fbwpx
സന്യാസിമാര്‍ അക്രമാസക്തരാകുന്നത് എന്തുകൊണ്ട്? കുംഭമേളയുടെ സത്യമെന്ത്?
logo

ന്യൂസ് ഡെസ്ക്

Posted : 19 Feb, 2025 06:49 PM

യുദ്ധസമാനമായ പരിശീലനങ്ങള്‍ കുംഭമേളയ്ക്കിടെ നടക്കുന്നതിന് കാരണം എന്ത്? കുംഭമേള സമാധാനത്തിന്റെ മേളയല്ല എന്നതാണ് പരമമായ സത്യം.

NATIONAL


കുംഭമേളയ്‌ക്കെത്തുന്ന സന്യാസിമാര്‍ അക്രമാസക്തരാകുന്നത് എന്തുകൊണ്ട്? യുദ്ധസമാനമായ പരിശീലനങ്ങള്‍ കുംഭമേളയ്ക്കിടെ നടക്കുന്നതിന് കാരണം എന്ത്? അഘാഡകള്‍ പരസ്പരം മത്സരിക്കുകയും ഏറ്റുമുട്ടുകയും ചെയ്യുന്നത് എന്തിനുവേണ്ടി? അറിവുനേടിയവരുടെ പക്വത പലപ്പോഴും ഉണ്ടാകുന്നില്ല എന്ന വിമര്‍ശനത്തിന് കാരണമെന്ത്? കുംഭമേളയുടെ വസ്തുതകളിലേക്കാണ് ഇന്നത്തെ സത്യം പറയട്ടെ.

കുംഭമേള സമാധാനത്തിന്റെ മേളയല്ല എന്നതാണ് പരമമായ സത്യം. 13 അഘാഡകളാണ് കുംഭമേളയില്‍ പങ്കെടുക്കുന്നത്. ഇപ്പോള്‍ ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തിന്റെ സന്യാസി സമൂഹം പതിനാലാമത്തെ അഘാഡയായി എത്തുന്നുണ്ടെങ്കിലും അത് സംഘാടകര്‍ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. അഘാഡ എന്നാല്‍ ആയോധന കലകള്‍ അഭ്യസിക്കുന്ന ഇടം എന്നാണ് അര്‍ത്ഥം. പന്ത്രണ്ടുവര്‍ഷം പരിശിലീച്ച അഭ്യാസങ്ങള്‍ അവതരിപ്പിക്കാനുള്ള ഇടമാണ് കുംഭമേള.


ആയോധന കലകളും യോഗയും ഗുസ്തിയും ഒക്കെ പഠിക്കുന്ന പോരാളികളാണ് ഈ മേളയ്ക്ക് എത്തുന്നവര്‍. അവരെ സനാതന ധര്‍മത്തിന്റെ സംരക്ഷകര്‍ എന്നാണ് ഹിന്ദുയിസം വിളിക്കുന്നത്. ഓരോ അഘാഡയിലും ചിന്താപരമായ മേല്‍ക്കോയ്മയുള്ള ചില സന്യാസിമാര്‍ ഉണ്ട് എങ്കിലും പ്രധാന പരിശീലനം സായുധ മാര്‍ഗത്തിലും ഗുസ്തിയിലുമാണ്. ഹിന്ദുത്വം സംരക്ഷിക്കാനുള്ള ദൗത്യം ഏറ്റെടുത്തവര്‍ എന്നാണ് വിശേഷിപ്പിക്കുന്നത്.

കുംഭമേളകളില്‍ സമാധാനം വന്നത് ബ്രട്ടീഷുകാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെ തുടര്‍ന്നാണെന്നാണ് ചരിത്ര രേഖകള്‍. 1760ല്‍ നടന്ന ഹരിദ്വാര്‍ കുംഭമേളയില്‍ ആദ്യം സ്‌നാനം നടത്താനുള്ള അവകാശത്തിനായി വിവിധ അഘാഡകളിലെ സന്യാസിമാര്‍ ഏറ്റുമുട്ടി. ആ ഘോരയുദ്ധത്തില്‍ പതിനെണ്ണായിരം സന്യാസിമാര്‍ കൊല്ലപ്പെട്ടു എന്നാണ് രേഖകള്‍.


