fbwpx
'ഇരകളും അതിജീവിതരും'; ഒക്ടോബർ 7 ഹമാസ് ആക്രമണത്തിനും ഗാസയിലെ ഇസ്രയേല്‍ നരമേധത്തിനും ഇന്ന് ഒരാണ്ട്
logo

ശ്രീജിത്ത് എസ്

Last Updated : 07 Oct, 2024 09:58 AM

ചരിത്രത്തിലെ ഏറ്റവും വലിയ സംഘര്‍ഷാവസ്ഥയിലേക്ക് പശ്ചിമേഷ്യ കടന്നിരിക്കുകയാണ്

WORLD


2023 ഒക്ടോബര്‍ 7, അന്നാണ് ഇസ്രയേലില്‍ നോവാ മ്യൂസിക്ക് ഫെസ്റ്റിവല്‍ നടന്നത്. സംഗീതവും നൃത്തവും യുവത്വവും ഇടകലര്‍ന്ന ആഘോഷം. അവിടെ തടിച്ചു കൂടിയിരുന്നവര്‍ എല്ലാം മറന്ന് സംഗീതം ആസ്വദിച്ചു. അവര്‍ നൃത്തം ചെയ്തു. ചുറ്റുമുള്ളതെല്ലാം മറന്നു.

പ്രാദേശിക സമയം 6.30ഓടെ പെട്ടെന്ന് അന്തരീക്ഷം ആകെ മാറി. ആകാശത്ത് എന്തൊക്കെയോ പൊട്ടിത്തെറിക്കുന്നതു പോലെ. ആഘോഷത്തിന്‍റെ ലഹരിയില്‍ നിന്നതുകൊണ്ടാകാം സംഗീത പരിപാടിയുടെ ഭാഗമായിരിക്കുമെന്നാണ് അവര്‍ കരുതിയത്. പക്ഷെ പെട്ടെന്ന് ഒരു അനൗണ്‍സ്‌മെന്‍റ് മുഴങ്ങി- "പരിപാടി ഇവിടെ അവസാനിച്ചിരിക്കുന്നു."

പിന്നീട് നിശബ്ദത...എന്നാല്‍ ആ നിശബ്ദത അധികം നേരം നീണ്ടുനിന്നില്ല. തുടര്‍ച്ചയായ സ്‌ഫോടനങ്ങള്‍...വെടിവെപ്പ്.

ഹമാസിന്‍റെ തോക്കുധാരികള്‍ തിരമാല കണക്കിനു ഗാസയുടെ അതിര്‍ത്തി കടന്ന് ഇസ്രയേലിലേക്ക് ഇരച്ചുകയറി. അവര്‍ ആയിരക്കണക്കിനു റോക്കറ്റുകള്‍ ഇസ്രയേലിലേക്ക് തൊടുത്തുവിട്ടു. സംഗീതോത്സവത്തില്‍ പങ്കെടുത്ത 364 യുവാക്കള്‍ അന്ന് കൊല്ലപ്പെട്ടു. കാറുകള്‍ക്ക് നേരെ ഹമാസ് പ്രവര്‍ത്തകര്‍ വെടിയുതിര്‍ത്തു. കയ്യില്‍ കിട്ടിയവരെയെല്ലാം കയ്യും കാലും ചേര്‍ത്തുകെട്ടി ബന്ദികളാക്കി. കുട്ടികളും പ്രായമായവരും അടക്കം 1,200ഓളം ഇസ്രയേല്‍ പൗരന്മാരാണ് ഒക്ടോബര്‍ 7ലെ ഹമാസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 251 പേരെ ഹമാസ് ബന്ദികളാക്കിയെന്നാണ് ഇസ്രയേലിന്‍റെ കണക്ക്. ഇതില്‍ 101 പേര്‍ ഇപ്പോഴും ഹമാസിന്‍റെ പിടിയിലാണ്. ഒക്ടോബർ 7, ആ ദിവസം, പശ്ചിമേഷ്യയുടെ ഭാവി തന്നെ തിരുത്തിയെഴുതപ്പെട്ടു.

Also Read: ഇസ്രയേലിൻ്റെ കണ്ണിലെ കരട്, ആരാണ് ഹമാസ്?

