തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ, കാര്യങ്ങൾ എങ്ങനെ നടക്കുമെന്ന് ജനുവരി അഞ്ചിന് തീരുമാനിക്കാമെന്നാണ് ട്രംപ് പറഞ്ഞത്
യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി തെരഞ്ഞെടുപ്പ് തീയതി തെറ്റിച്ച് പറഞ്ഞ് വീണ്ടും വിവാദത്തിലായി റിപ്പബ്ലിക്കൻ സ്ഥാനാർഥിയും മുൻ അമേരിക്കൻ പ്രസിഡൻ്റുമായ ഡൊണാൾഡ് ട്രംപ്. ട്രംപിൻ്റെ പ്രായവും, ആരോഗ്യവും സംബന്ധിച്ച് വാർത്തകൾ ചർച്ചയായിരിക്കെയാണ് പുതിയ വിവാദം. പെൻസിൽവാനിയയിലെ ഓക്സിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചരണത്തിലാണ് ട്രംപ് തീയതി തെറ്റിച്ചത്. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ, കാര്യങ്ങൾ എങ്ങനെ നടക്കുമെന്ന് ജനുവരി അഞ്ചിന് തീരുമാനിക്കാമെന്നാണ് ട്രംപ് പറഞ്ഞത്. യഥാർഥത്തിൽ നവംബർ രണ്ടിനാണ് തെരഞ്ഞെടുപ്പ്.
ALSO READ: "ഞാൻ പൂർണ ആരോഗ്യവതി"; ട്രംപിൻ്റെ മെഡിക്കൽ റെക്കോർഡുകൾ പുറത്തുവിടാൻ വെല്ലുവിളിച്ച് കമല ഹാരിസ്
സമൂഹമാധ്യമത്തിൽ വലിയ പ്രതികരണമാണ് ട്രംപിൻ്റെ തീയതി തെറ്റിക്കലിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ട്രംപ് പറയുന്നതെല്ലാം അനുസരിക്കുന്ന ട്രംപിനെ പിന്തുണയ്ക്കുന്നവർ ജനുവരി അഞ്ചിന് വോട്ട് രേഖപ്പെടുത്തട്ടെ, ട്രംപിന് മറവി രോഗമാണ്, മെഡിക്കൽ റിപ്പോർട്ട് ഹാജരാക്കണം തുടങ്ങി നിരവധി ട്വീറ്റുകൾ ഇതു സംബന്ധിച്ച് എക്സിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
തൻ്റെ എതിരാളിയായ ഡൊണാൾഡ് ട്രംപിൻ്റെ മെഡിക്കൽ റെക്കോർഡുകൾ പുറത്തുവിടാൻ കമല ഹാരിസ് നേരത്തെ വെല്ലുവിളിച്ചിരുന്നു. റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിക്ക് പ്രസിഡൻ്റ് ആകാനുള്ള ആരോഗ്യസ്ഥിതി നിലവിലുണ്ടോ എന്ന് അമേരിക്കയിലെ ജനങ്ങൾക്ക് അറിയണ്ടേയെന്നും കമല ഹാരിസ് ചോദിച്ചിരുന്നു. സ്വന്തം മെഡിക്കൽ റെക്കോർഡുകൾ പുറത്തുവിട്ടുകൊണ്ടാണ് ഡെമോക്രാറ്റിക് പാർട്ടി പ്രസിഡൻ്റ് സ്ഥാനാർഥി കമല ഹാരിസ് റിപ്പബ്ലിക്കൻ സ്ഥാനാർഥിയെ വെല്ലുവിളിച്ചത്. താൻ പൂർണ ആരോഗ്യവതിയെന്ന് തെളിയിക്കുന്ന ഡോക്ടറുടെ കുറിപ്പാണ് കമല ഹാരിസ് പുറത്തുവിട്ടത്.