അനധികൃത സ്വത്തുസമ്പാദനം, കവടിയാറിലെ വീടുനിർമാണം എന്നിവ അന്വേഷണത്തിൻ്റെ പരിധിയിൽ വരും
പി.വി. അൻവറിൻ്റെ ആരോപണത്തെ തുടർന്ന് എഡിജിപി എം.ആർ. അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് ശുപാർശ. നടപടി സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശത്തെ തുടർന്നാണ് അന്വേഷണത്തിന് ശുപാർശ ചെയ്തത്. അനധികൃത സ്വത്തുസമ്പാദനം, കവടിയാറിലെ വീടുനിർമാണം എന്നിവ അന്വേഷണത്തിൻ്റെ പരിധിയിൽ വരും. അതേസമയം, എം.ആർ. അജിത് കുമാറിൻ്റെ മൊഴിയെടുക്കാൻ ഉടൻ നോട്ടീസ് നൽകാനും തീരുമാനമായതായാണ് ലഭ്യമാകുന്ന വിവരം. സംസ്ഥാന പൊലീസ് മേധാവിയാണ് നോട്ടീസ് നൽകുക. മൊഴിയെടുപ്പിന് സാധ്യമായ ദിവസവും സമയവും അറിയിക്കാൻ ഡിജിപി, എഡിജിപിക്ക് കത്ത് നൽകി. മൊഴിയെടുക്കല്‍ സംസ്ഥാന പൊലീസ് മേധാവി നേരിട്ട് നടത്തും
എഡിജിപി എം.ആർ. അജിത് കുമാറിനെതിരെ പി.വി അൻവറിൻ്റെ ആരോപണങ്ങൾ ഗുരുതരമായിരുന്നു. എന്നിരുന്നാലും എംഎല്‍എ പി.വി. അന്‍വറിന്‍റെ ആരോപണങ്ങള്‍ മുന്നണിയെ പ്രതികൂലമായി ബാധിക്കില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണൻ പറഞ്ഞു. അൻവർ ഉന്നയിച്ച വിഷയങ്ങൾ ഗൗരവമുള്ളതാണെന്നും പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണവും നടപടിയും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്നും എല്‍ഡിഎഫ് കണ്‍വീനർ വാർത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.
ALSO READ: യൂണിവേഴ്സിറ്റി സെനറ്റ് തെരഞ്ഞെടുപ്പ്: കെഎസ്‌യു പ്രവർത്തകർക്കെതിരെ കേസ്
ആർഎസ്എസ് - എഡിജിപി കൂടിക്കാഴ്ചയില്‍ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് പൂഴ്ത്തിവെച്ചുവെന്നും ഇതിന് പിന്നിൽ പി. ശശിയുടെ സാന്നിധ്യമുണ്ടെന്ന് സംശയിക്കുന്നതായും പി.വി. അൻവർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഡിജിപി തിരുവന്തപുരം കവടിയാറില്‍ എം.എ. യൂസഫലിയുടെ വീടിനോട് ചേര്‍ന്ന് വലിയ കൊട്ടാരം പോലുള്ള വീട് പണിയുന്നുവെന്നും അന്‍വര്‍ ആരോപിച്ചിരുന്നു. 10 സെന്റ് അജിത് കുമാറിന്റെ പേരിലും 12 സെന്റ് സഹോദരന്റെ പേരിലും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 12,000 സ്‌ക്വെയര്‍ ഫീറ്റോ 15,000 സ്‌ക്വെയര്‍ ഫീറ്റോ എന്ന് ഉറപ്പുവരുത്താന്‍ പറ്റിയിട്ടില്ല. 65 മുതല്‍ 75 വരെ ലക്ഷം രൂപയാണ് സെന്റിന് വില, അൻവർ പറഞ്ഞു. ഈ രണ്ട് വിഷയങ്ങളിലാണ് വിജിലൻസ് പ്രധാനമായും അന്വേഷണം നടത്തുകയെന്നാണ് ലഭ്യമാകുന്ന വിവരം.