നഷ്ടപ്പെട്ടുപോയ എടിഎം കാർഡിനൊപ്പം എഴുതി സൂക്ഷിച്ച പിൻ നമ്പറും ഉണ്ടായിരുന്നു. ഇത് ഉപയോഗിച്ചാണ് പണം തട്ടിയെടുത്തത്
ആലപ്പുഴയിൽ കളഞ്ഞുകിട്ടിയ എടിഎം കാർഡ് ഉപയോഗിച്ച് മോഷണം നടത്തിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ബിജെപി പ്രവർത്തകയും ആലപ്പുഴ ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ സുജന്യ ഗോപി, ചെങ്ങന്നൂർ സ്വദേശി സലിഷ് മോൻ എന്നിവരാണ് പൊലീസ് പിടിയിലായിരിക്കുന്നത്. ബുധന്നൂർ, പാണ്ടനാട്, മാന്നാർ എന്നീ എടിഎമ്മുകളിൽ നിന്ന് 25000 രൂപയാണ് ഇവർ ചേർന്ന് തട്ടിയെടുത്തത്.
ALSO READ: കണ്ണൂരിൽ നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയിൽ; മൃതദേഹം കിണറ്റിൽ
ചെങ്ങന്നൂർ സ്വദേശി വിനോദ് എബ്രഹാമിൻ്റെ എടിഎം കാർഡ് അടങ്ങിയ പേഴ്‌സാണ് കഴിഞ്ഞ 14നാണ് നഷ്ടപ്പെടുന്നത്. വഴിയിൽ നിന്നും എടിഎം കാർഡ് കളഞ്ഞു കിട്ടിയ വിവരം സലിഷ് മോനാണ് സുജന്യയെ അറിയിക്കുന്നത്. നഷ്ടപ്പെട്ടുപോയ എടിഎം കാർഡിനൊപ്പം എഴുതി സൂക്ഷിച്ച പിൻ നമ്പറും ഉണ്ടായിരുന്നു. ഇത് ഉപയോഗിച്ചാണ് പണം തട്ടിയെടുത്തത്. ഓരോ തവണ പണം പിൻവലിക്കുമ്പോഴും, വിനോദ് എബ്രഹാമിൻ്റെ ഫോണിലേക്ക് ബാങ്കിൻ്റെ മെസേജ് വന്നു കൊണ്ടിരുന്നു. ഇതിനെത്തുടർന്നാണ് പരാതിക്കാരൻ പൊലീസിനെ സമീപിച്ചത്. എടിഎം കൗണ്ടറുകളുടെ സമീപത്തു നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ ഉപയോഗിച്ചാണ് ചെങ്ങന്നൂർ പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞത്.