സൗദി അറേബ്യയില്‍ യുക്രെയ്ന്‍, യുഎസ് പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയില്‍ 30 ദിവസത്തെ വെടിനിര്‍ത്തലിന് ധാരണയായതിനു പിന്നാലെയാണ് റഷ്യ പഴയ ആവശ്യങ്ങള്‍ ആവര്‍ത്തിക്കുന്നത്
യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കാന്‍ ഉപാധികള്‍ ആവര്‍ത്തിച്ച് റഷ്യ. മാസങ്ങളായി നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചകളില്‍ ഉള്‍പ്പെടെ മുന്നോട്ടുവച്ച ആവശ്യങ്ങളാണ് റഷ്യ ആവര്‍ത്തിക്കുന്നത്. സൗദി അറേബ്യയില്‍ നടന്ന ചര്‍ച്ചയില്‍ 30 ദിവസത്തെ വെടിനിര്‍ത്തലിന് ധാരണയായിരുന്നു. കരാറില്‍ ഒപ്പിടുന്നതിന് മുന്നോടിയായാണ് റഷ്യ വീണ്ടും ഉപാധികള്‍ മുന്നോട്ടുവച്ചിരിക്കുന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം, വെടിനിര്‍ത്തലിന് തയ്യാറായില്ലെങ്കില്‍, റഷ്യക്കെതിരെ കടുത്ത സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുമെന്ന സൂചനയുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും രംഗത്തെത്തിയിട്ടുണ്ട്.
യുക്രെയ്ന് നാറ്റോ അംഗത്വം നല്‍കരുത്, യുക്രെയ്നില്‍ വിദേശസൈന്യത്തെ വിന്യസിക്കരുത്, ക്രിമിയ ഉള്‍പ്പെടെ നാല് പ്രവിശ്യകള്‍ റഷ്യയുടേതാണെന്ന് അംഗീകരിക്കണം എന്നിങ്ങനെ ആവശ്യങ്ങളാണ് റഷ്യ ആവര്‍ത്തിക്കുന്നത്. യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ടു നടന്ന ഉഭയകക്ഷി ചര്‍ച്ചകളിലും, ഓണ്‍ലൈന്‍ യോഗങ്ങളിലുമെല്ലാം റഷ്യ ഇക്കാര്യം ഉന്നയിച്ചിരുന്നു. സൗദി അറേബ്യയില്‍ യുക്രെയ്ന്‍, യുഎസ് പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയില്‍ 30 ദിവസത്തെ വെടിനിര്‍ത്തലിന് ധാരണയായതിനു പിന്നാലെയാണ് റഷ്യ പഴയ ആവശ്യങ്ങള്‍ ആവര്‍ത്തിക്കുന്നത്. അടിയന്തിര വെടിനിര്‍ത്തലിനെ പിന്തുണയ്ക്കുന്നുണ്ടോ ഇല്ലയോ എന്ന കാര്യം റഷ്യ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി യുഎസ് പ്രതിനിധി ഈയാഴ്ച അവസാനത്തോട ചര്‍ച്ച നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
'വെടിനിര്‍ത്തല്‍ കരാര്‍ പുടിന്‍ നിരസിച്ചാല്‍, കടുത്ത നടപടികള്‍ സ്വീകരിക്കണമെന്നാണ് ഞാന്‍ മനസിലാക്കുന്നതെന്ന്' യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമര്‍ സെലന്‍സ്കി പ്രതികരിച്ചിരുന്നു. ഇതുവരെ വിശദാംശങ്ങളൊന്നും അറിയില്ല. ഉപരോധങ്ങളെക്കുറിച്ചും, യുക്രെയ്നെ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും സംസാരിക്കുന്നുണ്ടെന്നും സെലന്‍സ്കി ചൊവാഴ്ച വ്യക്തമാക്കിയിരുന്നു. വെടിനിര്‍ത്തല്‍ കരാര്‍ വ്യാഴാഴ്ചയോടെ സംഭവിക്കുമെന്നും അത് നടപ്പാക്കാന്‍ യൂറോപ്പ് സജ്ജമായിരിക്കണമെന്നും ഫ്രഞ്ച് പ്രതിരോധ മന്ത്രി സെബാസ്റ്റ്യന്‍ ലെകോര്‍ണു പാരീസില്‍ വാര്‍ത്താസമ്മേളനത്തിലും അറിയിച്ചു.
പിന്നാലെയായിരുന്നു ട്രംപിന്റെ പ്രതികരണം. വെടിനിര്‍ത്തല്‍ സംബന്ധിച്ച് റഷ്യയില്‍നിന്ന് അനുകൂല സന്ദേശമാണ് ലഭിച്ചതെന്ന് ബുധനാഴ്ച ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍, അനുകൂല സന്ദേശം മാത്രംകൊണ്ട് കാര്യമില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തിരുന്നു. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് റഷ്യയാണ്. ചര്‍ച്ചയ്ക്കായി യുഎസ് പ്രതിനിധി റഷ്യയിലേക്ക് പോകുന്നുണ്ട്. വെടിനിര്‍ത്തല്‍ സാധ്യമാകുമെന്നാണ് പ്രതീക്ഷ. കരാറില്‍ പുടിന്‍ ഒപ്പുവയ്ക്കുന്നില്ലെങ്കില്‍, സാമ്പത്തികമായി എന്തെങ്കിലും ചെയ്യുന്നത് റഷ്യയെ മോശമായി ബാധിക്കും. അത് ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. കാരണം, താന്‍ ആഗ്രഹിക്കുന്നത് സമാധാനമാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. സാമ്പത്തിക ഉപരോധം എന്ന് വാക്ക് ഉപയോഗിച്ചില്ലെങ്കിലും, വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിട്ടില്ലെങ്കില്‍ റഷ്യക്കെതിരെ അത്തരമൊരു നടപടി സ്വീകരിച്ചേക്കുമെന്ന സൂചന തന്നെയാണ് ട്രംപ് നല്‍കിയത്.