fbwpx
ബലൂച് ലിബറേഷൻ ആർമി; പാകിസ്ഥാനെ പിളര്‍ത്തുമോ ഈ സായുധസംഘം?
logo

എസ് ഷാനവാസ്

Posted : 17 Mar, 2025 11:05 AM

പാക് സൈന്യത്തോട് നേര്‍ക്കുനേര്‍ ഏറ്റുമുട്ടാന്‍ പ്രാപ്തമായ സായുധ സംഘം. ആരാണ് ബലൂച് ലിബറേഷൻ ആർമി? എന്തിനാണ് അവര്‍ സ്വന്തം രാജ്യത്തിനെതിരെ ഇത്തരത്തില്‍ പോരാടുന്നത്?

WORLD


സാമ്പത്തികമായും രാഷ്ട്രീയമായും തകര്‍ന്ന പാകിസ്ഥാനെ മുള്‍മുനയില്‍ നിര്‍ത്തിയ സംഘം. ക്വറ്റ–പെഷാവർ ജാഫർ എക്സ്പ്രസ് തട്ടിയെടുത്ത്, നൂറിലധികം പേരെ ബന്ദികളാക്കാന്‍ പോന്ന സംഘം. ബലൂച് ലിബറേഷൻ ആർമി. പാക് സൈന്യത്തോട് നേര്‍ക്കുനേര്‍ ഏറ്റുമുട്ടാന്‍ പ്രാപ്തമായ സായുധ സംഘം. ആരാണ് ബലൂച് ലിബറേഷൻ ആർമി? എന്തിനാണ് അവര്‍ സ്വന്തം രാജ്യത്തിനെതിരെ ഇത്തരത്തില്‍ പോരാടുന്നത്?

പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയുടെ മോചനം ആവശ്യപ്പെടുന്ന സംഘടനയാണ് ബലൂച് ലിബറേഷന്‍ ആര്‍മി അഥവാ ബി.എല്‍.എ. പാക്കിസ്ഥാന്റെയും ഇറാന്റെയും അതിർത്തിയിലാണ് ബലൂചിസ്ഥാൻ പ്രവിശ്യ. ഇരു രാജ്യങ്ങളിലുമായി ഒരു കോടിയോളം ബലൂചികൾ ഉണ്ടെന്നാണ് കണക്കുകള്‍. പാക്കിസ്ഥാനില്‍ ബലൂചികള്‍ കൂട്ടത്തോടെ അധിവസിക്കുന്ന പ്രവിശ്യയാണ് ബലൂചിസ്ഥാൻ. മാരി, ബഗ്‌തി, മെംഗൽ ഗോത്രങ്ങളുടെ പിതൃഭൂമി. പാക്കിസ്ഥാന്റെ മൊത്തം ഭൂവിസ്തൃതിയുടെ മൂന്നില്‍ രണ്ടുണ്ട് ബലൂചിസ്ഥാന്‍. എന്നാല്‍ ജനസംഖ്യയുടെ അഞ്ച് ശതമാനം മാത്രമാണ് ഇവിടെയുള്ളത്. പ്രകൃതിവാതക നിക്ഷേപവും, ഇരുമ്പ്, സൾഫർ, ക്രോമൈറ്റ്, കൽക്കരി, മാർബിൾ തുടങ്ങിയ ധാതുക്കളും കൊണ്ടു സമ്പന്നമാണ് മേഖല. പക്ഷേ, വികസനത്തിന്റെ കാര്യത്തില്‍ ഏറ്റവും പിന്നിലാണ് ബലൂചിസ്ഥാന്‍. അതു തന്നെയാണ് പ്രധാന പ്രശ്നവും. മേഖലയെ സാമ്പത്തികമായി ചൂഷണം ചെയ്യുന്ന പാക് സര്‍ക്കാര്‍, ബലൂച് ജനതയെ അവഗണിക്കുകയാണെന്ന ആരോപണങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ബി.എല്‍.എയിലൂടെ ഇടക്കിടെ മുഴങ്ങിക്കേള്‍ക്കുന്നത് അത്തരം പ്രതിഷേധമാണ്.

