കണ്ണൂരിൽ നിന്നും പെരുമ്പാവൂരിലേക്ക് പോവുകയായിരുന്ന തടി ലോറിയാണ് അപകടമുണ്ടാക്കിയത്
തൃശൂർ നാട്ടികയിൽ ഉറങ്ങി കിടന്നവരുടെ ദേഹത്ത് തടി ലോറി കയറിയിറങ്ങി അഞ്ച് മരണം. കണ്ണൂരിൽ നിന്നും പെരുമ്പാവൂരിലേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. റോഡിൽ ഉറങ്ങിക്കിടന്നിരുന്ന അഞ്ചുപേരും തത്ക്ഷണം മരിക്കുകയായിരുന്നു. മരിച്ചവരിൽ രണ്ട് പേർ കുട്ടികളാണ്. നാടോടി സംഘമാണ് അപകടത്തിൽ പെട്ടത്. കാളിയപ്പൻ (50), ജീവൻ (4), നാഗമ്മ (39), ബംഗാരി (20) വിശ്വ (1 വയസ്) എന്നിവരാണ് മരിച്ചത്. പുലർച്ചെ നാലിനാണ് അപകടം സംഭവിച്ചത്.
ALSO READ: ഡൽഹിയിലെ വായു മലിനീകരണം; സ്കൂളുകൾ തുടർച്ചയായി അടച്ചിടുന്നത് പുനപരിശോധിക്കണമെന്ന് സുപ്രീം കോടതി
അപകടത്തിൽ പതിനൊന്ന് പേർക്ക് പരുക്കേറ്റു. ഇവരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഗോവിന്ദാപുരം സ്വദേശികളായ ചിത്ര ( 29 ) , ദേവേന്ദ്രൻ ( 38 ), ജാൻസി ( 28 ) എന്നിവരാണ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ ഉള്ളത്. പരുക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പരുക്കേറ്റ ശിവാനി( 6 ), വിജയ് ( 24 ), രമേശ് (26 ) എന്നിവരും തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
ബാരിക്കേഡ് മറികടന്നു വന്ന ലോറിയാണ് അപകടമുണ്ടാക്കിയതെന്നാണ് അപകടത്തെ കുറിച്ച് പൊലീസ് പറയുന്നത്. ഡ്രൈവർ ഉറങ്ങിപ്പോയതാകാമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. ഡ്രൈവറെയും ക്ലീനറെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.