ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ ഉൾപ്പെടെയുള്ള എല്ലാ സ്‌കൂളുകള്‍ക്കും അവധിയായിരിക്കുമെന്ന് ഉത്തരവില്‍ പറയുന്നു
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ ഓവറോൾ ചാമ്പ്യൻമാരായതിന് പിന്നാലെ തൃശൂർ ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ (ജനുവരി 10) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. തിരുവനന്തപുരത്ത് നടന്ന 63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ 26 വര്‍ഷത്തിനു ശേഷമാണ് തൃശൂര്‍ ജില്ല ചാമ്പ്യന്‍മാരായത്. ഇത് ജില്ലയ്ക്ക് അഭിമാനാര്‍ഹമായ വിജയമായതിനാല്‍ ആഹ്ലാദ സൂചകമായി ജില്ലയിലെ മുഴുവൻ സ്കുളുകൾക്കും അവധി പ്രഖ്യാപിക്കുന്നതായി ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു. ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ ഉൾപ്പെടെയുള്ള എല്ലാ സ്‌കൂളുകള്‍ക്കും അവധിയായിരിക്കുമെന്ന് ഉത്തരവില്‍ പറയുന്നു.
1008 പോയിന്റോടുകൂടിയാണ് തൃശൂര്‍ സംസ്ഥാന കലോത്സവത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയത്. ഒറ്റ പോയിന്റിന്റെ വ്യത്യാസത്തിലാണ് പാലക്കാടിന് ചാമ്പ്യന്‍ഷിപ്പ് നഷ്ടമായത്. കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ കണ്ണൂര്‍ ജില്ല മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ALSO READ: വിജയാവേശത്തില്‍ നാട്; സ്വര്‍ണക്കപ്പിന്റെ മാതൃക തൃശൂരിലെ കൊരട്ടിയില്‍ എത്തിച്ചു
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ ഓവറോൾ ചാമ്പ്യന്മാര്‍ക്ക് ഇന്ന് ജില്ലയിൽ വലിയ സ്വീകരണം നൽകിയിരുന്നു. സ്വര്‍ണക്കപ്പിന്റെ മാതൃക കൊരട്ടിയില്‍ എത്തിച്ചായിരുന്നു സ്വീകരണം. റവന്യൂ മന്ത്രി കെ. രാജൻ, ഡിഡിഇ അജിത കുമാരി എന്നിവര്‍ വിജയികള്‍ക്കൊപ്പം കൊരട്ടിയില്‍ എത്തി.
25 വര്‍ഷത്തിന് ശേഷം അഭിമാനകരമായ സ്വര്‍ണക്കപ്പ്, അതും ചരിത്ര പോയിന്റോടെ നേടുന്ന അഭിമാനകരമായ നിമിഷമാണിതെന്ന് മന്ത്രി കെ. രാജൻ പ്രതികരിച്ചു. ഫോട്ടോ ഫിനിഷിങ്ങില്‍ തൃശൂര്‍ തന്നെ നേടുമെന്ന് ഉറപ്പുണ്ടായിരുന്നെങ്കിലും എല്ലാവര്‍ക്കും ഒരു ടെന്‍ഷന്‍ ഉണ്ടായിരുന്നുവെന്നും മന്ത്രി പറഞ്ഞു.