തനിക്ക് ഏകപക്ഷീയമായി തീരുമാനമെടുക്കാനാവില്ലെന്നും നേതൃത്വം പരിശോധിക്കുമെന്നും പ്രതിപക്ഷ നേതാവ് ഉറപ്പു നൽകി
വയനാട് മുൻ ഡിസിസി ട്രഷറർ എൻ. എം. വിജയൻ്റെ കുടുംബം ഉന്നയിച്ച ആരോപണത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി. ഡി. സതീശനും കോൺഗ്രസ് നേതാവ് കെ. മുരളീധരനും. രണ്ട് ദിവസം മുൻപാണ് കത്ത് കിട്ടിയത്. അത് മുഴുവനും വായിച്ചു. അതിൽ ചില അവ്യക്തത ഉണ്ടായിരുന്നതിൽ വ്യക്തത ആവശ്യപ്പെട്ടിട്ടുണ്ടെന്നും വി. ഡി. സതീശൻ പറഞ്ഞു.
"കത്ത് കിട്ടിയില്ലെന്ന് എവിടെയും പറഞ്ഞിട്ടില്ല. പാർട്ടി അന്വേഷിക്കുന്നുണ്ട്, സത്യാവസ്ഥ അറിയട്ടെ എന്നിട്ട് പ്രതികരിക്കാം", വി. ഡി. സതീശൻ പറഞ്ഞു. താൻ ആരോടും മോശമായി പെരുമാറിയിട്ടില്ല. തന്നെ കാണാൻ വന്നവർക്ക് ഭീഷണിയുടെ സ്വരമുണ്ടായിരുന്നു. അത് തന്നോട് വേണ്ടെന്നും സതീശൻ വ്യക്തമാക്കി. തനിക്ക് ഏകപക്ഷീയമായി തീരുമാനമെടുക്കാനാവില്ലെന്നും നേതൃത്വം പരിശോധിക്കുമെന്നും പ്രതിപക്ഷ നേതാവ് ഉറപ്പു നൽകി.
വയനാട്ടിൽ എൻ. എം വിജയൻ്റെ മരണത്തിന് ഉത്തരവാദിയായ ആരേയും സംരക്ഷിക്കില്ലെന്നും,പാർട്ടി അന്വേഷണ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ടെന്നും കെ. മുരളീധരൻ അറിയിച്ചു. തെറ്റ് ചെയ്ത ആരെയും സംരക്ഷിക്കില്ല, മാർക്സിസ്റ്റ് പാർട്ടിയല്ല കോൺഗ്രസെന്നും മുരളീധരൻ വ്യക്തമാക്കി. പി. വി. അൻവർ മുന്നണിയിലേക്ക് വരുന്നതിനെ പറ്റിയും മുരളീധരൻ പ്രതികരിച്ചു. അൻവർ സ്വതന്ത്ര എംഎൽഎയാണ്. കോൺഗ്രസിലേക്കുള്ള പ്രവേശനം മുന്നണിയിൽ ചർച്ച ചെയണമെന്നും പാർട്ടിയിലേക്ക് വരുന്ന ആരെയും നിരുൽസാഹപ്പെടുത്തില്ലെന്നും മുരളീധരൻ വ്യക്തമാക്കി.
അതേസമയം എൻ. എം. വിജയൻ്റെ മരണത്തിൽ സി. ബാലകൃഷ്ണനെതിരെ കൊലക്കുറ്റത്തിനു കേസെടുക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി. കെ. സനോജ് ആവശ്യപ്പെട്ടു. ഇരട്ട കൊലപാതകമാണ് വയനാട്ടിൽ നടന്നത്. കോഴ പണത്തിന്റെ പങ്ക് വി. ഡി. സതീശനും കെ. സുധാകരനും പങ്കു പറ്റിയിട്ടുണ്ട്. സാമ്പത്തിക ഇടപാടിൽ സമഗ്രമായ അന്വേഷണം വേണം എന്നും വി. കെ. സനോജ് പറഞ്ഞു. ഐ. സി.ബാലകൃഷ്ണനെ പൊതുപരിപാടികളിൽ പങ്കെടുപ്പിക്കരുതെന്നും പങ്കെടുപ്പിച്ചാൽ ഡിവൈഎഫ്ഐ ശക്തമായി പ്രതിഷേധിക്കുമെന്നും സംസ്ഥാന സെക്രട്ടറി അറിയിച്ചു.