2020 മുതല്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന ഉമര്‍ ഖാലിദിന് മേല്‍ യു.എ.പി.എ അടക്കം 18 കേസുകളാണ് ചാര്‍ജ് ചെയ്യപ്പെട്ടിട്ടുള്ളത്
'ഈ പറയുന്ന പേരുകള്‍ കുറിച്ചെടുത്തോളൂ. ഇവര്‍ക്ക് റിലീസാണ്'
എന്നും രാത്രി തിഹാര്‍ ജയിലില്‍ ഇങ്ങനെ ഒരു അറിയിപ്പ് മുഴങ്ങും. ആ ലിസ്റ്റില്‍ തന്‍റെ പേരുണ്ടോ എന്ന് ശ്രദ്ധിച്ച് ഒരു മുപ്പത്തിയേഴുകാരന്‍ കാത്തിരിക്കും. ജെ.എന്‍.യു മുന്‍ വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദ്. 2020 ലെ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് യു.എ.പി.എ, രാജ്യദ്രോഹം എന്നിങ്ങനെ ഇന്ത്യന്‍ പീനല്‍ കോഡിലെ 18 കേസുകള്‍ ചുമത്തിയാണ് ഉമര്‍ ഖാലിദിനെ ജയിലിലടച്ചിരിക്കുന്നത്. 2020 സെപ്റ്റംബര്‍ 14 നായിരുന്നു അറസ്റ്റ്. അതിന് ശേഷം മേല്‍-കീഴ് കോടതികളിലെ ജാമ്യാപേക്ഷ സമര്‍പ്പണവും തുടര്‍ച്ചയായ ജാമ്യ നിഷേധവുമാണ് ഉമറിന് നേരിടേണ്ടി വന്നത്.
2021ല്‍ കോവിഡ് കാലത്ത് ഉമര്‍ ഖാലിദ് തിഹാര്‍ ജയിലില്‍ നിന്ന് സുഹൃത്തുക്കള്‍ക്കെഴുതിയ കത്തില്‍ പറയുന്നത്; 'ഇപ്പോഴത്തെ അസാധാരണ സാഹചര്യം കണക്കിലെടുത്ത് സര്‍ക്കാര്‍ രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കാന്‍ തയ്യാറാകുമോ? ഇല്ല. എനിക്ക് അത്തരം പ്രതീക്ഷകളൊന്നും തന്നെയില്ല. കാരണം, കഴിഞ്ഞ വര്‍ഷം മഹാമാരി തുടങ്ങിയപ്പോൾ മാധ്യമശ്രദ്ധ മുഴുവന്‍ ആരോഗ്യത്തിലും സാമ്പത്തിക മാന്ദ്യത്തിലും ഊന്നല്‍ നല്‍കുമ്പോഴാണ് സര്‍ക്കാര്‍ പൗരത്വ പ്രതിഷേധങ്ങള്‍ക്ക് മേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസാരിച്ച ഞങ്ങളില്‍ പലരെയും ഈ മഹാമാരിയെ മറയാക്കിയാണല്ലോ ജയിലില്‍ അടച്ചത്.
...പത്രത്തില്‍ ദിനംപ്രതി കാണുന്ന മരണ വാര്‍ത്തകള്‍ എന്‍റെ നിരാശ വര്‍ധിപ്പിക്കുകയും ആ സമയങ്ങളില്‍ തടവുമുറി വല്ലാതെ ചുരുങ്ങുന്നതായും തോന്നും. ഭയം എന്‍റെ ശരീരത്തെയും മനസിനെയും ബാധിക്കുന്നതായി തോന്നും. അപ്പോഴൊക്കെ വീട്ടിലേക്ക് വിളിക്കാന്‍ ആഴ്ചയില്‍ ഒരിക്കല്‍ അനുവദിക്കുന്ന അഞ്ചു മിനുട്ട് ഫോണ്‍ കോളിനും രണ്ട് തവണ അനുവദിക്കുന്ന വീഡിയോ കോളിനും വേണ്ടി കാത്തിരിക്കും. ഒന്ന് സംസാരിച്ച് തുടങ്ങുമ്പോഴേക്കും സമയം മാഞ്ഞു പോകും. കോള്‍ അവസാനിപ്പിക്കാനുള്ള സമയമാകും. വീട്ടിലേക്ക് വിളിച്ച് സംസാരിക്കുന്ന ഓരോ സെക്കന്റും ഇത്രയും വിലപ്പെട്ടതാണെന്ന് അതുവരെ എന്‍റെ ജീവിതത്തില്‍ ഒരിക്കല്‍ പോലും തോന്നിയിരുന്നില്ല.' എന്നാണ്.
