ഉറങ്ങിക്കിടന്ന കുഞ്ഞിനെ എടുത്ത് കൊണ്ടുപോയി കിണറ്റിലേക്ക് വലിച്ചെറിയുകയായിരുന്നു.
കണ്ണൂർ പാപ്പിനിശ്ശേരിയിലെ നാലു മാസം പ്രായമുള്ള കുഞ്ഞിൻ്റെ മരണം കൊലപാതകമെന്ന് പൊലീസ്. കുഞ്ഞിനെ കൊന്നത് 12 വയസുകാരിയായ അടുത്ത ബന്ധുവാണെന്നും ഈ കുട്ടി കുറ്റസമ്മതം നടത്തിയെന്നും പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ട കുഞ്ഞിന്റെ പിതൃ സഹോദരിയുടെ മകളാണ് ഞെട്ടിക്കുന്ന കുറ്റകൃത്യം നടത്തിയത്. ഉറങ്ങിക്കിടന്ന കുഞ്ഞിനെ എടുത്ത് കൊണ്ടുപോയി കിണറ്റിലേക്ക് വലിച്ചെറിയുകയായിരുന്നു.
പാപ്പിനിശേരിയിൽ ഇന്ന് രാവിലെയോടൊണ് കുഞ്ഞിൻ്റെ മൃതദേഹം താമസസ്ഥലത്തെ കിണറ്റിൽ നിന്നും കണ്ടെത്തിയത്. തമിഴ്നാട് സ്വദേശികളായ മുത്തു-അക്കലു ദമ്പതികളുടെ കുഞ്ഞിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മയ്‌ക്കൊപ്പം കിടന്ന കുഞ്ഞിനെ കാണാനില്ലെന്ന് പറഞ്ഞു കൊണ്ടാണ് തെരച്ചിൽ ആരംഭിച്ചത്.
ALSO READ: കണ്ണൂരിൽ നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചനിലയിൽ; മൃതദേഹം കിണറ്റിൽ
കുഞ്ഞിനെ കാണാനില്ലെന്ന വിവരം സഹോദരൻ്റെ മകളാണ് വീട്ടുകാരെ അറിയിച്ചത്. സമീപത്തെ കുറ്റിക്കാട്ടിൽ ഉൾപ്പെടെ പരിശോധന നടത്തിയിരുന്നു. പിന്നീട് കുഞ്ഞിൻ്റെ മൃതശരീരം വീട്ടിലെ കിണറിൽ പൊങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. സമീപത്ത് ഉണ്ടായിരുന്ന ബംഗാൾ സ്വദേശികളാണ് കുഞ്ഞിൻ്റെ മൃതദേഹം പുറത്തെടുത്തത്. മാതാപിതാക്കളെ രാവിലെ മുതൽ പൊലീസ് ചോദ്യം ചെയ്തിരുന്നു.