fbwpx
'കട്ടന്‍ ചായയും പരിപ്പുവടയും'; പേര് തന്നെ ഇ.പിയെ പരിഹസിക്കുന്നതിന് സമം; ഗൂഢാലോചന വിശദീകരിക്കേണ്ടത് ഞാനല്ല: ടി.പി. രാമകൃഷ്ണന്‍
logo

ന്യൂസ് ഡെസ്ക്

Last Updated : 13 Nov, 2024 01:20 PM

ആര്‍ക്കാണ് ഉത്തരവാദിത്തം എന്ന് പറയാന്‍ കഴിയില്ല. ജയരാജന് മാത്രമേ അത് പറായന്‍ കഴിയൂ. ഇ.പി. പറഞ്ഞതാണോ പ്രസാധകര്‍ പറഞ്ഞതാണോ ശരിയെന്നും എനിക്ക് പറയാന്‍ കഴിയില്ല.

KERALA


ഇ.പി. ജയരാജന്റെ ആത്മകഥാ വിവാദത്തില്‍ പ്രതികരണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍. കട്ടന്‍ചായയും പരിപ്പുവടയും എന്ന പേരു തന്നെ ഇ.പിയെ പരിഹസിക്കുന്നതിന് സമമാണെന്ന് ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ കൃത്രിമമാണെന്ന് ഇ.പി. ജയരാജന്‍ തന്നെ പറഞ്ഞു. ഉത്തരവാദിത്തം ആര്‍ക്കാണെന്ന് തനിക്ക് പറയാന്‍ കഴിയില്ലെന്നും അത് ജയരാജന് മാത്രമേ പറയാന്‍ കഴിയൂ എന്നും ടി.പി. രാമകൃഷ്ണന്‍ വ്യക്തമാക്കി.

'പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ കൃത്രിമമാണെന്ന് ഇപി തന്നെ പറഞ്ഞു. അദ്ദേഹം തന്നെ അത് നിഷേധിച്ചതായാണ് നമുക്ക് മുന്നിലുള്ളത്. ആര്‍ക്കാണ് ഉത്തരവാദിത്തം എന്ന് പറയാന്‍ കഴിയില്ല. ജയരാജന് മാത്രമേ അത് പറായന്‍ കഴിയൂ. ഇ.പി. പറഞ്ഞതാണോ പ്രസാധകര്‍ പറഞ്ഞതാണോ ശരിയെന്ന് എനിക്ക് പറയാന്‍ കഴിയില്ല. ഗൂഢാലോചന ഇ.പിയാണ് വിശദീകരിക്കേണ്ടത്. കട്ടന്‍ ചായയും പരിപ്പുവടയും എന്ന പേര് തന്നെ ഇ.പിയെ പരിഹസിക്കുന്നതിന് സമമാണ്,' ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു.


ALSO READ: ഇപി പറയുന്നതേ വിശ്വസിക്കാന്‍ കഴിയൂ, ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള വിവാദം; പിന്തുണച്ച് പ്രകാശ് കാരാട്ടും വിഎന്‍ വാസവനും


ഇതുമായി ബന്ധപ്പെട്ട് തുടര്‍ന്നുള്ള കാര്യങ്ങളും പുറത്തുവരട്ടെ. പാര്‍ട്ടി നിയമ നടപടി സ്വീകരിക്കുമോ എന്ന് തുടര്‍ നിലപാട് ആലോചിച്ചിട്ട് പറയാമെന്നും ടി.പി. പറഞ്ഞു.

പാര്‍ട്ടിയെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ഇ.പി. തന്നെ പറഞ്ഞിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ വേണ്ടിയാണ് ഇപ്പോഴുള്ള വിവാദങ്ങള്‍. പാലക്കാട് ഇടതു സ്ഥാനാര്‍ഥിക്ക് ജനങ്ങളില്‍ നിന്നും ലഭിക്കുന്നത് വലിയ പ്രതികരണമാണ്. സിപിഎമ്മിന്റെ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് സരിനെ സ്ഥാനാര്‍ഥിയായി പാലക്കാട് നിശ്ചയിച്ചത്. ജനങ്ങള്‍ അതിന് വലിയ അംഗീകാരം നല്‍കുമെന്നും ടി.പി. രാമകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ മുതിര്‍ന്ന സിപിഎം നേതാവും പാർട്ടിയുടെ ഇടക്കാല കോ ഓര്‍ഡിനേറ്ററുമായി പ്രകാശ് കാരാട്ടും മന്ത്രി വി.എന്‍. വാസവനും ഇ.പി. ജയരാജന് പിന്തുണ നല്‍കി രംഗത്തെത്തിയിരുന്നു. ഇപ്പോഴുള്ള വിവാദം തെറ്റാണെന്ന് ഇ.പി. ജയരാജന്‍ തന്നെ പറഞ്ഞിട്ടുണ്ട്. അങ്ങനെയുള്ള ഒരു കാര്യവും പുസ്തകത്തില്‍ എഴുതിയിട്ടില്ല. അങ്ങനെ ഒരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുമില്ല. ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള വിവാദമാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് പ്രകാശ് കാരാട്ട് പറഞ്ഞത്.