പാകിസ്ഥാന്‍ സ്വതന്ത്ര രാജ്യമായപ്പോള്‍ തുടങ്ങിവെച്ച പ്രതിരോധങ്ങള്‍ ശക്തിയാര്‍ജിച്ചാണ് ബിഎല്‍എ ഉരുവം കൊണ്ടതെന്ന് പറയാം. ഇന്ത്യക്കൊപ്പം നില്‍ക്കാനായിരുന്നു ഒരു വിഭാഗം ബലൂചികളുടെ ആഗ്രഹം. ബലൂചിസ്ഥാനെ പാകിസ്ഥാന്റെ ഭാഗമാക്കാനായിരുന്നു ബ്രിട്ടീഷുകാരുടെ താല്പര്യം. ഇതോടെയാണ് സ്വതന്ത്ര ബലൂചിസ്ഥാന്‍ എന്ന പൊതുവികാരം ശക്തിപ്പെടുന്നത്. എന്നാല്‍, സ്വതന്ത്രമായി നിന്ന നാട്ടുരാജ്യങ്ങളില്‍ ചിലത് പാകിസ്ഥാനൊപ്പം ചേരാന്‍ തയ്യാറായതോടെ, ബലൂചിസ്ഥാന്‍ ഒറ്റപ്പെട്ടു. 1948ല്‍, സൈനിക നടപടിയിലൂടെ ബലൂചിസ്ഥാന്‍ പാകിസ്ഥാന്റെ ഭാഗമായി. എന്നിട്ടും 1970ല്‍ മാത്രമാണ് പ്രവിശ്യ പദവി ലഭിക്കുന്നത്. ഒട്ടും താല്‍പര്യമില്ലാതിരുന്നിട്ടും, പാകിസ്ഥാന്റെ ഭാഗമായി മാറേണ്ടി വന്ന ചരിത്രമാണ് ബലൂചിസ്ഥാന്റേത്. അതുകൊണ്ട് തന്നെ പ്രതിഷേധങ്ങളുടെ ചരിത്രവും അവിടെ ആരംഭിക്കുന്നു. 1958-59, 1962-63, 1973-1977 വര്‍ഷങ്ങളിൽ വലിയ പ്രതിഷേധങ്ങളുണ്ടായി. എല്ലാക്കാലത്തും ബലൂചികളുടെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളെ പാക് സര്‍ക്കാര്‍ ശക്തമായി അടിച്ചമര്‍ത്തി എന്നതാണ് ചരിത്രം. പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരെയും, അനുയായികളെ കൂട്ടമായും പിടിച്ചുകൊണ്ടുപോയി, ക്രൂരമായി പീഡിപ്പിച്ചു. പതിനായിരത്തോളം പേരെങ്കിലും ഇങ്ങനെ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ചരിത്രം പറയുന്നു. 1999ൽ പർവേസ് മുഷറഫ് അധികാരത്തിൽ വന്നതിനു പിന്നാലെയും, കടുത്ത സൈനിക ഓപ്പറേഷന്‍ നടത്തിയിരുന്നു. അതിനെയെല്ലാം ചെറുത്ത് ചെറുത്ത് ശക്തി പ്രാപിച്ചാണ്, രണ്ടായിരത്തില്‍ ബലൂച് ലിബറേഷന്‍ ആര്‍മി രൂപപ്പെടുന്നത്.


ALSO READ: പാകിസ്ഥാനില്‍ ട്രെയിന്‍ തട്ടിയെടുത്ത് യാത്രക്കാരെ ബന്ദികളാക്കി; ഉത്തരവാദിത്തം ഏറ്റെടുത്ത് ബലൂച് ലിബറേഷന്‍ ആര്‍മി


