീകരിക്കരുതെന്നും അനിൽ അക്കര വിമർശിച്ചു.


KERALA
മാനസികനില തെറ്റിയാലും ഗര്‍ഭഛിദ്രത്തിന് അവകാശമില്ലേ?
Also Read
user
Share This

Popular

KERALA
KERALA
മാനസികനില തെറ്റിയാലും ഗര്‍ഭഛിദ്രത്തിന് അവകാശമില്ലേ?