ഗാസയിലെ വിവിധ പ്രവിശ്യകളിലേക്കുള്ള യുഎസ് സഹായം നൽകുന്നതിൽ കാലതാമസം നേരിടുന്നതായി കത്തിൽ പരാതിപ്പെടുന്നു
ഗാസയിലേക്കുള്ള സഹായങ്ങള്‍ തടസപ്പെടുത്തരുതെന്ന് ഇസ്രയേലിനോട് യുഎസ്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കനും പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും സംയുക്തമായി എഴുതിയ കത്തിലാണ് നിർദേശം. മാനുഷികമായ സഹായങ്ങള്‍ തടസപ്പെടുത്തിയാല്‍ ആയുധങ്ങള്‍ കൈമാറ്റം ചെയ്യുന്നത് നിർത്തുന്നതടക്കമുള്ള ശിക്ഷാ നടപടികളിലേക്ക് കടക്കുമെന്നും ബൈഡന്‍ ഭരണകൂടം മുന്നറിയിപ്പ് നല്‍കി. നാലു പേജുകള്‍ വരുന്ന കത്ത് ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്‍റിന് ഒക്ടോബർ 13നാണ് അയച്ചത്. പ്രതിരോധ മന്ത്രാലയത്തില്‍ നിന്നും ചോർന്ന കത്ത്, അക്സിയോസിന്‍റെ ഇസ്രയേല്‍ മാധ്യമ പ്രവർത്തകനായ ബരാക് റാവിഡ് സമൂഹമാധ്യമങ്ങളില്‍ പങ്ക് വെക്കുകയായിരുന്നു.
ഗാസയിലെ വിവിധ പ്രവിശ്യകളിലേക്കുള്ള യുഎസ് സഹായം നൽകുന്നതിൽ കാലതാമസം നേരിടുന്നതായി കത്തിൽ പരാതിപ്പെടുന്നു. കൂടുതൽ ഡെലിവറികൾ അനുവദിക്കുമെന്ന് ഇസ്രയേൽ കഴിഞ്ഞ മാർച്ചിൽ വാഗ്ദാനം ചെയ്തതിന് ശേഷം യുദ്ധത്തിൽ തകർന്ന പ്രദേശത്തേക്കുള്ള സഹായത്തിൻ്റെ ഒഴുക്ക് 50 ശതമാനത്തിലധികം കുറഞ്ഞുവെന്നാണ് യുഎസ്സിന്‍റെ നിരീക്ഷണം. ദിവസേന 350 ട്രക് സഹായം എത്തിക്കാനുള്ള സാഹചര്യമൊരുക്കണമെന്നും കത്തു കിട്ടി 30 ദിവസത്തിനകം ഇസ്രയേല്‍ നടപടി എടുക്കണമെന്നും യുഎസ് നിർദേശിച്ചു. ഇത് നടപ്പിലാക്കുന്നതില്‍ വീഴ്ച വരുത്തുന്നത് യുഎസിന്‍റെ എന്‍എസ്എം-20ാം നിയമത്തിനു വിരുദ്ധമായിരിക്കുമെന്നും കത്തില്‍ കൂട്ടിച്ചേർക്കുന്നു.
Also Read: 'പട്ടിണിക്കിട്ടും യുദ്ധം'; ഒക്ടോബർ ഒന്ന് മുതല്‍ വടക്കന്‍ ഗാസയില്‍ ഭക്ഷണം എത്തുന്നില്ല, തടസമായി ഇസ്രയേല്‍ ആക്രമണം
യുഎസ് നാഷണൽ സെക്യൂരിറ്റി കൗൺസിൽ പുറപ്പെടുവിച്ച ഒരു മെമ്മോറാണ്ടമാണ് എന്‍എസ്എം-20. ഇതുപ്രകാരം, യുഎസ്സിന്‍റെ സൈനിക സഹായം സ്വീകരിക്കുന്ന ഒരു രാജ്യം സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റോ പെൻ്റഗണോ നല്‍കുന്ന മാനുഷിക സഹായങ്ങള്‍ തടസപ്പെടുത്തിയാല്‍ 'അനുയോജ്യമായ കടുത്ത നടപടികൾ' കൈക്കൊള്ളണം.
കത്തിന്‍റെ ആധികാരികത ചൊവ്വാഴ്ച വാർത്താ സമ്മേളനത്തിലൂടെ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് വക്താവ് മാത്യു മില്ലർ സ്ഥിരീകരിച്ചിരുന്നു. കത്ത് സ്വകാര്യ നയതന്ത്ര ആശയവിനിമയത്തിന്‍റെ ഭാഗമായിരുന്നെന്ന് മില്ലർ പറഞ്ഞു. അടുത്ത മാസം നടക്കുന്ന യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് കത്തിനെ സ്വാധീനിച്ചിട്ടില്ലെന്നും മില്ലർ വ്യക്തമാക്കി. സ്ഥാനാർഥികള്‍ക്ക് നിർണായകമായ മിഷിഗണ്‍ സ്റ്റേറ്റില്‍ നിരവധി അറബ് അമേരിക്കൻ വോട്ടർമാർ ഗാസ സംഘർഷങ്ങളില്‍ രോഷം പ്രകടിപ്പിച്ചിട്ടുണ്ട്. ഇസ്രയേലിൻ്റെ യുദ്ധത്തില്‍ യുഎസ്സിൻ്റെ പിന്തുണയാണ് ഇവരെ ചൊടിപ്പിക്കുന്നത്. ഈ പ്രതിഷേധം ഡെമോക്രാറ്റിക് സ്ഥാനാർഥി കമല ഹാരിസിന് എതിരായ വോട്ടാകുമോയെന്ന ആശങ്കയിലാണ് പ്രചരണ വിഭാഗം.
Also Read: 'യുഎന്‍ സമാധാന സേനയെ ലബനനില്‍ നിന്നും പിന്‍വലിക്കരുത്'; യുദ്ധഭൂമി സന്ദർശിക്കാനൊരുങ്ങി ജോർജിയ മെലോണി
അതേസമയം, ഒക്ടോബർ ഒന്നിനു ശേഷം ഉത്തര ഗാസയില്‍ ഭക്ഷ്യ സഹായം എത്തിയിട്ടില്ലെന്ന് ഐക്യരാഷ്ട്ര സഭയുടെ ഭക്ഷ്യ ഏജന്‍സി അറിയിച്ചു. സംഘർഷം തുടരുന്ന സാഹചര്യത്തില്‍ ഉത്തര ഗാസയിലേക്ക് ഭക്ഷ്യ സഹായം എത്തിക്കാന്‍ സാധിക്കുന്നില്ലെന്നാണ് വേള്‍ഡ് ഫുഡ് പ്രോഗ്രാം (ഡബ്ല്യുഎഫ്‌പി) പറയുന്നത്. വർധിച്ചുവരുന്ന ആക്രമണങ്ങള്‍ അവിടുത്തെ ഭക്ഷ്യസുരക്ഷയെ വിനാശകരമായി ബാധിക്കുന്നുവെന്നും ഡബ്ല്യുഎഫ്‌പി നിരീക്ഷിച്ചു.