പ്രതിയെ തിരിച്ചറിയാന്‍ സഹായിക്കുന്നവര്‍ക്ക് 10,000 ഡോളര്‍ പാരിതോഷികമാണ് പ്രഖ്യാപിച്ചിരുന്നത്.
യുണൈറ്റഡ് ഹെല്‍ത്ത്കെയർ സിഇഒ ബ്രയാന്‍ തോംസണിന്റെ കൊലപാതകത്തില്‍ പ്രതി അറസ്റ്റില്‍. 26 കാരനായ ലൂയീജി മാജിയോണ്‍ ആണ് അറസ്റ്റിലായിരിക്കുന്നത്. പെന്‍സില്‍വാനിയയില്‍വെച്ചാണ് പൊലീസ് ഇയാളെ പിടികൂടിയത്. പ്രതിയെക്കുറിച്ച് വിവരം ലഭിക്കുന്നതിനായി പൊലീസ് പുറത്തുവിട്ട ദൃശ്യങ്ങളുമായി സാമ്യം തോന്നിയതിനെതുടര്‍ന്ന് ഒരാള്‍ അധികാരികളെ വിവരമറിയിക്കുകയായിരുന്നു. പ്രതിയെ തിരിച്ചറിയാന്‍ സഹായിക്കുന്നവര്‍ക്ക് 10,000 ഡോളര്‍ പാരിതോഷികമാണ് പ്രഖ്യാപിച്ചിരുന്നത്.
കൊലപാതകത്തിനുപയോഗിച്ച തോക്കും കണ്ടെടുത്തിട്ടുണ്ട്. ഇക്കഴിഞ്ഞ ഡിസംബര്‍ നാലിന് മാന്‍ഹാട്ടനിലെ ഒരു ഹോട്ടലിന് മുന്നില്‍വെച്ചാണ് ബ്രയാന്‍ തോംസണ്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്. 50 വയസുകാരനായ ബ്രയാന്‍ തോംസണ്‍ നയിക്കുന്ന യുണൈറ്റഡ് ഹെല്‍ത്ത്കെയര്‍ യുഎസിലെ ഏറ്റവും വലിയ സ്വകാര്യ ഹെല്‍ത്ത് ഇന്‍ഷുററാണ്. യുണൈറ്റഡ് ഹെല്‍ത്ത് ഗ്രൂപ്പിന്റെ നിക്ഷേപക ദിനത്തോട് അനുബന്ധിച്ചാണ് ബ്രയാന്‍ ഹില്‍ട്ടണ്‍ ഹോട്ടലില്‍ എത്തിയത്. ബുധനാഴ്ച രാവിലെ എട്ട് മണിക്കാണ് ഹില്‍ട്ടണില്‍ നിക്ഷേപക ദിനം നിശ്ചയിച്ചിരുന്നത്. ബ്രയാന് നേരെ വെടിവെപ്പുണ്ടായതിനെ തുടര്‍ന്ന് കമ്പനി പരിപാടി റദ്ദാക്കി.
ALSO READ: യുണൈറ്റഡ് ഹെൽത്ത് കെയർ സിഇഒ ബ്രയാൻ തോംസൺ വെടിയേറ്റ് മരിച്ചു
ഹോട്ടലിന് പുറത്ത് ബ്രയാന്‍ എത്തുന്നതിന് ഏകദേശം അഞ്ച് മിനിറ്റ് മുമ്പാണ് അക്രമി എത്തുന്നത്. കാല്‍നടയായി എത്തിയ ഇയാള്‍ ബ്രയാന്‍ വരുന്നതിനായി കാത്തിരുന്നതിനു നിരവധി ദൃക്‌സാക്ഷികളുണ്ട്. ബ്രയാന്‍ ഹില്‍ട്ടണിലേക്ക് നടക്കുമ്പോള്‍ അക്രമി പിന്നില്‍ നിന്ന് പലതവണ വെടിയുതിര്‍ക്കുകയായിരുന്നു.
വെടിവെച്ചതിനു ശേഷം പ്രതി ആദ്യം കാല്‍നടയായും പിന്നീട് ഇ-ബൈക്കിലുമാണ് സംഭവ സ്ഥലത്തുനിന്നും രക്ഷപ്പെട്ടതെന്ന് സാക്ഷികള്‍ മൊഴി നല്‍കിയിരുന്നു. അടിയന്തര ചികിത്സ നല്‍കാനായി ബ്രയാനെ റൂസ്വെല്‍റ്റ് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താന്‍ സാധിച്ചില്ല.