ഇന്നേക്ക് ഉമര്‍ ഖാലിദ് ജയിലലടക്കപ്പെട്ടിട്ട് നാല് വര്‍ഷം പൂര്‍ത്തിയാവുകയാണ്. ജാമ്യത്തിനായി കീഴ്ക്കോടതി മുതല്‍ സുപ്രീം കോടതി വരെ നിരവധി ഹര്‍ജികള്‍ നല്‍കിയിട്ടും ഒന്നും ഫലം കണ്ടില്ല. സുപ്രീം കോടതി തന്നെ നിരവധി തവണ മാറ്റി വെച്ചിട്ടുണ്ട് ഉമര്‍ ഖാലിദിന്‍റെ ജാമ്യഹര്‍ജി. തുടര്‍ച്ചയായ നീതി നിഷേധങ്ങള്‍ക്ക് നടുവിലാണ് ഉമര്‍ ഖാലിദ് എന്ന 37 കാരനായ ജെഎന്‍യു വിദ്യാര്‍ഥി.
ഫെബ്രുവരിയില്‍ സുപ്രീം കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷ പിന്‍വലിക്കുകയും വിചാരണ കോടതിയില്‍ പുതിയ അപേക്ഷ നല്‍കുകയും ചെയ്തു. എന്നാല്‍ മെയ് 28ന് വിചാരണ കോടതി ജാമ്യ ഹര്‍ജി തള്ളി. കഴിഞ്ഞ മാസവും ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് ഡല്‍ഹി ഹൈക്കോടതി പിന്മാറിയിരുന്നു. ജസ്റ്റിസ് അമിത് ശര്‍മ അംഗമല്ലാത്ത മറ്റൊരു ബെഞ്ചിന് മുന്നില്‍ ജൂലൈ 24ന് സമര്‍പ്പിക്കാനാണ് നിര്‍ദേശം നല്‍കിയത്.
ജയില്‍ വാസത്തിനിടെ ഒരു തവണ മാത്രമാണ് ഉമര്‍ ഖാലിദിന് ജാമ്യം ലഭിച്ചത്. തന്‍റെ സഹോദരിയുടെ വിവാഹത്തിന് പങ്കെടുക്കാനായിരുന്നു ഒരാഴ്ച നീണ്ടു നിന്ന ജാമ്യം. ഏകദേശം 800 ഓളം ദിവസങ്ങള്‍ തുടര്‍ച്ചയായി ജയിലില്‍ കിടന്നതിന് ശേഷമായിരുന്നു ആ ഇടക്കാല ജാമ്യം. 2022 ഡിസംബര്‍ അവസാന ആഴ്ച ജാമ്യം ലഭിക്കുകയും ഡിസംബര്‍ 30ന് തന്നെ ജയിലില്‍ കീഴടങ്ങുകയും ചെയ്തു ഉമര്‍. കുടുംബത്തോട് യാത്ര പറഞ്ഞ് ചിരിച്ചുകൊണ്ട് ജയിലിലേക്ക് മടങ്ങുന്ന ഉമറിന്‍റെ ചിത്രം പിതാവ് എസ് ക്യൂ ആര്‍ ഇല്യാസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.
