മൂന്ന് വർഷം നീണ്ട വിചാരണയ്‌ക്കൊടുവിലാണ് കൊച്ചി സിബിഐ കോടതി ഇന്ന് വിധി പറയുന്നത്
പെരിയ ഇരട്ടക്കൊലപാതക കേസിൽ കൊച്ചി സിബിഐ കോടതി ഇന്ന് വിധി പറയും. സംസ്ഥാന രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കങ്ങള്‍ക്ക് കാരണമായ കേസില്‍ ആറു വർഷങ്ങള്‍ക്ക് ശേഷമാണ് വിധിവരുന്നത്. മുൻ എംഎൽഎ കെ.വി. കുഞ്ഞിരാമനും സിപിഎം നേതാക്കളും ഉൾപ്പെടെ 24 പ്രതികളാണ് കേസിലുള്ളത്.
വിധിയെ പ്രതീക്ഷയോടെ കാണുന്നുവെന്ന് ശരത് ലാലിന്റെ പിതാവ് സത്യനാരായണൻ ന്യൂസ് മലയാളത്തോട് പറഞ്ഞു. സംരക്ഷണം നൽകേണ്ട സർക്കാർ പ്രതികൾക്കൊപ്പം നിന്നത് വിഷമം ഉണ്ടാക്കി. പ്രസ്ഥാനവും ജനങ്ങളും അഭിഭാഷകരും കൂടെ നിന്നതുകൊണ്ട് മാത്രമാണ് ഇവിടം വരെ എത്താൻ സാധിച്ചതെന്നും സത്യനാരായണന്‍ പറഞ്ഞു.
120 ഓളം സാക്ഷികളെയാണ് കേസിന്റെ ഭാഗമായി വിസ്തരിക്കാൻ സാധിച്ചത്. ചെയ്ത കുറ്റത്തിനു തക്കതായ ശിക്ഷ ലഭിക്കുമെന്നുള്ള പ്രതീക്ഷയുണ്ട്. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ ഉന്നതരായ സിപിഎം നേതാക്കളിലേക്ക് അന്വേഷണം എത്തിയപ്പോൾ സർക്കാർ ഇടപെടൽ ഉണ്ടായി. അതുകൊണ്ടാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. സിബിഐ വന്നതിനുശേഷം 10 പ്രതികൾ കൂടിയിട്ടുണ്ട്. അഭിഭാഷകന്റെ കൂറുമാറ്റം മനുഷ്യത്വരഹിതമായിരുന്നു. പിണറായി അഭിഭാഷകനെ വിലക്കെടുക്കുകയായിരുന്നു. ക്രിമിനലുകളെ രക്ഷപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും സത്യനാരായണന്‍ ആരോപിച്ചു.
2019 ഫെബ്രുവരി 17ന് വൈകുന്നേരും ആറിനും ഏഴരയ്ക്കുമിടയിലാണ് പെരിയ വില്ലേജിലെ കണ്ണാടിപാറ കല്ലിയോട്ട് വെച്ച് ശരത് ലാലും കൃപേഷും ക്രൂരമായി കൊലചെയ്യപ്പെടുന്നത്. കാസർഗോഡ് മൂന്നാട് കോളേജിലെ എസ്എഫ്ഐ - കെഎസ്‍യു തർക്കത്തിൽ ഇടപെട്ടതാണ് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരായ ഇരുവരെയും വകവരുത്താൻ സിപിഎം പ്രാദേശിക നേതൃത്വം തീരുമാനിച്ചതിന് പിന്നിലെന്നാണ് പ്രോസിക്യൂഷൻ കേസ് . ആദ്യം ബേക്കൽ പൊലിസ് രജിസ്റ്റർ ചെയ്ത കേസ് മലപ്പുറം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. 14 പ്രതികൾക്കെതിരെ ഹോസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രവും സമർപിച്ചു.
ഇതിനിടെ അന്വേഷണത്തിൽ അതൃപ്തി അറിയിച്ച് രക്ഷിതാക്കൾ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി സിംഗിൾ ബഞ്ച് കുറ്റപത്രം റദ്ദാക്കി, കേസ് സിബിഐക്ക് കൈമാറാൻ ഉത്തരവിട്ടു. ഹൈക്കോടതി വിധിക്കെതിരെ സർക്കാർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചെങ്കിലും അപ്പീൽ തള്ളി. അന്വേഷണത്തിൽ ഗുരുതരമായ അലംഭാവവും പാകപ്പിഴയും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കണ്ടെത്തിയിരുന്നു. തുടർന്നാണ് 2020 ആഗസ്റ്റ് 25ന് ക്രൈംബ്രാഞ്ച് കുറ്റപത്രം പുനഃസ്ഥാപിച്ച് തുടരന്വേഷണം നടത്താൻ സിബിഐയോട് നിർദേശിച്ചത്. എന്നാൽ, സർക്കാർ വീണ്ടും അപ്പീലുമായി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവുണ്ടായില്ല.
2020 ഡിസംബർ 10ന് സി ബി ഐ കേസ് ഏറ്റെടുത്തു. സിബിഐ നടത്തിയ അന്വേഷണത്തിൽ 10 പ്രതികളുടെ പങ്ക് കൂടി കണ്ടെത്തി. അന്വേഷണം പൂർത്തിയാക്കി 2021 ഡിസംബർ മൂന്നിന് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു. മൂന്ന് വർഷം നീണ്ട വിചാരണയ്‌ക്കൊടുവിലാണ് കൊച്ചി സിബിഐ കോടതി ഇന്ന് വിധി പറയുന്നത്. പ്രതികൾ ഇപ്പോൾ വിയ്യൂർ അതി സുരക്ഷാ ജയിലിലും എറണാകുളം ജില്ലാ ജയിലിലുമാണുള്ളത്. പല തവണ ജാമ്യാപേക്ഷ നൽകിയെങ്കിലും കോടതികൾ ജാമ്യം അനുവദിച്ചിരുന്നില്ല. 154 പ്രോസിക്യൂക്ഷൻ സാക്ഷികളാണ് കേസിലുണ്ടായിരുന്നത്. 495 രേഖകളും 85 തൊണ്ടിമുതലും പ്രോസിക്യൂഷൻ ഹാജരാക്കി. പ്രതിഭാഗം മൂന്ന് സാക്ഷികളെയാണ് വിസ്തരിച്ചത്.