ALSO READ: ഗാന്ധിജി കോണ്‍ഗ്രസില്‍ നിന്ന് രാജി വെച്ചിരുന്നോ? ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് പിരിച്ചു വിടാന്‍ പറഞ്ഞോ? 


ക്യാപ്റ്റന്‍ റേപ്പര്‍ 1808ല്‍ എഴുതിയ പുസ്തകത്തില്‍ ആ ഏറ്റുമുട്ടലിന്റെ ദൃക്‌സാക്ഷികള്‍ പറയുന്ന വിവരങ്ങളുണ്ട്. പല സന്യാസിമാരും ക്രൂരമായാണ് കൊല്ലപ്പെട്ടത് എന്നും രേഖകള്‍ പറയുന്നു. 1796ല്‍ ഹരിദ്വാറിലെ കുംഭമേളയില്‍ ഏറ്റുമുട്ടിയത് ശൈവ സന്യാസിമാരും സിഖ് സന്യാസിമാരുമാണ്. മരണം അഞ്ഞൂറിലേറെ എന്നാണ് രേഖകള്‍.


1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തെ തുടര്‍ന്നാണ് കുംഭമേളയ്ക്ക് ചിട്ടകള്‍ ഉണ്ടായത്. 1858ല്‍ മതകാര്യങ്ങളില്‍ ഇടപെടില്ലെന്ന് ബ്രട്ടീഷ് രാജ്ഞി ഉറപ്പുനല്‍കി. അതോടൊപ്പം കുംഭമേളയില്‍ ഏതൊക്കെ അഘാഡകള്‍ ആദ്യം മുങ്ങണം എന്നും തീര്‍പ്പുണ്ടാക്കി.


കുംഭമേളയില്‍ 13 അഘാഡകള്‍ക്കും പ്രത്യേക ദൗത്യമുണ്ട്. ഏഴെണ്ണം ശൈവ അഘാഡകളും മൂന്നെണ്ണം വൈഷ്ണവ അഘാഡകളും. രണ്ടെണ്ണം ഉദാസീന അഥവാ നിഷ്പക്ഷ അഘാഡകളുമാണ്. പതിമൂന്നാമത്തെ അഘാഡയാണ് സിഖ് വിഭാഗത്തിന്റെത്. ശൈവ വിഭാഗത്തിലെ മഹാനിര്‍വാണ അഘാഡയാണ് സ്‌നാനയാത്ര നയിക്കുക. അടല അഘാഡ, നിരഞ്ജനി അഘാഡ, ആനന്ദ അഘാഡ, ജൂന അഘാഡ, ആവാഹന അഘാഡ, അഗ്‌നി അഘാഡ എന്നിങ്ങനെയാണ് ക്രമം. എല്ലാ ഹിന്ദുക്കള്‍ക്കു പോലും സന്യാസിയാകാന്‍ അനുവാദമില്ലാത്ത അഘാഡകളുണ്ട്. ചാതുര്‍ണവര്‍ണ്യത്തിലെ ബ്രാഹ്‌മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍ എന്നിവരെ മാത്രമേ അടല അഘാഡ സന്യാസിമാരായി വാഴിക്കൂ. അവര്‍ണര്‍ എന്നു വിളിച്ചിരുന്നവര്‍ക്കും അയിത്ത ജാതിക്കാര്‍ക്കും മാത്രമല്ല ശൂദ്രര്‍ക്കു പോലും സന്യാസിയാകാന്‍ അനുവാദം നല്‍കാത്ത വിഭാഗമാണ് അടലകള്‍.


ALSO READ: ആര്യനു മേല്‍ ദ്രാവിഡം; തെളിയിക്കുന്നവര്‍ക്ക് സ്റ്റാലിന്റെ എട്ടരക്കോടി 


മൂന്നു വൈഷ്ണവ അഘാഡകളിലെ ഒന്നു മാത്രമാണ് ദിംഗംബരന്മാര്‍. നിര്‍വാണി, നിര്‍മോഹി, ദിഗംബര എന്നിങ്ങനെയാണ് ആ അഘാഡകള്‍ അറിയപ്പെടുന്നത്. വൈഷ്ണവ അഘാഡകളുടെ പതാകയില്‍ ഉള്ള ചിത്രം ഹനുമാന്റേതുമാണ്.