ഡല്‍ഹി കലാപം
2019 ല്‍ കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ പൗരത്വ നിയമ ഭേദഗതിക്കെതിരെ (സി.എ.എ) ഡല്‍ഹിയിലും ഇന്ത്യയിലെ മറ്റിടങ്ങളിലും വലിയ തോതിലുള്ള പ്രതിഷേധങ്ങളാണ് ഉയര്‍ന്നത്. പുതിയ ഭേദഗതി പ്രകാരം 2014, ഡിസംബറിന് മുന്‍പ് പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ളാദേശ് എന്നിവിടങ്ങളില്‍ നിന്നും ഇന്ത്യയില്‍ അഭയം തേടിയ ഹിന്ദു, സിക്ക്, പാഴ്സി, ജൈന, ക്രിസ്ത്യന്‍, ബുദ്ധ മതവിശ്വാസികള്‍ ഇന്ത്യന്‍ പൗരത്വം ലഭിക്കാന്‍ അര്‍ഹരാവുന്നു. എന്നാല്‍ മതത്തിന്‍റെ അടിസ്ഥാനത്തില്‍ പൗരത്വം നല്‍കുകയും മുസ്ലിങ്ങളെ ഒഴിവാക്കുകയും ചെയ്യുന്നത് ഇന്ത്യയുടെ മതനിരപേക്ഷ മുഖത്തിന് ചേരുന്നതല്ല എന്നാണ് വിമര്‍ശനങ്ങള്‍. ഈ നിയമ ഭേദഗതിയെ എന്‍ആര്‍സിയുമായി (നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സ്) ചേര്‍ത്തു വായിച്ച പ്രതിഷേധക്കാരുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നും ഉണ്ടായതുമില്ല. ഡല്‍ഹി കൂടാതെ മുംബൈ, ഹൈദരാബാദ്, കൊല്‍ക്കത്ത, അലിഗഡ്, ലഖ്നൗ, ഹൈദരാബാദ്, കേരളം എന്നിവിടങ്ങളില്‍ വലിയ തോതിലുള്ള പ്രതിഷേധങ്ങളാണ് നിയമ ഭേദഗതിയ്ക്ക് എതിരെ ഉണ്ടായത്. ഡല്‍ഹിയില്‍ ഷഹീന്‍ ബാഗില്‍ വനിതകളുടെ നേതൃത്വത്തില്‍ നടന്ന സമരവും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. ഉലയാതെ നിന്ന സ്ത്രീകളുടെ പ്രതിഷേധത്തിന് രാജ്യവ്യാപകമായി പിന്തുണ പ്രഖ്യാപിക്കപ്പെട്ടു. തെരുവില്‍ സ്ത്രീകള്‍ ഇറങ്ങിയ സമരത്തെ സര്‍ക്കാര്‍ അടിച്ചമര്‍ത്തിയത് കോവിഡ് മഹാമാരിയുടെ പേരിലാണ്.
ഡിസംബര്‍ 15 നു അലിഗഡ് യൂണിവേഴ്സിറ്റിയിലെ സി.എ.എ വിരുദ്ധ സമരത്തിനെ ബാറ്റണുകളും ടിയര്‍ ഗ്യാസുകളും ഉപയോഗിച്ചാണ് ഡല്‍ഹി പൊലീസ് നേരിട്ടത്. ക്യാമ്പസ്സിനുള്ളിലേക്ക് അനധികൃതമായി കടന്ന പൊലീസ് നൂറോളം വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു. ഇതിനെ തുടര്‍ന്ന് രാജ്യത്താകമാനം പ്രതിഷേധങ്ങളുണ്ടായി. 2020 ഫെബ്രുവരിയിലെ ഡല്‍ഹി തെരഞ്ഞെടുപ്പിനായുള്ള പ്രചാരണത്തിലും വലിയ തോതിലുള്ള വിദ്വേഷ പരാമര്‍ശങ്ങള്‍ ബിജെപി നേതാക്കളില്‍ നിന്നും ഉയര്‍ന്നതോടു കൂടി പ്രതിഷേധങ്ങളുടെ മൂര്‍ച്ച കൂടി. 22 ഫെബ്രുവരി, 2020 ല്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ജഫ്‌റാബാദ് മെട്രോ സ്റ്റേഷന് മുന്നില്‍, ഭീം ആര്‍മിയുടെ ഭാരത് ബന്ദിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആയിരത്തോളം സി.