പാലക്കാട്ടെ മറ്റെല്ലാ തെരഞ്ഞെടുപ്പ് വിഷയങ്ങളും തൽക്കാലത്തേക്കെങ്കിലും മാറ്റിവച്ചിരിക്കുകയാണ് മൂന്ന് മുന്നണികളും
കള്ളപ്പണ ആരോപണ വിവാദത്തിൽ ആളിക്കത്തുകയാണ് പാലക്കാട്ടെ തെരഞ്ഞെടുപ്പ് രംഗം. പാലക്കാട്ടെ തെരഞ്ഞെടുപ്പ് ചർച്ചയാകെ ഒരു നീല ട്രോളി ബാഗിനെ ചുറ്റിപ്പറ്റി കലങ്ങിമറിയുകയാണ്. പാലക്കാട്ടെ ഹോട്ടലിൽ നിന്ന് ട്രോളി ബാഗ് കയറ്റിയ വാഹനത്തിലല്ല കഴിഞ്ഞ ദിവസം രാഹുൽ പുറപ്പെട്ടതെന്ന് വെളിവാക്കുന്ന ദൃശ്യങ്ങൾ കൂടി സിപിഎം അൽപസമയം മുൻപ് പുറത്തുവിട്ടു. വിവാദത്തിൽ ഇടപെട്ട തെരഞ്ഞെടുപ്പ് കമ്മീഷൻ ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടി. രാഹുൽ മാങ്കൂട്ടത്തിൽ താമസിച്ച കോഴിക്കോട്ടെ ഹോട്ടലിൽ നിന്ന് സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാനൊരുങ്ങുകയാണ് പൊലീസ്.
ഇന്നലെ രാത്രി പാലക്കാട്ടെ ഹോട്ടലിൽ നിന്ന് പുറപ്പെടുമ്പോൾ രാഹുൽ കയറിയത് ട്രോളി ബാഗ് കയറ്റിയ വാഹനത്തിലല്ല എന്ന് സ്ഥാപിക്കുന്ന സിസിടിവി ദൃശ്യം പുറത്തുവിട്ട് സിപിഎം ആരോപണത്തിന് മൂർച്ച കൂട്ടിയിരിക്കുകയാണ്. രാത്രി പതിനൊന്ന് മണിവരെ രാഹുൽ മാങ്കൂട്ടത്തിലും ഫെനി നൈനാനും ഷാഫി പറമ്പിലുമടക്കമുള്ള നേതാക്കൾ കെപിഎം ഹോട്ടിലിലുണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന രണ്ട് സിസിടിവി ദൃശ്യങ്ങൾ ഇന്നലെ പുറത്തുവന്നിരുന്നു.
പുതിയ സിസിടിവി ദൃശ്യത്തിൻ്റെ അവസാന ഭാഗം വ്യക്തമല്ലെങ്കിലും രാഹുൽ കയറിപ്പോകുന്നത് ട്രോളി ബാഗ് കയറ്റിയ വാഹനത്തിലല്ല എന്ന് കാണാം. വസ്ത്രങ്ങളാണ് വാഹനത്തിലെന്നാണ് രാഹുലിൻ്റെ വാദം. കള്ളപ്പണ വിവാദം സിപിഎം-ബിജെപി ഒത്തുകളിയാണെന്നാണ് കോൺഗ്രസിൻ്റെ പ്രധാന ആരോപണം. അട്ടിമറി ആരോപിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വ്യക്തമാക്കി. സ്വന്തം നേതാവിന്റെ കിടപ്പുമുറിയിൽ ഒളിക്യാമറ വച്ച പാർട്ടിയാണ് സിപിഎം എന്നായിരുന്നു വി.ഡി. സതീശൻ്റെ പരിഹാസം. തന്നെ തടയാൻ പിണറായിക്ക് കഴിയില്ല. പിന്നെയല്ലേ ജില്ലാ സെക്രട്ടറിയെന്നും വി.ഡി. സതീശൻ പരിഹസിച്ചു.