പലസ്തീന്‍ ജനതയ്ക്കെതിരെ ഇസ്രയേല്‍ കാലങ്ങളായി നടത്തിവരുന്ന കുറ്റകൃത്യങ്ങള്‍ക്കുള്ള പ്രതികരണമാണ് ഈ ആക്രമണം എന്നായിരുന്നു ഹമാസിന്‍റെ ന്യായീകരണം. അധിനിവേശ കിഴക്കന്‍ ജറുസലേമിലെ ഇസ്ലാമിന്‍റെ മൂന്നാമത്തെ വിശുദ്ധ കേന്ദ്രമായ അല്‍-അഖ്സ പള്ളിയിലെ റെയ്ഡുകളും അധിനിവേശ വെസ്റ്റ് ബാങ്കിലെ ജൂത കുടിയേറ്റങ്ങളും ഹമാസ് കാരണങ്ങളായി നിരത്തി. ഇസ്രയേലിലെ ആയിരക്കണക്കിന് പലസ്തീന്‍ തടവുകാരെ മോചിപ്പിക്കണമെന്നും ഇസ്രയേലും ഈജിപ്തും ചേര്‍ന്ന് ഗാസ മുനമ്പിലെ ഉപരോധം അവസാനിപ്പിക്കണമെന്നും ഹമാസ് ആവശ്യമുന്നയിച്ചു.


എന്നാല്‍, ഇസ്രയേല്‍ ഈ ഒരു ദിവസത്തിനായി കാത്തിരിക്കുകയായിരുന്നു എന്നുവേണം കരുതാന്‍. പിന്നീടങ്ങോട്ടുള്ള ഇസ്രയേലിന്‍റെ പ്രതികരണം ആ വിധത്തിലായിരുന്നു. 9/11 ആക്രമണങ്ങള്‍ക്ക് പിന്നാലെ 'ആഗോള തീവ്രവാദത്തിന്' എതിരെയുള്ള യുഎസിന്‍റെ പടപ്പുറപ്പാടിനോട് ഇതിനെ കൂട്ടിവായിക്കാം. ശത്രുവായി ലേബല്‍ ചെയ്യപ്പെടുന്ന രാജ്യം, സ്വത്വം, മനുഷ്യര്‍ എന്നിവര്‍ കാരണങ്ങളില്ലാതെ ലോകത്താകമാനം കൊല്ലപ്പെട്ടപ്പോള്‍ 'ആഗോള തീവ്രവാദത്തിന്‍റെ' നിര്‍വചനം മാറിക്കൊണ്ടിരുന്നു. അല്ല, അത് മുന്നോട്ട് വെച്ചവര്‍ മാറ്റിക്കൊണ്ടിരുന്നു.

Also Read: ഇസ്രയേൽ - ഇറാൻ ആക്രമണങ്ങൾ ആരംഭിച്ചതോടെ എങ്ങുമെത്താതായ ഗാസയിലെ വെടിനിർത്തൽ ചർച്ചകൾ

ഒക്ടോബര്‍ 7ലെ ആക്രമണത്തിനു ശേഷം ഇസ്രയേല്‍ ഹമാസിനെതിരെ നടത്തിയ തിരിച്ചടികളും അതേ വിധത്തിലായിരുന്നു. ഒരോ ആക്രമണവും ഹമാസിനെ ലക്ഷ്യമാക്കിയെന്ന് പ്രസ്താവിച്ചു. എന്നാല്‍ കൊല്ലപ്പെടുന്നതോ? കുട്ടികളും സ്ത്രീകളും വൃദ്ധരും. ഇവര്‍ ഏതുതരത്തിലാണ് ഇസ്രയേലിനു സംഭവിച്ച നഷ്ടങ്ങളുടെ കാരണമാകുന്നത് എന്നു ചോദിച്ചാല്‍, ഇവരെയൊക്കെ ഹമാസ് മറയാക്കുന്നു എന്ന ഒരൊറ്റ മറുപടിയേ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും ഇസ്രയേല്‍ പ്രതിരോധ സേനക്കുമുള്ളൂ. പലസ്തീന്‍ വംശഹത്യക്ക് ഹമാസ് ആക്രമണം ഇസ്രയേല്‍ ഒരു കാരണമാക്കി. പലസ്തീന്‍ സ്വത്വത്തെ ഒന്നാകെ ഭൂമുഖത്തു നിന്നും തുടച്ചു നീക്കാന്‍ ഒക്ടോബര്‍ 7നെ ഇസ്രയേല്‍ വിദഗ്ധമായി ഉപയോഗിച്ചു. പലസ്തീനിലെ കുട്ടികള്‍ അതിന്‍റെ തെളിവാണ്. അതിനെ സാധൂകരിക്കുന്ന ചില കണക്കുകളിലേക്ക് കടക്കാം.