എ.എ വിരുദ്ധ പ്രതിഷേധക്കാര്‍ തടിച്ചു കൂടുകയും മെട്രോ സ്റ്റേഷനിലേക്കുള്ള പ്രവേശനം തടസ്സപ്പെടുകയും ചെയ്തു. ഫെബ്രുവരി 23 നു കലാപം നടക്കുന്നതിനു ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പാണ് ബിജെപി നേതാവ് പങ്കജ് മിശ്ര പ്രതിഷേധക്കാരെ റോഡില്‍ നിന്നും നീക്കണമെന്ന് പൊലീസിന് അന്ത്യശാസനം നല്‍കുന്നത്. ഇതിനോടുള്ള പ്രതികരണമെന്ന പോലെ മൗജ്പുര്‍ ചൗക്കില്‍ സി.എ.എ അനുകൂലികള്‍ കൂടി സംഘം ചേരുകയും ഇരുകൂട്ടരും തമ്മില്‍ സംഘര്‍ഷമുണ്ടാവുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് ലാത്തി ചാര്‍ജ് നടത്തി ആള്‍ക്കൂട്ടത്തെ പിരിച്ചു വിടുകയായിരുന്നു. ഉച്ചയോടുകൂടി വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ പല ഭാഗങ്ങളിലും സംഘര്‍ഷം ആരംഭിച്ചു. കലാപം അടിച്ചമര്‍ത്തുന്നതിനിടയില്‍ ഡല്‍ഹി പൊലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ ലാല്‍ കൊല്ലപ്പെട്ടു. പിന്നീടുള്ള ദിവസങ്ങളില്‍ രാജ്യ തലസ്ഥാനത്തെ പല ഭാഗങ്ങളിലും സംഘര്‍ഷം രൂക്ഷമായി. 3 കുട്ടികളടക്കം 53 പേരാണ് ഡല്‍ഹി സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്. ഇതില്‍ ഭൂരിഭാഗവും മുസ്ലീം വിഭാഗത്തില്‍ നിന്നുള്ളവരായിരുന്നു.
ഉമര്‍ ഖാലിദും ഡല്‍ഹി കലാപവും പൊലീസ് കാഴ്ചയില്‍
ഡല്‍ഹിയെ കലാപത്തിലേക്ക് നയിച്ച പ്രതിഷേധ പ്രവര്‍ത്തനങ്ങളിലും ഗൂഢാലോചനയിലും പങ്കാളിയായി എന്നതാണ് ഉമര്‍ ഖാലിദിന് നേരെയുള്ള കുറ്റം. 2020 നവംബറില്‍ ഡല്‍ഹി ഹൈക്കോടതിയില്‍ പൊലീസ് സമര്‍പ്പിച്ച ചാര്‍ജ് ഷീറ്റ് (എഫ്.ഐ.ആര്‍ 59 /2020) പറയുന്നത് ഉമര്‍ ഖാലിദും ഷര്‍ജീല്‍ ഇമാമും ഗൂഢാലോചനയും കലാപാഹ്വാനവും നടത്തിയെന്നാണ്. 2020 ഒക്ടോബറില്‍ ഉമറിന് മേലുള്ള കുറ്റകൃത്യങ്ങളുടെ കൂട്ടത്തില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഖജൂരിഖാസില്‍ നടന്ന വിധ്വംസന പ്രവര്‍ത്തനങ്ങളും തീവെപ്പും കൂടി കൂട്ടിചേര്‍ത്ത് ഡല്‍ഹി പൊലീസ് മറ്റൊരു എഫ്.ഐ.ആര്‍ (എഫ്.ഐ.ആര്‍ 101 / 2020) ഫയല്‍ ചെയ്തു. കുറ്റവാളികളുമായി ഉമറിന് ബന്ധമുള്ളതായി സ്ഥാപിക്കുന്ന തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് അവകാശപ്പെടുന്നത്. നാല് വര്‍ഷമായി കേസില്‍ വിചാരണയ്ക്കായി കാത്തിരിക്കുകയാണ് ഇപ്പോഴും ഉമര്‍.
