വിചാരണാ നടപടികൾക്കായി സിപിഎം നേതാക്കളായ പി. ജയരാജൻ, ടി.വി. രാജേഷ് എന്നിവർ എറണാകുളം സിബിഐ കോടതിയിൽ ഹാജരായി
സിപിഎം നേതാക്കൾ പ്രതികളായ അരിയിൽ ഷുക്കൂർ വധക്കേസിലെ വിചാരണ നവംബറിൽ. കേസിലെ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. വിചാരണാ നടപടികൾക്കായി സിപിഎം നേതാക്കളായ പി. ജയരാജൻ, ടി.വി. രാജേഷ് എന്നിവർ എറണാകുളം സിബിഐ കോടതിയിൽ ഹാജരായിരുന്നു. ഗൂഡാലോചന കുറ്റമാണ് ഇരുവർക്കുമെതിരെ സിബിഐ ചുമത്തിയിട്ടുള്ളത്. 2012 ഫെബ്രുവരി 20 നാണ് എംഎസ്എഫ് പ്രവർത്തകൻ ഷുക്കൂര്‍ കൊല്ലപ്പെട്ടത്.
വിചാരണ നവംബറിൽ തുടങ്ങുമെന്നാണ് പബ്ലിക് പ്രൊസിക്യൂട്ടർ അറിയിച്ചത്. മരണപ്പെട്ട രണ്ട് പ്രതികൾ ഒഴികെ 31 പ്രതികൾ കോടതിയിൽ ഹാജരായിരുന്നു. പ്രതികൾ കുറ്റം നിഷേധിച്ചെന്ന് പബ്ലിക് പ്രൊസിക്യൂട്ടർ പറയുന്നു. പ്രതികൾക്കെതിരെ ശക്തമായ തെളിവുകൾ ഉണ്ടെന്നും പബ്ലിക് പ്രാസിക്യൂട്ടർ കോടതിയിൽ വ്യക്തമാക്കി.
ALSO READ: പാലക്കാട് സരിന്‍ തന്നെ; സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനം അറിയിച്ചു
കുറ്റവിമുക്തരാക്കണമെന്നാവശ്യപ്പെട്ട് ഇരുനേതാക്കളും സമർപ്പിച്ച വിടുതൽ ഹർജി സെപ്റ്റബർ പത്തിനാണ് വിചാരണക്കോടതി തളളിയത്. ഗൂഡാലോചനാക്കുറ്റമാണ് പി ജയരാജനും ടിവി രാജേഷിനുമെതിരെ ചുമത്തിയിരിക്കുന്നത്. ഇവർക്കെതിരെ തെളിവുകളുണ്ടെന്നും പ്രതികൾ ഗൂഢാലോചനയിൽ പങ്കാളിയായതിന് സാക്ഷികളുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു.
അരിയിൽ ഷുക്കൂർ വധക്കേസിലെ കുറ്റം കെട്ടി ചമച്ചതാണെന്നായിരുന്നു ടി.വി. രാജേഷിൻ്റെ പ്രതികരണം. ഞങ്ങൾ നിരപരാധികൾ ആണെന്നും കേസ് നിയമപരമായി തന്നെ തെളിയിക്കുമെന്നും സിപിഎം നേതാവ് പറഞ്ഞു. എന്നാൽ പി. ജയരാജൻ വിഷയത്തിൽ പ്രതികരിച്ചില്ല.