ഗാസയില്‍ സ്‌കൂള്‍ വിദ്യാഭ്യാസം മുടങ്ങിയത് 6,30,000 കുട്ടികള്‍ക്കാണ്. ഇസ്രയേല്‍ ആക്രമണങ്ങളില്‍ കുറഞ്ഞത് 9,839 വിദ്യാര്‍ഥികല്‍ കൊല്ലപ്പെട്ടു.കുറഞ്ഞത് 411 അധ്യാപകരും സ്‌കൂള്‍ സ്റ്റാഫുകളും ഇവിടെ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഐക്യരാഷ്ട്ര സഭയുടെ കണക്കുകള്‍. 85 ശതമാനം സ്‌കൂള്‍ കെട്ടിടങ്ങളും തകര്‍ന്നുകഴിഞ്ഞു. അതായത്, 564 സ്‌കൂളുകളില്‍ 477 എണ്ണവും തകര്‍ന്നു. ഹമാസ് സ്‌കൂളുകള്‍ മറയാക്കുന്നു എന്ന ന്യായീകരണം ഒരോ ആക്രമണം കഴിയുമ്പോഴും ഇസ്രയേല്‍ പ്രതിരോധ സേന ആവര്‍ത്തിച്ചു.

സെപ്റ്റംബര്‍ 11ന് മധ്യ ഗാസയില്‍ ഐക്യരാഷ്ട്ര സഭ നടത്തുന്ന അല്‍-ജവാനി സ്‌കൂളിന് നേരെ നടത്തിയ ആക്രമണത്തില്‍ 18 പേരാണ് കൊല്ലപ്പെട്ടത്. ഇതിനു മുന്‍പ് ആഗസ്റ്റ് 4ന് ഗാസ സിറ്റിക്ക് പടിഞ്ഞാറുള്ള നാസര്‍, ഹസ്സന്‍ സലാമ സ്‌കൂളുകളില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 30 പേരെങ്കിലും കൊല്ലപ്പെട്ടു. ഓഗസ്റ്റ് 8ന് അബ്ദുള്‍ ഫത്താഹ് ഹമൂദ, അസ്-സഹ്റ സ്‌കൂളുകള്‍ക്ക് നേരെ ആക്രമണമുണ്ടായി. ഓഗസ്റ്റ് 10ന്, അല്‍-താബിന്‍ സ്‌കൂളില്‍. ഈ ലിസ്റ്റിങ്ങനെ നീണ്ടു പോകും. കാരണം, ഇസ്രയേല്‍ പോരാട്ടം നിര്‍ത്തിയില്ലെന്നു മാത്രമല്ല അതിന്‍റെ തീവ്രത വര്‍ധിപ്പിക്കുകയും ചെയ്തിരിക്കുകയാണ്. ഇസ്രയേല്‍ ആക്രമണങ്ങള്‍ ഇന്ന് ഗാസയില്‍ മാത്രം ഒതുങ്ങുന്നില്ല, അത് ലബനനിലേക്കും ഇറാനിലേക്കും വ്യാപിച്ചിരിക്കുന്നു. ഹിസ്ബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയെ ഇസ്രയേല്‍ കൊലപ്പെടുത്തിയതോടെ നിഴല്‍ യുദ്ധത്തില്‍ നിന്നും ഇറാനും പ്രത്യക്ഷ ആക്രമണങ്ങളിലേക്ക് കടന്നിരിക്കുകയാണ്.


