റഷ്യൻ അതിർത്തിയിൽ നിന്നും 130 കിലോമീറ്റർ ഉള്ളിലായി ബ്രയാൻസ്ക് പ്രവിശ്യയിലുള്ള കറാച്ചേവ് പട്ടണത്തിലെ സൈനിക കേന്ദ്രങ്ങളെയാണ് യുക്രെയ്ൻ മിസൈലുകൾ ലക്ഷ്യം വെച്ചത്
റഷ്യക്ക് നേരെ ഇതാദ്യമായി അമേരിക്കൻ നിർമിത ദീർഘദൂര മിസൈലുകൾ പ്രയോഗിച്ച് യുക്രെയ്ൻ. യുക്രെയ്നിലേക്കുള്ള റഷ്യൻ അധിനിവേശം ആരംഭിച്ച് 1000 ദിവസങ്ങൾ പിന്നിടുന്ന സാഹചര്യത്തിലാണ് ഈ തിരിച്ചടിയെന്നതും ശ്രദ്ധേയമാകുകയാണ്. റഷ്യൻ അതിർത്തിയിൽ നിന്നും 130 കിലോമീറ്റർ ഉള്ളിലായി ബ്രയാൻസ്ക് പ്രവിശ്യയിലുള്ള കറാച്ചേവ് പട്ടണത്തിലുള്ള സൈനിക കേന്ദ്രങ്ങളെയാണ് യുക്രെയ്ൻ മിസൈലുകൾ ലക്ഷ്യം വെച്ചത്.
റഷ്യയുടെ അധീനതയിലുള്ള ഒരു പ്രദേശത്ത് ഇതാദ്യമായാണ് എ.ടി.എ.സി.എം.എസ് ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിക്കുന്നതെന്ന് യുക്രെയ്ൻ സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ആർബിസി യുക്രെയ്ൻ റിപ്പോർട്ട് ചെയ്തു. റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള മെയിൻ മിസൈൽ ആൻഡ് ആർട്ടിലറി ഡയറക്ടറേറ്റിൻ്റെ 67ാമത്തെ ആയുധ കേന്ദ്രത്തിന് നേരെയാണ് ചൊവ്വാഴ്ച രാത്രി ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്. യുക്രെയ്ൻ സൈന്യത്തിൻ്റെ ജനറൽ സ്റ്റാഫും കറാച്ചേവിനടുത്തുള്ള കെട്ടിടങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഏത് തരം മിസൈലുകളാണ് ഉപയോഗിച്ചതെന്ന് വെളിപ്പെടുത്തിയിട്ടില്ല.
റഷ്യക്ക് നേരെ അമേരിക്കൻ നിർമിത മിസൈലുകളുടെ പ്രയോഗം യുക്രെയ്ൻ ആരംഭിച്ചത് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിൻ്റെ ആക്കം കൂട്ടുമെന്നുറപ്പാണ്. യുക്രെയ്ൻ തങ്ങൾക്ക് നേരെ ദീർഘദൂര എ.ടി.എ.സി.എം.എസ് ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചതായി റഷ്യൻ സൈന്യവും സ്ഥിരീകരിച്ചിട്ടുണ്ട്. മോസ്കോയ്‌ക്കെതിരായ പാശ്ചാത്യ യുദ്ധത്തിൻ്റെ പുതിയ ഘട്ടം ആരംഭിച്ചതായാണ് റഷ്യ മനസിലാക്കുന്നതെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് പ്രതികരിച്ചു. ബ്രസീലിൽ നടന്ന ജി20 വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"റഷ്യക്കെതിരായ പാശ്ചാത്യ യുദ്ധത്തിൻ്റെ ഗുണപരമായ ഒരു പുതിയ ഘട്ടമായി ഞങ്ങൾ ഇത് എടുക്കും. അതിനനുസരിച്ച് ഞങ്ങൾ പ്രതികരിക്കും," അദ്ദേഹം കൂട്ടിച്ചേർത്തു, മിസൈലുകൾ പ്രവർത്തിപ്പിക്കാൻ വാഷിംഗ്ടണിനെ കിയെവ് സഹായിക്കുന്നുവെന്ന് ആരോപിച്ചു. പ്രതിരോധ മേഖലയ്ക്ക് അനുവദിക്കുന്ന തുകയിൽ വൻ വർധനവ് നടത്തിയ റഷ്യ, മിസൈൽ നിർമാണം വിപുലീകരിക്കാനുള്ള പദ്ധതിയുമായി മുന്നോട്ടുപോകുന്നതായി റിപ്പോർട്ടുകൾ. സാറ്റലൈറ്റ് ദൃശ്യങ്ങളെ അടിസ്ഥാനമാക്കി, ബെർലിനിൽ നിന്നുള്ള ഗവേഷകൻ്റേതാണ് പുതിയ കണ്ടെത്തൽ.
അമേരിക്കൻ നിർമിത ആയുധങ്ങൾ റഷ്യക്കെതിരെ പ്രയോഗിക്കാൻ യുക്രൈന് കഴിഞ്ഞ ദിവസം യുഎസ് സർക്കാർ അനുമതി നൽകിയിരുന്നു. ഇതിന് പിന്നാലെ റഷ്യയിലെ മിസൈൽ നിർമാണ വിപുലീകരണ പദ്ധതി സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവന്നു. സാറ്റലൈറ്റ് ഇമേജ്, റഷ്യൻ മാധ്യമ റിപ്പോർട്ടുകൾ, സിഐഎ ഡോക്യുമെൻ്റുകൾ എന്നിവ അടിസ്ഥാനമാക്കി ഇൻ്റർനാഷ്ണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്ട്രാറ്റജിക് സ്റ്റഡീസിലെ ഫാബിയൻ ഹിൻസ് നടത്തിയ പഠനത്തിലാണ് ഈ വെളിപ്പെടുത്തൽ. മിലിട്ടറി ബാലൻസ് പ്ലസ് എന്ന ബ്ലോഗിലാണ് ഈ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.
തെക്കൻ സൈബീരിയയിലെ അത്ലായ്, മോസ്കോ, സെൻ്റ് പീറ്റേഴ്സ്ബർഗ് എന്നിവിടങ്ങളിലും പടിഞ്ഞാറൻ റഷ്യയിലെ പേമിലും നിർമാണത്തിൻ്റെ വിപുലീകരണം കാണാനായെന്ന് ഗവേഷകൻ കണ്ടെത്തി. ജൂലൈ, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ മാക്‌സർ ടെക്‌നോളജീസ് എടുത്ത സാറ്റലൈറ്റ് ഫോട്ടോകൾ റോയിട്ടേഴ്‌സും അവലോകനം ചെയ്തിട്ടുണ്ട്. ഹിൻസ് വ്യക്തമാക്കിയ അഞ്ച് കെട്ടിടങ്ങളിൽ വലിയ തോതിൽ നിർമാണം നടക്കുന്നുവെന്നും റോയിട്ടേഴ്‌സ് സ്ഥിരീകരിച്ചു.