ഇ.പി. പറയുന്നതേ വിശ്വസിക്കാന്‍ കഴിയൂ എന്നാണ് മന്ത്രി വി.എന്‍. വാസവനും പറയുന്നത്. ഈ പ്രശ്‌നം ജനിക്കാത്ത കുഞ്ഞിന്റെ ജാതകം വായിക്കാന്‍ ശ്രമിക്കുന്നത് പോലെയാണ്. ഡിസിയുടെ ഉത്തരവാദിത്തപ്പെട്ടവര്‍ അവകാശവാദവുമായി വന്നിട്ടില്ല. തെരഞ്ഞെടുപ്പ് ദിവസം വാര്‍ത്ത വന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും വാസവന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ഇപിയും ഡിസിയും നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണ്. രാഷ്ട്രീയമായ ദുരുദ്ദേശ്യത്തോടെയുള്ള വാര്‍ത്തയാണിതെന്നും വാസവന്‍ കൂട്ടിച്ചേര്‍ത്തു.

കട്ടന്‍ ചായയും പരിപ്പുവടയും എന്ന തലക്കെട്ടില്‍ പ്രചരിക്കുന്ന പിഡിഎഫിലെ ഉള്ളടക്കങ്ങള്‍ തന്റെ ആത്മകഥയിലേത് അല്ലെന്നാണ് ഇ.പി. ജയരാജന്‍ പറഞ്ഞത്. വയനാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ ഈ വാര്‍ത്ത പ്രചരിപ്പിക്കുന്നതില്‍ ഗൂഢാലോചനയുണ്ടെന്നും ഇ.പി. ജയരാജന്‍ ന്യൂസ് മലയാളത്തോട് പ്രതികരിച്ചിരുന്നു.


ALSO READ: "കട്ടൻ ചായയും പരിപ്പുവടയും എന്ന് പേര് നൽകുമോ, നിയമനടപടി സ്വീകരിക്കും"; ആത്മകഥാ വിവാദത്തിൽ ഇ.പി. ജയരാജൻ


'എന്റെ ആത്മകഥ പൂര്‍ത്തിയായിട്ടില്ല. ഇപ്പോഴും എഴുതികൊണ്ടിരിക്കുകയാണ്. ഈ പുസ്തകത്തിന്റെ പ്രസിദ്ധീകരണ ചുമതല ഞാന്‍ ഡിസി ബുക്‌സിനെ ഏല്‍പ്പിച്ചിട്ടില്ല. പ്രസിദ്ധീകരണം ആവശ്യപ്പെട്ട് മാതൃഭൂമി സമീപിച്ചിട്ടുണ്ട്. എന്നാല്‍ നിലവില്‍ ആര്‍ക്കും പ്രസിദ്ധീകരിക്കാനുള്ള അനുവാദം നല്‍കിയിട്ടില്ല. തെരഞ്ഞെടുപ്പ് ദിനം മുന്നില്‍കണ്ടുള്ള ആസൂത്രിതമായ ഗൂഢാലോചന മാത്രമാണിത്. സരിന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച കാര്യങ്ങളൊന്നും പുസ്തകത്തിലില്ല. ആത്മകഥയില്‍ പറയുന്നത് പഴയ കാര്യങ്ങള്‍ മാത്രമാണ്. പിഡിഎഫ് ഫോര്‍മാറ്റ് പുറത്തുവിട്ട ഡിസി ബുക്‌സിനെതിരെ നിയമനടപടി സ്വീകരിക്കും. 'കട്ടന്‍ ചായയും പരിപ്പുവടയും' എന്ന് ഞാന്‍ പുസ്തകത്തിന് പേര് നല്‍കുമോ,'' എന്നാണ് ഇ.പി. ജയരാജന്‍ ചോദിച്ചത്.

വിവാദം പുകയുന്നതിനിടെ കട്ടന്‍ ചായയും പരിപ്പുവടയും എന്ന പുസ്തകത്തിന്റെ പ്രസാധനം സാങ്കേതിക തടസം മൂലം നീട്ടിവെച്ചിരിക്കുന്നതായി ഡിസി ബുക്‌സും അറിയിച്ചിരുന്നു. ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഡിസി ബുക്‌സ് പുസ്തകത്തിന്റെ പ്രസാധനം നീട്ടിവെച്ചിരിക്കുന്നതായി അറിയിച്ചത്.


Also Read
user
Share This

Popular

NATIONAL
NATIONAL
ഇന്ത്യയെ മാറ്റിയ മന്‍മോഹനോമിക്‌സ്; സ്വതന്ത്ര ഇന്ത്യയിലെ ധിഷണാശാലിയായ നേതാക്കളില്‍ ഒരാള്‍