നാലു വര്‍ഷത്തെ ജാമ്യാപേക്ഷയും നീതി നിഷേധവും- നാള്‍വഴികള്‍
2021 ഏപ്രിലില്‍ ഡല്‍ഹി സെഷന്‍സ് കോടതിയില്‍ നിന്നും, എഫ്.ഐ.ആര്‍ 101/2020 പ്രകാരം ചാര്‍ജ് ചെയ്ത കേസില്‍ ജാമ്യം ലഭിച്ചുവെങ്കിലും മറ്റൊരു കേസ് കൂടി നിലവില്‍ ഉള്ളതിനാല്‍ ജയിലില്‍ തുടരേണ്ടി വന്നു. 2021 ജൂലൈയില്‍ സെഷന്‍സ് കോടതിയ്ക്ക് മുന്‍പാകെ വീണ്ടും ജാമ്യത്തിന് അപേക്ഷിച്ചെങ്കിലും കോടതി ഹര്‍ജി പരിഗണിച്ചത് 2021 ഓഗസ്റ്റില്‍ മാത്രമാണ്. സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അമിത് പ്രസാദിന്‍റെ നേതൃത്വത്തിലുള്ള പ്രോസിക്യൂഷന്‍ ഉമര്‍ ഖാലിദിന് നേരെ വലിയ തോതിലുള്ള ആരോപണങ്ങളാണ് ഉയര്‍ത്തിക്കൊണ്ട് വന്നത്. ഡല്‍ഹി പ്രൊട്ടസ്റ്റ് സപ്പോര്‍ട്ട് ഗ്രൂപ്പ് എന്ന വാട്സാപ്പ് ഗ്രൂപ്പില്‍ വന്ന സന്ദേശങ്ങള്‍ പരിശോധിച്ചാല്‍ 'സര്‍ക്കാരിനെ മുട്ട് കുത്തിക്കണം' എന്ന വിചാരത്തോടെ ഉമര്‍ ഖാലിദ് പ്രവര്‍ത്തിച്ചു എന്ന് മനസ്സിലാക്കാന്‍ സാധിക്കുമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ഡല്‍ഹി കലാപത്തെ ചുറ്റിപ്പറ്റി നടന്ന വലിയ ഒരു ഗൂഢാലോചനയുടെ ഭാഗമാണ് ഉമര്‍ ഖാലിദ് എന്ന് പറഞ്ഞാണ് അമിത് പ്രസാദ് വാദം അവസാനിപ്പിച്ചത്.
എട്ടു മാസത്തെ വാദം കേള്‍ക്കലിന് ശേഷം 2022 മാര്‍ച്ച് 24നു കോടതി ഉമര്‍ ഖാലിദിന് ജാമ്യം നിഷേധിച്ചു. പ്രഥമ ദൃഷ്ടിയാലുള്ള പരിശോധനയില്‍ 2020 ലെ ഡല്‍ഹി കലാപത്തിന് പിന്നില്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്നും അതില്‍ ഉമര്‍ ഖാലിദിന് പങ്കുണ്ടെന്നും അഡീഷണല്‍ സെഷന്‍സ് ജഡ്ജി അമിതാബ് റാബത് പ്രസ്താവിച്ചു.
2022 ഏപ്രില്‍ 29ന് ഉമര്‍ ഖാലിദിന്‍റെയും ഷര്‍ജീല്‍ ഇമാമിന്‍റെയും അപ്പീല്‍ ഹര്‍ജികള്‍ ഒന്നിച്ച് പരിഗണിച്ചു. എന്നാല്‍ രാജ്യദ്രോഹ കുറ്റത്തിന്‍റെ ഭരണഘടനാ സാധ്യതയെ ചോദ്യം ചെയ്തു കൊണ്ടുള്ള ഒരു ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണയില്‍ ഉള്ളതിനാല്‍, അത് തീര്‍പ്പായത്തിനു ശേഷം ഈ കേസ് പരിഗണനയിലെടുക്കാം എന്ന നിലപാടാണ് ജഡ്ജിമാരായ സിദ്ധാര്‍ഥ് മൃദുലും രജനീഷ് ഭട്നഗറും സ്വീകരിച്ചത്.