പോരാട്ടങ്ങളില്‍നിന്ന് ഉയിര്‍കൊണ്ട വെറുമൊരു ആള്‍ക്കൂട്ടമല്ല ബി.എല്‍.എ. സായുധ പോരാട്ടങ്ങള്‍ കൊണ്ടേ അവകാശങ്ങള്‍ നേടിയെടുക്കാനാകൂ എന്ന് വിശ്വസിക്കുന്നവരുടെ കൂട്ടമാണത്. അതിനായി അത്യാധുനിക സ്ഫോടക വസ്തുക്കളോ, ആയുധങ്ങളോ ഉപയോഗിക്കാന്‍ അവര്‍ സജ്ജമാണ്. മജീദ് ബ്രിഗേഡ് ആണ് ബിഎല്‍എയുടെ പ്രത്യേക സേനാ വിഭാഗം. ചാവേര്‍ ബോംബ് ആക്രമണങ്ങള്‍ക്കായി പ്രത്യേക യൂണിറ്റുണ്ട്. പര്‍വത പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് ഫത്തേ സ്ക്വാഡ് ആണ്. എല്ലാത്തിനുംമേലെ, സ്പെഷ്യൽ ടാക്റ്റിക്കൽ ഓപ്പറേഷൻസ് സ്ക്വാഡ് എന്ന ഉന്നത സേനാ വിഭാഗവുമുണ്ട്. പ്രവിശ്യയെ സാമ്പത്തികമായും രാഷ്ട്രീയമായും ചൂഷണം ചെയ്യുന്നവരെന്ന് ബിഎല്‍എയ്ക്ക് തോന്നുന്നവര്‍പോലും അവരുടെ ശത്രുക്കളാണ്. തദ്ദേശീയരെന്നോ, വിദേശീയരെന്നോ, ന്യൂനപക്ഷമെന്നോ വേര്‍തിരിവില്ലാതെയാണ് ബിഎല്‍എയുടെ ആക്രമണം. 2004ലാണ് രക്തരൂക്ഷിത പോരാട്ടങ്ങള്‍ക്ക് ബിഎല്‍എ തുടക്കമിടുന്നത്. പ്രവിശ്യയിലെ ബലൂചികളല്ലാത്ത ന്യൂനപക്ഷത്തിനു നേരെയായിരുന്നു കടുത്ത ആക്രമണം. 2006ല്‍ പര്‍വേസ് മുഷറഫിന്റെ സന്ദര്‍ശനത്തിനിടെ പ്രവിശ്യയിലെ കോഹ്‍ലു ജില്ലയിലെ പാരാ മിലിറ്ററി ക്യാംപിനുനേരെ റോക്കറ്റ് ആക്രമണം നടത്തി. 2007ൽ ബലൂച് നേതാവ് നവാബ് അക്ബർ ബുഗ്തിയെ സൈന്യം വെടിവെച്ചുകൊന്നത് ബിഎല്‍എയുടെ രോഷം ഇരട്ടിപ്പിച്ചു. പാക് സൈന്യത്തിന്റെ പട്രോളിങ് വാഹനങ്ങളും, ക്യാമ്പുകളും നിരന്തരം ആക്രമിക്കപ്പെട്ടു. 2009ല്‍ പ്രവിശ്യയിലെ പഞ്ചാബി നിവാസികള്‍ക്കെതിരെയായിരുന്നു ബിഎല്‍എ ആക്രമണം. അഞ്ഞൂറോളം പേരാണ് അന്ന് കൊല്ലപ്പെട്ടത്. പഷ്തൂണ്‍, സിന്ധി, പഞ്ചാബി ന്യൂനപക്ഷ ജനത പലപ്പോഴും ആക്രമണങ്ങള്‍ക്ക് ഇരയായി. 2010ല്‍, പ്രവിശ്യയിലെ സ്‌കൂളുകളെയും, അധ്യാപകരെയും വിദ്യാര്‍ഥികളെയും ആക്രമിച്ചു. സ്കൂളുകളില്‍ ബലൂച് ഗാനം ചൊല്ലാന്‍ വിസമ്മതിച്ചായിരുന്നു പ്രകോപനം. ചെറുതും വലുതുമായ ആക്രമണങ്ങളിലൂടെ ബിഎല്‍എ പാകിസ്ഥാനെ നിരന്തരം ഭീതിപ്പെടുത്തിക്കൊണ്ടിരുന്നു.

പാക്-ചൈന ബന്ധത്തെ അങ്ങേയറ്റം എതിര്‍ക്കുന്നവരാണ് ബിഎല്‍എ. ബലൂചിസ്ഥാന്റെ ധാതുസമ്പത്തില്‍ കണ്ണുനട്ടാണ് ചൈന പാകിസ്ഥാനുമായി കരാറുകളില്‍ ഏര്‍പ്പെടുന്നതെന്ന തിരിച്ചറിവാണ് അതിന് കാരണം. ബലൂച് മേഖലയില്‍ ഇരു രാജ്യങ്ങളും പങ്കാളികളായ സാമ്പത്തിക ഇടനാഴി, ഗ്വാദറിൽ ചൈനയുടെ സഹായത്തോടെ നിര്‍മിച്ച സര്‍ക്കാര്‍ തുറമുഖം ഉള്‍പ്പെടെ പദ്ധതികള്‍ക്ക് ബിഎല്‍എ എതിരായിരുന്നു. അതുകൊണ്ട് തന്നെ, ഇരു രാജ്യങ്ങളും പങ്കാളികളായ പദ്ധതി പ്രദേശങ്ങളിലും, ചൈനീസ് ഉദ്യോഗസ്ഥര്‍ക്കും ബിഎല്‍എയുടെ ആക്രമണം ഏല്‍ക്കേണ്ടിവന്നു. തുറമുഖത്തേക്കുള്ള വാഹനങ്ങൾക്കു നേരെയും, റോഡ്–റെയിൽ പാതകളും ആക്രമിക്കപ്പെട്ടു. 2018ല്‍ കറാച്ചിയിലെ ചൈനീസ് കോണ്‍സുലേറ്റില്‍ നാല് പേരുടെ മരണത്തിന് കാരണമായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ബിഎല്‍എ ഏറ്റെടുത്തിരുന്നു. 2019ല്‍ പേള്‍ കോണ്ടിനെന്റല്‍ ഹോട്ടലില്‍ ചൈനീസ് പൗരന്മാരെ ലക്ഷ്യമിട്ടും സംഘം ആക്രമണം നടത്തിയിരുന്നു. 2022ല്‍, കറാച്ചി സര്‍വകലാശാലയില്‍ വനിതാ ചാവേര്‍ മൂന്ന് ചൈനീസ് അധ്യാപകരെയാണ് കൊന്നത്. 30 വയസുള്ള സയന്‍സ് അധ്യാപികയും രണ്ട് കുട്ടികളുടെ അമ്മയുമായ ഷാരി ബലോച്ച് ആയിരുന്നു ആ ചാവേര്‍. സംഘടനയുടെ ആദ്യത്തെ വനിതാ ചാവേര്‍ കൂടിയായിരുന്നു ഷാരി.