ഉദാസീന അഘാഡകള്‍ അഥവാ നിഷ്പക്ഷര്‍ക്ക് രണ്ടു ശാഖകളാണ് ഉള്ളത്. ആദ്യത്തേത് ബഡാ അഘാഡയും രണ്ടാമത്തേത് നയാ അഘാഡയും. ഈ സംഘമാണ് മദ്യം അഥവാ മദിര കൊണ്ട് ഹോമം നടത്തുന്നവര്‍. സിഖ് അഘാഡയില്‍ പതിനയ്യായിരം സന്യാസിമാരാണ് ഉള്ളത്. ഹരിദ്വാറാണ് കേന്ദ്രം. ഹിന്ദു ഗ്രന്ഥങ്ങള്‍ക്കൊപ്പം ഗുരു ഗ്രന്ഥസാഹിബും പിന്തുടരുന്നു എന്നതാണ് പ്രത്യേകത.

സന്യാസിമാര്‍ എന്നു പറയുമ്പോള്‍ ഇവയൊന്നും ചെറിയ സംഘങ്ങളല്ല. ഏറ്റവും വലിയ ജുന അഘാഡയില്‍ അഞ്ചു ലക്ഷം സന്യാസിമാരാണ് ഉള്ളത്. ഇന്ത്യയിലെങ്ങും അസംഖ്യം ശാഖകളും ലക്ഷക്കണക്കിന് അണികളുമുണ്ട്.


ദിഗംബര അഘാഡയില്‍ രണ്ടു ലക്ഷം സന്യാസിമാരാണ് ഉള്ളത്. 450 ശാഖകളുമുണ്ട്. ഇന്ത്യയില്‍ മൂന്നു വിഭാഗങ്ങളിലായി പട്ടാളത്തില്‍ 14 ലക്ഷം സൈനികരാണ് ഉള്ളത്. അത്ര തന്നെ വരും അഘാഡകളിലെ പരിശീലനം ലഭിച്ചവരുടെ അംഗത്വവും. കുംഭമേളയില്‍ സമ്മേളിക്കാന്‍ വരുന്ന ഇവര്‍ പല വേഷങ്ങള്‍ കെട്ടി ആനന്ദിപ്പിക്കുക എന്ന ലക്ഷ്യമല്ല നിറവേറ്റുന്നത്. ആയോധന പരിശീലനം ഇന്നും മുറതെറ്റാതെ തുടരുന്നു എന്നുകൂടി ഓര്‍മിപ്പിക്കുകയാണ്.


കുംഭമേളകള്‍ ഒരു കാലത്ത് വ്യാപാര ഉത്സവങ്ങള്‍ കൂടിയായിരുന്നു. ഈ അഘാഡകളാണ് അതത് മേഖലയിലെ സ്വത്ത് കൈകാര്യം ചെയ്തിരുന്നത്. സ്വര്‍ണവും വെള്ളിയും സുഗന്ധവ്യഞ്ജനങ്ങളും വനവിഭവങ്ങളുമെല്ലാം വാങ്ങാനും വില്‍ക്കാനുമായി അഘാഡകള്‍ എത്തിയിരുന്നതും ഈ മേളകളിലാണ്. സന്യാസം എന്നു പൊതുവേ പറയുമെങ്കിലും സമാധാനത്തിന്റെ പാഠങ്ങളല്ല ശങ്കരാചാര്യര്‍ സ്ഥാപിച്ച ഈ അഘാഡകള്‍ പിന്തുടരുന്നതും.

WORLD
കൈമാറിയ 4 മൃതദേഹങ്ങളില്‍ ഒന്ന് തിരിച്ചറിയാനായില്ല; ഹമാസ് നടത്തിയത് കരാര്‍ ലംഘനമെന്ന് ഇസ്രയേല്‍
Also Read
user
Share This

Popular

KERALA
KERALA
കസ്റ്റംസ് ക്വാര്‍ട്ടേഴ്‌സിലെ മരണം: ആദ്യമരണം അമ്മയുടേത്, ശേഷം മനീഷും സഹോദരിയും ജീവനൊടുക്കിയെന്ന് പൊലീസ്