ചരിത്രത്തിലെ ഏറ്റവും വലിയ സംഘര്‍ഷാവസ്ഥയിലേക്ക് പശ്ചിമേഷ്യ കടന്നിരിക്കുകയാണ്. ആടത്തത് എന്തു സംഭവിക്കുമെന്ന് അപ്രവചനീയമായ അവസ്ഥ. ഐക്യ രാഷ്ട്രസഭയും ലോക രാജ്യങ്ങളും വെടിനിര്‍ത്തല്‍ ആവശ്യപ്പെടുമ്പോഴും ഇസ്രയേല്‍ അവരുടെ നരമേധം തുടരുകയാണ്. ഈ വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്ന രാജ്യങ്ങള്‍ തന്നെയാണ് ഇസ്രയേലിലേക്ക് ആയുധങ്ങള്‍ കയറ്റുമതി ചെയ്തത് എന്നതാണ് മറ്റൊരു യാഥാര്‍ഥ്യം. യുദ്ധം ആരംഭിച്ചതിന് ശേഷം,റഫയിലെ അഭയാര്‍ഥി ക്യാമ്പിനു നേരെ ആക്രമണമുണ്ടാകുന്നതു വരെ 10,000ല്‍ പരം വന്‍ പ്രഹരശേഷിയുള്ള ആയുധങ്ങളാണ് ബൈഡന്‍ ഭരണകൂടം ഇസ്രയേലിനു നല്‍കിയത്. ഇസ്രയേലിനു ആയുധവും ഗാസക്ക് കണ്ണീരുമാണ് ലോക രാജ്യങ്ങള്‍ നല്‍കിയത്.

ഇസ്രയേലിന്‍റെ നരമേധത്തില്‍ ഇതുവരെ, അതായത് 2024 ഒക്ടോബര്‍ 6ന് 1.49 വരെ, ഗാസയില്‍ കൊല്ലപ്പെട്ടത് 41788 പേരാണ്. പരുക്കേറ്റത് 96,794 പേര്‍ക്കും. ഹമാസ് നിയന്ത്രണത്തിലുള്ള ഗാസ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കാണിത്. ഒരോ മിനിറ്റിലും ഈ കണക്കുകള്‍ മാറിക്കൊണ്ടിരിക്കുന്നു. ചുരുക്കി പറഞ്ഞാല്‍ ഗാസയില്‍ ഇപ്പോള്‍ ശേഷിക്കുന്നത് ഒക്ടോബര്‍ 7ന്‍റെ ഇരകളും അതിജീവിതരും മാത്രമാണ്.

Also Read: ഗാസയിലെ അമ്മമാര്‍ കുട്ടികളെ പഠിപ്പിക്കുകയാണ്, ചിറകുകളില്ലാതെ പറക്കാന്‍...

വീണ്ടും 2023 ഓക്ടോബര്‍ 7ലേക്ക് തിരികെ പോകാം. അന്ന് മ്യൂസിക്ക് ഫെസ്റ്റിവലില്‍ പങ്കെടുത്ത, കൊല്ലപ്പെടാതെ രക്ഷപ്പെട്ടവരില്‍ ഒരാള്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധിക്കുക - "ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത് ഒരു ചരിത്ര സംഭവമല്ല, ഇത് മുന്‍കാലങ്ങളില്‍ നടന്ന കാര്യമല്ല, ഞങ്ങള്‍ എല്ലാ ദിവസവും ആ യാഥാര്‍ഥ്യത്തിലാണ് ജീവിക്കുന്നത്.'

അവര്‍ മാത്രമല്ല ഇന്ന് ഗാസയിലും ലബനനിലും അനേക ലക്ഷം പേര്‍ ജീവിക്കുന്നത് ആ ദിവസം ബാക്കിയാക്കിയ യാഥാര്‍ഥ്യത്തിലാണ്. ഭീതി..അതാണ് ആ യാഥാര്‍ഥ്യം.

IPL 2025
KKR vs GT LIVE Score| കൊല്‍ക്കത്തയുടെ മോഹങ്ങള്‍ തല്ലിക്കെടുത്തി ഗുജറാത്ത്; ജയം 39 റണ്‍സിന്
Also Read
user
Share This

Popular

KERALA
KERALA
"റഷ്യൻ കൂലിപട്ടാളത്തിൽ കുടുങ്ങിക്കിടക്കുന്ന യുവാവിൻ്റെ മോചനം വേഗത്തിലാക്കണം"; വിദേശകാര്യ മന്ത്രിക്ക് കത്തയച്ച് കെ.സി. വേണുഗോപാൽ