പുതിയ തസ്തിക നൽകാതെയാണ് സ്ഥലം മാറ്റം. പോലീസ് ആസ്ഥാനത്ത് റിപ്പോർട്ട് ചെയ്യണമെന്നും നിർദ്ദേശം.
പി.വി. അൻവർ എംഎൽഎയുമായുള്ള ഫോൺ സംഭാഷണ വിവാദത്തിൽ എസ്.പി സുജിത് ദാസിനെതിരെ കടുത്ത നടപടികളിലേക്ക് കടക്കാതെ സർക്കാർ. സുജിത് ദാസിനെ പത്തനംതിട്ട എസ്.പി സ്ഥാനത്ത് നിന്ന് സ്ഥലം മാറ്റത്തിനാണ് സർക്കാർ ഉത്തരവിട്ടത്. എന്നാൽ പുതിയ തസ്തിക നൽകാതെയാണ് സ്ഥലം മാറ്റം.
പൊലീസ് ആസ്ഥാനത്ത് റിപ്പോർട്ട് ചെയ്യണമെന്നാണ് സുജിത് ദാസിന് നൽകിയ നിർദ്ദേശം. പുതിയ പത്തനംതിട്ട എസ്.പിയായി വി.ജി വിനോദ് കുമാറിനെ നിയമിക്കാനും ഉത്തരവായി.
ALSO READ: എഡിജിപി അജിത് കുമാറിനെതിരെ നടപടിയില്ല; ആരോപണം അന്വേഷിക്കാന്‍ ഉന്നതതല സംഘം രൂപീകരിച്ച് മുഖ്യമന്ത്രി
അതേസമയം, പിവി അന്‍വര്‍ ആരോപണമുന്നയിച്ച എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെയും സര്‍ക്കാര്‍ മൃദു സമീപനമാണ് സ്വീകരിച്ചത്. അജിത് കുമാറിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ഉന്നതതലസംഘം രൂപീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കിയെങ്കിലും സ്ഥാനത്ത് നിന്ന് മാറ്റുന്ന തരത്തിലുള്ള നടപടികളിലേക്ക് സര്‍ക്കാര്‍ കടന്നില്ല.
ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ്, ഐജി ജി. സ്പര്‍ജന്‍ കുമാര്‍, തൃശൂര്‍ റേഞ്ച് ഡിഐജി തോംസണ്‍ ജോസ്, തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്പി എസ്. മധുസൂദനന്‍, തിരുവനന്തപുരം എസ്എസ്ബി ഇന്റലിജന്‍സ് എസ്പി എ ഷാനവാസ് എന്നിവരടങ്ങുന്ന സംഘമാണ് എംആര്‍ അജിത് കുമാറിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കുക.