മർദന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞതാണ് അറസ്റ്റിന് ആധാരമായത്
പൊതുസ്ഥലത്ത് മൂത്രമൊഴിച്ചെന്ന് ആരോപിച്ച് ഡല്‍ഹിയില്‍ മർദനം. വടക്കന്‍ ഡല്‍ഹിയിലെ മോഡല്‍ ടൗണിലാണ് സംഭവം. മർദിച്ച വ്യക്തിയെ പൊലീസ് അറസ്റ്റ് ചെയ്തു. മർദന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞതാണ് അറസ്റ്റിന് ആധാരമായത്.
ഇരുചക്ര വാഹനത്തില്‍ വന്ന പ്രതി ഫുട്പാത്തില്‍ കിടന്നുറങ്ങിയ വ്യക്തിയുടെ അടുത്തേക്ക് നീങ്ങുന്നത് ദൃശ്യങ്ങളില്‍ കാണാം. ഉറങ്ങിക്കിടന്ന വ്യക്തിയെ വിളച്ചുണർത്തി പ്രതി വടി ഉപയോഗിച്ച് അടിച്ചു. സംഭവം നടക്കുമ്പോള്‍ പ്രതിയുടെ സുഹൃത്ത് അയാളെ കാത്ത് ബൈക്കില്‍ നില്‍ക്കുന്നുണ്ടായിരുന്നു.
Also Read: കഠിനമായ വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തി; യുവതിയുടെ വയറിൽ നിന്ന് നീക്കം ചെയ്‌തത് 2 കിലോ മുടി
20 സെക്കന്‍ഡുകള്‍ മർദിച്ച ശേഷം പ്രതി മടങ്ങിപ്പോയി. എന്നിട്ട് തിരികെ വന്ന് വീണ്ടും 20 മിനിറ്റ് അടിച്ചു. പിന്നീട് പ്രതി സുഹൃത്തിന്‍റെ ബൈക്കില്‍ കയറിപ്പോകുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊലീസ് പ്രതികളെ കണ്ടെത്തിയത്. പ്രതി, ആര്യന്‍, അതേ പ്രദേശത്ത് വീട്ടു ജോലിചെയ്തിരുന്ന ആളാണ്.
മർദനത്തിനിരയായ രാംഫാല്‍ വ്യാഴാഴ്ച പാർക്കിലെ തുറന്ന സ്ഥലത്ത് മൂത്രമൊഴിച്ചെന്ന് ആരോപിച്ചായിരുന്നു മർദനം. പ്രതി തടഞ്ഞെങ്കിലും രാംഫാല്‍ പിന്‍മാറിയില്ല. ഇതിനെ തുടർന്ന് രണ്ടും പേരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഇതിനു പിറ്റേന്നാണ് ആര്യനും സുഹൃത്തുക്കളും ചേർന്ന് രാംഫാലിനെ മർദിച്ചത്. അറസ്റ്റ് ചെയ്ത പ്രതിയെ പൊലീസ് പിന്നീട് ജാമ്യത്തില്‍ വിട്ടു.