ALSO READ: പാലക്കാട്ടെ പാതിരാ റെയ്‌ഡ്: പ്രതിപക്ഷ നേതാവ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി
എന്നാൽ കള്ളപ്പണ ആരോപണം രാഷ്ട്രീയ ആയുധമാക്കി തന്നെ പ്രയോഗിക്കാനാണ് സിപിഎം നീക്കം. ആരോപണത്തിൽ അന്വേഷണം വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ ആവശ്യപ്പെട്ടു. രാഹുൽ പറഞ്ഞതൊന്നും സത്യമല്ല. നുണ പറയുന്നവരെ നുണ പരിശോധനയ്ക്ക് വിധേയരാക്കണമെന്ന് എം.വി. ഗോവിന്ദൻ പറയുന്നു. ബിജെപിയും കോൺഗ്രസും കള്ളപ്പണം ഒഴുക്കുകയാണെന്നും പൊലീസിന്റെ വീഴ്ചയല്ല ഇവിടെ ചർച്ച ചെയ്യേണ്ടതെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനാകട്ടെ ഇത് കോൺഗ്രസ്-സിപിഎം ഒത്തുകളിയെന്ന് ആവർത്തിച്ചാരോപിക്കുകയാണ്. പാലക്കാട്ടെ പൊലീസ് റെയ്ഡിൽ ഷാഫി പറമ്പിലും മന്ത്രിസഭയിലെ പ്രമുഖനും ഗൂഡാലോചന നടത്തിയിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലും ഷാഫി പറമ്പിൽ കള്ളപ്പണം ഉപയോഗിച്ചു. കള്ളപ്പണം ഒളിപ്പിക്കാൻ പൊലീസ് കൂട്ടുനിന്നെന്നും അതുകൊണ്ടാണ് വിവാദത്തിൽ എഫ്ഐആർ ഫയൽ ചെയ്യാത്തതെന്നുമാണ് സുരേന്ദ്രൻ്റെ ആരോപണം.
അടുത്ത തലത്തിൽ കുറച്ചുകൂടി രൂക്ഷമാണ് ആരോപണ പ്രത്യാരോപണ യുദ്ധം.യുഡിഎഫ് പ്രതിരോധ മുന്നണിയിൽ പതിവുപോലെ അതിരൂക്ഷ ശൈലിയിൽ പ്രതികരിച്ചിരിക്കുകയാണ് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ. പാതിരാ പരിശോധനാ വിഷയം കൂടുതൽ പ്രചരിപ്പിച്ചാൽ കോൺഗ്രസിന് അത്രയും ഗുണമാണെന്നായിരുന്നു കെ. സുധാകരൻ്റെ പക്ഷം. പൊലീസ് എന്ന് പറഞ്ഞ് യൂണിഫോം ഇല്ലാതെ വന്നാൽ ആരാണെന്ന് എങ്ങനെയറിയും. യൂണിഫോം ഇല്ലാതെ വന്ന പൊലീസിനെ അകത്തുകയറ്റിയ ഹോട്ടൽ ഉടമയ്ക്കെതിരെ നടപടിയെടുക്കണമെന്നും കെ. സുധാകരൻ പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ്റെ നുണപരിശോധന നടത്തണമെന്നും സുധാകരൻ പറയുന്നു.