2022 മെയ് 20 ന് ഡല്‍ഹി ഹൈക്കോടതിയിലെ സ്പെഷ്യല്‍ ബെഞ്ച് ഉമര്‍ ഖാലിദിന്‍റെ' അമരാവതി പ്രസംഗത്തില്‍ വാദം കേള്‍ക്കുവാന്‍ തുടങ്ങി. സി.എ.എ വിരുദ്ധ പ്രതിഷേധങ്ങളുടെ ഭാഗമായി മഹാരാഷ്ട്രയിലെ അമരാവതിയില്‍ വെച്ച് ഉമര്‍ ഖാലിദ് നടത്തിയ പ്രസംഗം കലാപാഹ്വാനമാണെന്നായിരുന്നു വാദം. തുടര്‍ന്ന് നടന്ന വാദങ്ങളില്‍ ഡല്‍ഹി പൊലീസ് ചാര്‍ജ് ഷീറ്റില്‍ വസ്തുതകള്‍ വളച്ചൊടിച്ചിരിക്കുകയാണെന്ന് ഉമറിന്‍റെ അഭിഭാഷകന്‍ തൃദീപ് പയസ് വാദിച്ചു. കൂടാതെ ജാമ്യ ഹര്‍ജി പരിഗണിക്കുമ്പോള്‍ പൊലീസ് സമര്‍പ്പിച്ച തെളിവുകളുടെ വസ്തുത കോടതി പരിശോധിക്കേണ്ടതുണ്ടോ എന്നൊരു ചോദ്യം കൂടി തൃദീപ് മുന്നോട്ട് വെച്ചു. 2022 ഒക്ടോബര്‍ 18 ന് ഉമറിന്‍റെ ജാമ്യ ഹര്‍ജി വീണ്ടും തള്ളി. പൊലീസ് ഉമറിന് മേല്‍ ആരോപിച്ച കുറ്റങ്ങള്‍ മുഖ വിലയ്‌ക്കെടുക്കുകയായിരുന്നു കോടതി. ഇതില്‍ യു.എ.പി.എയും തീവ്രവാദ പ്രവര്‍ത്തനവും ഉള്‍പ്പെടുന്നു. കേസിലുടനീളം ഉമറിന് 'തീവ്രവാദി' ചാപ്പ അടിച്ചു നല്‍കാന്‍ പ്രോസിക്യൂഷനും പൊലീസും ശ്രമിച്ചുകൊണ്ടേയിരുന്നു എന്ന് വാദം കേള്‍ക്കുമ്പോഴേ ഉമര്‍ ഖാലിദിന്‍റെ അഭിഭാഷകര്‍ ആരോപിച്ചിരുന്നു. അത് ശെരി വെയ്ക്കുന്നത് തന്നെയായിരുന്നു കോടതിയുടെ വിധി.
2022 നവംബര്‍ 18 ന് കാകര്‍ദുമാ കോടതിയില്‍, പെങ്ങളുടെ കല്യാണത്തില്‍ പങ്കെടുക്കുവാനായി, രണ്ട് ആഴ്ച ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയ ഉമര്‍ ഖാലിദിന് അനുകൂലമായ വിധിയാണ് ലഭിച്ചത്. കൂടാതെ ഉമര്‍ ഖാലിദിനെ 2020 ഫെബ്രുവരിയിലെ കല്ലേറ് കേസില്‍ നിന്നും വിമുക്തതനാക്കുകയും ചെയ്തു. എന്നാല്‍, ഗൂഢാലോചന കേസ് നിലനില്‍ക്കുന്നതിനാല്‍ ഉമറിന് ജയിലില്‍ തുടരേണ്ടി വന്നു.
