ഐഒസി പണം നൽകാത്ത ഏജൻസികളെ തകർക്കാൻ ഇയാൾ നിരന്തരമായി നീക്കം നടത്തിയിരുന്നെന്നും വിജിലൻസ് കണ്ടെത്തി
തിരുവനന്തപുരത്ത് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഡെപ്യൂട്ടി ജനറൽ മാനേജർ അലക്സ് മാത്യുവിനെതിരെ വിജിലൻസിൻ്റെ ഗുരുതരമായ കണ്ടെത്തൽ. അലക്സ് മാത്യു ഡിസ്ട്രിബ്യൂട്ടർമാരെ നിരന്തരം ഭീഷണിപ്പെടുത്തി പണം തട്ടുന്നയാളെന്ന് വിജിലൻസ് കണ്ടെത്തി. ഐഒസി പണം നൽകാത്ത ഏജൻസികളെ തകർക്കാൻ ഇയാൾ നിരന്തരമായി നീക്കം നടത്തിയിരുന്നു. അലക്സ് മാത്യുവിനെ വിജിലൻസ് ഉടൻ കസ്റ്റഡിയിൽ വാങ്ങും.
കഴിഞ്ഞ ദിവസമാണ് ഇൻഡേൻ സർവീസ് ഏജൻസി ഉടമയുടെ കയ്യിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ അലക്സ് മാത്യുവിനെ വിജിലൻസ് പിടികൂടിയത്. കൊല്ലത്തെ വൃന്ദാവനം ഇൻഡേൻ സർവീസ് ഉടമ മനോജ് നൽകിയ പരാതിയിലാണ് വിജിലൻസിൻ്റെ നടപടി. അലക്സ് മാത്യുവിൻ്റെ കാറിൽ നിന്ന് ഒരുലക്ഷം രൂപ കൂടി കണ്ടെത്തിയിരുന്നു. വൃന്ദാവനം ഇൻഡേൻ സർവീസ് ഏജൻസിയിലെ നിലവിലെ കസ്റ്റമേഴ്സിനെ മറ്റ് ഏജൻസികളിലേക്ക് മാറ്റുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഡെപ്യൂട്ടി ജനറൽ മാനേജർ അലക്സ് മാത്യു മാനോജിൽ നിന്നും പണം ആവശ്യപ്പെട്ടിരുന്നത്.
ALSO READ: ശ്രമം വിഫലം; കോഴിക്കോട് ഓടയിൽ വീണ മധ്യവയസ്കൻ്റെ മൃതദേഹം കണ്ടെത്തി
പലതവണ ഇത്തരത്തിൽ ഭീഷണിപ്പെടുത്തി കൈക്കൂലി വാങ്ങിയിട്ടുണ്ട്. 10 ലക്ഷം രൂപയാണ് ഇപ്പോൾ ആവശ്യപ്പെട്ടത്. അതിന്റെ അഡ്വാൻസ് രണ്ട് ലക്ഷം കൈപ്പറ്റുന്നതിനാണ് എറണാകുളത്തു നിന്നും കവടിയാർ പണ്ഡിറ്റ് നഗറിലുള്ള മനോജിന്റെ വീട്ടിലെത്തിയത്. വാഹനം മാറ്റി ഇട്ടതിനുശേഷം വീട്ടിലെത്തി പണം കൈപ്പറ്റിയ അലക്സ് മാത്യുവിനെ വിജിലൻസ് കയ്യോടെ പിടികൂടുകയായിരുന്നു. 2013 മുൽ അലക്സ് മാത്യു പണം വാങ്ങിയിരുന്നതായി മനോജ് പറഞ്ഞു. നേരത്തെ 10,000 മുതൽ 15,000 വരെ പണമാണ് ആവശ്യപ്പെട്ടിരുന്നതെന്നും മനോജ് പറയുന്നു.
അതേസമയം, അലക്സ് മാത്യുവിന്റെ വീട്ടിലും പനമ്പിള്ളി നഗറിലെ ഓഫീസിലുമായി വിജിലൻസ് നടത്തിയ പരിശോധനയിൽ 30 ഓളം ഭൂമിയിടപാട് രേഖകൾ കണ്ടെത്തി. നാല് ലക്ഷം രൂപയും വിജിലൻസ് പിടിച്ചെടുത്തിട്ടുണ്ട്. ഏഴ് ലിറ്റർ വിദേശ മദ്യവും 29 ലക്ഷം രൂപയുടെ ഫിക്സഡ് ഡെപ്പോസിറ്റ് രേഖകളും വിജിലൻസ് വീട്ടില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.