സ്ഥാനാർഥിയുൾപ്പെടെ കോൺഗ്രസിന്‍റെ ഒരു നേതാവും തിരിഞ്ഞുനോക്കിയില്ലെന്നും ഡിഎംകെ പരാതിപ്പെടുന്നു
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് പിന്തുണ അറിയിച്ചിട്ടും പ്രചരണ പരിപാടികളിൽ ക്ഷണിക്കുന്നില്ലെന്ന പരാതിയുമായി ഡിഎംകെ (അന്‍വർ). പ്രവർത്തകരുടെ വികാരം മാനിച്ച് അടുത്ത ദിവസം പി.വി. അൻവർ ഉൾപ്പെടെ പങ്കെടുക്കുന്ന കൺവെൻഷൻ വിളിച്ച് പുതിയ നിലപാടറിയിക്കാനാണ് തീരുമാനമെന്ന് ഡിഎംകെ ജില്ലാ കോർഡിനേറ്റർ മിൻഹാജ് പറഞ്ഞു
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ പി.വി. അൻവറിന്‍റെ കൂട്ടായ്മയായ ഡെമോക്രാറ്റിക് മൂവ്മെന്‍റ് ഓഫ് കേരള (ഡിഎംകെ) നിരുപാധിക പിന്തുണ യുഡിഎഫിന് പ്രഖ്യാപിച്ചെങ്കിലും വേണ്ട പരിഗണന പ്രചരണ പരിപാടികളിൽ ഡിഎംകെയ്ക്ക് ലഭിക്കുന്നില്ലെന്നാണ് പരാതി. യുഡിഎഫിന്‍റെ ഒരു മണ്ഡലം ഭാരവാഹിപോലും തങ്ങളെ ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. സ്ഥാനാർഥിത്വത്തിൽ നിന്ന് നിരുപാധികം പിന്മാറിയിട്ട് ഒരു നന്ദി പോലും അറിയിച്ചില്ലെന്നാണ് ഡിഎംകെ പാലക്കാട് ജില്ലാ കോർഡിനേറ്റർ എം.എം. മിൻഹാജ് പരാതിപ്പെടുന്നത്. ഈ സാഹചര്യത്തിൽ യുഡിഎഫിനു നൽകിയ പിന്തുണ പുനഃപരിശോധിക്കാനാണ് ഡിഎംകെയുടെ തീരുമാനം.
Also Read: 'എൽഡിഎഫിനെ തറപറ്റിക്കണം എന്ന ഉദ്ദേശ്യത്തോടെ എന്തും ആയുധമാക്കുന്നു'; സംസ്ഥാനത്ത് കോണ്‍ഗ്രസ്-ബിജെപി ഡീലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി
പാലക്കട്ടെ മൂന്ന് പഞ്ചായത്തുകളിൽ 38 കുടുംബയോഗങ്ങൾ വിളിച്ചുചേർത്തിരുന്നുവെന്നും വലിയ വോട്ട് ബാങ്ക് ഡിഎംകെയ്‌ക്ക് ഉണ്ടെന്നും മിൻഹാജ് അവകാശപ്പെടുന്നു. അടുത്ത ദിവസങ്ങളിൽ തന്നെ പാലക്കാട് നഗരത്തിൽ പ്രവർത്തകരുടെ കൺവെൻഷൻ വിളിച്ചുചേർത്ത് പുതിയ രാഷ്ട്രീയ നിലപാട് അറിയിക്കുമെന്നും ഡിഎംകെ ജില്ലാ കോർഡിനേറ്റർ പറയുന്നു. പാലക്കാട് ഡിഎംകെ സ്ഥാനാർഥിയാക്കാൻ തീരുമാനിച്ച ആളാണ് മിൻഹാജ്. സ്ഥാനാർഥിയുൾപ്പെടെ കോൺഗ്രസിന്‍റെ ഒരു നേതാവും തിരിഞ്ഞുനോക്കിയില്ലെന്നും ഡിഎംകെ പരാതിപ്പെടുന്നു.
Also Read: സുരേഷ് ഗോപിയുടെ വഖഫ് പരാമർശം; അജ്ഞത കൊണ്ടെന്ന് സാദിഖലി തങ്ങള്‍, പൊലീസിൽ പരാതി നൽകി കോൺഗ്രസ്