2020 ഡിസംബര്‍ 23 മുതല്‍ 30 വരെയാണ് ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം ലഭിച്ചത്. 2022 ഒക്ടോബറില്‍ ഡല്‍ഹി ഹൈക്കോടതി ജാമ്യം നിഷേധിച്ച നടപടിക്ക് എതിരായി സുപ്രീം കോടതിയില്‍ സ്പെഷ്യല്‍ ലീവ് പെറ്റിഷന്‍ സമര്‍പ്പിച്ചെങ്കിലും കേസ് കേള്‍ക്കേണ്ട രണ്ടംഗ ബെഞ്ചില്‍ നിന്നും ജസ്റ്റിസ് പി.കെ. മിശ്ര പിന്മാറിയതിനാല്‍ സുപ്രീം കോടതിയുടെ കോസ് ലിസ്റ്റില്‍ നിന്നും ജാമ്യാപേക്ഷ നീക്കപെട്ടു. പ്രമുഖ അഭിഭാഷകനായ കപില്‍ സിബലാണ് ഉമര്‍ ഖാലിദിനെ പ്രതിനിധീകരിച്ചത്. ഒട്ടനവധി മാറ്റി വെയ്ക്കലുകള്‍ക്കും സമയം ചോദിക്കലുകള്‍ക്കും ബെഞ്ച് മാറ്റങ്ങള്‍ക്കും ശേഷം 2024 ഫെബ്രുവരി 7 ന് ഉമര്‍ ഖാലിദ് സുപ്രീം കോടതിയില്‍ നിന്നും തന്‍റെ ഹര്‍ജി പിന്‍വലിച്ചു. ട്രയല്‍ കോടതിയില്‍ ഭാഗ്യം പരീക്ഷിക്കുവാനായിരുന്നു ഈ നീക്കം. എന്നാല്‍ ഒടുവില്‍ കാകര്‍ദുമാ കോടതിയില്‍ സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയും 2024 മെയ് 28 ന് തള്ളുകയാണ് ഉണ്ടായത്.
2022 സ്വാതന്ത്ര്യ ദിനത്തില്‍ എഴുത്തുകാരനും സാമൂഹ്യ പ്രവര്‍ത്തകനുമായ രോഹിത് കുമാറിന് എഴുതിയ കത്തില്‍ ഉമര്‍ ഖാലിദ് കുറിച്ചത് ഇങ്ങനെയാണ്: 'ആര്‍ക്കാണ് വസ്തുതകളിലും വിശദശാംശങ്ങളിലും താല്പര്യം. ഇന്നത്തെ ഇന്ത്യയില്‍ സത്യം ജനങ്ങളിലേക്ക് എത്തുന്നില്ല. ഞാന്‍ പറയുന്നതിനേക്കാളൊക്കെ ഉപരിയായി പത്ര മാധ്യമങ്ങളിലെ തലക്കെട്ടുകളാണ് ജനങ്ങളില്‍ മുദ്രണം ചെയ്യപ്പെടുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷം ഞാന്‍ നിരീക്ഷണത്തില്‍ നിന്നും മനസ്സിലാക്കിയതാണ് ജനങ്ങള്‍ക്ക് അച്ചടിച്ച വാക്കുകളിലുള്ള യുക്തിരഹിതമായ വിശ്വാസം. നിങ്ങളുടെ തന്നെ പ്രയോഗത്തില്‍ അവ കണ്ണിനു മുന്നിലെ തെളിവുകളാണ്. പത്രത്തിൽ വന്നതുകൊണ്ട് സത്യമായിരിക്കും എന്നൊരു തോന്നല്‍.'
മെയ് 30 ന് ഷര്‍ജീല്‍ ഇമാമിന് ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു. എന്നാല്‍ മറ്റു കേസുകള്‍ നിലനില്‍ക്കുന്നതിനാല്‍ ഷാര്‍ജീലിനു ഉടനെ പുറത്തിറങ്ങാന്‍ സാധിക്കില്ല. ഉമര്‍ ഖാലിദ് ഇപ്പോഴും ജയിലിലാണ്. പുറത്ത് വാര്‍ത്തകള്‍ അനവധിയാണ്. അതിന്‍റെ വസ്തുത തിരക്കാന്‍ ജനങ്ങള്‍ മെനക്കെടാറില്ല. അനുസരണയുള്ള പൗരനും പ്രേക്ഷകനുമായി അവര്‍ കോടതിയെയും പൊലീസിനെയും മാധ്യമങ്ങളെയും വിശ്വസിക്കുന്നു.