സംസ്ഥാനത്ത് സെലാ പാസിൽ മഞ്ഞു തടാകം സന്ദർശിക്കുന്നതിനിടെ ഒരു കൂട്ടം സഞ്ചാരികൾ അപകടത്തിൽ പെട്ടിരുന്നു
അരുണാചൽ പ്രദേശിലെത്തുന്ന സഞ്ചാരികൾക്ക് അപായ മുന്നറിയിപ്പുമായി കേന്ദ്രമന്ത്രി കിരൺ റിജിജു രംഗത്തെത്തിയത് കഴിഞ്ഞ ദിവസമാണ്. സംസ്ഥാനത്ത് സെലാ പാസിൽ മഞ്ഞു തടാകം സന്ദർശിക്കുന്നതിനിടെ ഒരു കൂട്ടം സഞ്ചാരികൾ അപകടത്തിൽ പെട്ടിരുന്നു.
മഞ്ഞു മൂടിയ തടാകത്തിൽ സഞ്ചരിക്കുന്നതിനിടെ പെട്ടെന്ന് മുകളിലെ മഞ്ഞുപാളി ഇടിഞ്ഞ് ടൂറിസ്റ്റ് സംഘം വെള്ളത്തിലേക്ക് വീഴുകയായിരുന്നു. മൈനസ് ഡിഗ്രി തണുപ്പിൽ അധികനേരം കിടന്നിരുന്നെങ്കിൽ ജീവാപായം വരെ സംഭവിക്കാമായിരുന്ന സാഹചര്യമാണ് അവിടെ ഉണ്ടായിരുന്നത്. എന്നാൽ സന്ദർഭോചിതമായി ഓടിയെത്തിയ മറ്റു ചില ടൂറിസ്റ്റുകൾ മുളവടി നീട്ടിയാണ് ഇവരെ കരകയറ്റിയത്.
അരുണാചൽ പ്രദേശുകാരനായ കേന്ദ്രമന്ത്രി കിരൺ റിജിജു എക്സിൽ അപകട വീഡിയോ പങ്കുവെച്ചാണ് ടൂറിസ്റ്റുകൾക്ക് മുന്നറിയിപ്പ് നൽകിയത്. ദുഷ്‌കരമായ ഭൂപ്രദേശങ്ങൾ സന്ദർശിക്കുമ്പോൾ കരുതൽ വേണമെന്നും അദ്ദേഹം സഞ്ചാരികളോട് അഭ്യർഥിച്ചു.
"അരുണാചൽ പ്രദേശിലെ സെലാ ചുരത്തിൽ എത്തുന്ന വിനോദസഞ്ചാരികൾക്കുള്ളതാണ് എൻ്റെ ഈ സന്ദേശം: പരിചയസമ്പന്നരായ ആളുകളോടൊപ്പം മാത്രം തണുത്തുറഞ്ഞ തടാകങ്ങളിൽ നടക്കുക. വഴുക്കലുള്ള മഞ്ഞ് റോഡുകളിൽ ശ്രദ്ധാപൂർവം വാഹനമോടിക്കുക, മഞ്ഞ് ഹിമപാതങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കുക, തണുപ്പ് കൂടുതലായതിനാൽ ചൂടുള്ള വസ്ത്രങ്ങൾ ധരിക്കണം, നിങ്ങളുടെ സുരക്ഷ പ്രധാനമാണ്,” കേന്ദ്രമന്ത്രി കിരൺ റിജിജു എക്സിൽ കുറിച്ചു.
ALSO READ: ഒടുവിൽ അല്ലു എത്തി; ചികിത്സയിൽ കഴിയുന്ന കുട്ടിയെയും കുടുംബത്തെയും സന്ദർശിച്ചു