ALSO READ: വിവാദമൊഴിയാതെ നീലപ്പെട്ടിയും, പാതിരാ റെയ്‌ഡും; പ്രതിരോധത്തിലായി യുഡിഎഫ്
അതേ നാണയത്തിൽ തിരിച്ചടിച്ചിരിക്കുയാണ് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലൻ. കാണിച്ച് തരാം എന്ന കെ.സുധാകരൻ്റെ ഭീഷണിയെ, അടിയിലുള്ള കാക്കി ട്രൗസർ അല്ലാതെ മറ്റെന്ത് കാണിച്ച് തരാനാണ് എന്ന് ചോദിച്ച് എ.കെ.ബാലൻ തള്ളി. ട്രോളി ബാഗിൽ വസ്ത്രം കൊണ്ടുവരാൻ ഫെനി അലക്കുകാരൻ ആണോയെന്ന പരിഹാസവും സിപിഎം നേതാവി ഉയർത്തി. മൂന്നു മണിക്കൂർ കൊണ്ട് പോയി വരാവുന്ന കോഴിക്കോട്ടേക്ക് ഒറ്റ ദിവസത്തെ യാത്രക്ക് എന്തിന് ഇത്ര വസ്ത്രങ്ങളുമായി രാഹുൽ പോയെന്നായിരുന്നു പാലക്കാട്ടെ സിപിഎം സ്ഥാനാർഥി പി. സരിൻ്റെ ചോദ്യം. അടിക്കടി വേഷം മാറുന്നവരെയും വേഷം കെട്ടുന്നവരേയും പാലക്കാടൻ ജനത തള്ളും. എല്ലാം ഷാഫിയുടെ നാടകമാണെന്ന് ആരോപിച്ച സരിൻ, കുറ്റക്കാർ ആരായാലും വെളിച്ചത്ത് കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു.
രാഹുൽ നുണപരിശോധനയ്ക്ക് തയാറുണ്ടോ എന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബുവും ചോദിച്ചു. പക്ഷേ എല്ലാം ഷാഫിയുടെ നാടകമാണെന്ന സരിന്റെ ആരോപണം സുരേഷ് ബാബു ഏറ്റെടുത്തില്ല. അതല്ല പാർട്ടി നിലപാട്, കള്ളപ്പണം എത്തിയെന്ന് തന്നെയാണ് പരാതിയെന്ന് സുരേഷ് ബാബു വ്യക്തമാക്കി. എന്നാൽ രാഹുൽ മാങ്കൂട്ടത്തിലാവട്ടെ പൂർണ ആത്മവിശ്വാസത്തിലാണ്. കള്ളപ്പണം കൊണ്ടുവന്നെങ്കിൽ അറസ്റ്റ് ചെയ്യാൻ വെല്ലുവിളിച്ചിരിക്കുകയാണ് രാഹുൽ. സിപിഎമ്മിനെതിരെയും ബിജെപിക്കെതിരെയും മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്ന് യുഡിഎഫ് സ്ഥാനാർഥി വ്യക്തമാക്കി.
പാലക്കാട്ടെ മറ്റെല്ലാ തെരഞ്ഞെടുപ്പ് വിഷയങ്ങളും തൽക്കാലത്തേക്കെങ്കിലും മാറ്റിവച്ചിരിക്കുകയാണ് മൂന്ന് മുന്നണികളും. ഇടത് യുവജന സംഘടനകൾ പരിഹാസ രൂപേണ യുഡിഎഫിനെതിരെ ട്രോളി സമരം തുടങ്ങി. ഗൂഢാലോചന ആരോപണവുമായി യുഡിഎഫും സ്ട്രൈക്കിംഗ് മോഡിലാണ്. ഇരു മുന്നണികളും സമാന്തര നിയമനടപടികളുമായും മുന്നോട്ടുനീങ്ങും. ബിജെപിയാകട്ടെ പൊലീസിന് ആദ്യ ആവേശമില്ലെന്നാരോപിച്ച് ഒത്തുതീർപ്പ് ആരോപണം ഉയർത്തുന്നു.
ഇതിനിടെ വിവാദത്തിൽ ഇടപെട്ട തെരഞ്ഞെടുപ്പ് കമ്മീഷൻ ജില്ലാ കലക്ടറോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. രാഹുൽ താമസിച്ച കോഴിക്കോട്ടെ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാൻ തയ്യാറെടുക്കുകയാണ് പൊലീസ്.