ALSO READ: 'പാകിസ്ഥാന്‍റെ ദുശ്ശാഠ്യം'; ജാഫർ എക്സ്‌പ്രസിലെ 214 ബന്ദികളെ കൊലപ്പെടുത്തിയെന്ന് ബിഎല്‍എ


2024ന്റെ തുടക്കത്തില്‍ ബിഎല്‍എ ശക്തികേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് പാക് സൈന്യം ആക്രമണം നടത്തിയിരുന്നു. പ്രധാന താവളങ്ങള്‍ തകര്‍ക്കാന്‍ കഴിഞ്ഞെന്നായിരുന്നു പാക് സൈന്യത്തിന്റെ വാദം. എന്നാല്‍. 2024 നവംബറില്‍ ക്വറ്റയിലെ റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ ചാവേര്‍ ബോംബാക്രമണത്തില്‍ 32 പേര്‍ കൊല്ലപ്പെട്ടിരുന്നു. ബലൂചിസ്ഥാനിലെ റോഡുകള്‍ ഉപരോധിച്ച് 62 പാക് സൈനികരെയും വധിച്ചിരുന്നു. അതിന്റെ തുടര്‍ച്ച തന്നെയാണ് ജാഫര്‍ എക്സ്പ്രസ് തട്ടിയെടുക്കലും തുടര്‍ സംഭവങ്ങളും. ഇക്കാലത്തിനിടെ ബിഎല്‍എയുടെ നിരവധി ആസൂത്രണങ്ങള്‍ പൊളിഞ്ഞു. ബിഎല്‍എ സായുധ സംഘാംഗങ്ങളും നേതൃസ്ഥാനത്തുള്ളവരുമൊക്കെ പിടിയിലായി, ചിലര്‍ സൈനിക ഓപ്പറേഷനില്‍ കൊല്ലപ്പെട്ടു. എന്നിട്ടും, പോരാട്ടവീര്യം ഉപേക്ഷിക്കാന്‍ ബിഎല്‍എ തയ്യാറായില്ല. പാക് സൈന്യത്തിനും, തദ്ദേശീയരായ ന്യൂനപക്ഷ ജനതയ്ക്കും എതിരെ നിരന്തരം ആക്രമണം നടത്തിവന്ന ബിഎല്‍എയെ 2006ല്‍ പാക് സര്‍ക്കാര്‍ ഭീകര സംഘടനയായി പ്രഖ്യാപിച്ചിരുന്നു. അതേവര്‍ഷം തന്നെ യുകെയും ബിഎല്‍എയെ ആഗോള ഭീകര സംഘടനയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. 2019ല്‍ യുഎസും, പിന്നാലെ യൂറോപ്യന്‍ യൂണിയനും സമാന നയം സ്വീകരിച്ചു.

ബലൂച് ജനതയുടെ സ്വയം നിര്‍ണയാവകാശമാണ് ബിഎല്‍എയുടെ പ്രഖ്യാപിത ലക്ഷ്യം. അതിലൂടെ സ്വതന്ത്ര രാജ്യമായി നില്‍ക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത്. പാകിസ്ഥാനില്‍ മാറിമാറിവരുന്ന സര്‍ക്കാരുകള്‍ പ്രവിശ്യയിലെ പ്രകൃതിവിഭവങ്ങള്‍ ചൂഷണം ചെയ്യുകയാണെന്നാണ് ബിഎല്‍എയുടെ പ്രധാന ആരോപണം. പാക് സമ്പദ്ഘടനയെ താങ്ങിനിര്‍ത്തുന്നത് ബലൂചിസ്ഥാനാണ്. എന്നാല്‍, അവിടത്തെ ജനത അരികുവത്കരിക്കപ്പെടുന്നു. മതിയായ അടിസ്ഥാന സൗകര്യമോ, വികസനമോ നാളിതുവരെ സംഭവിച്ചിട്ടില്ല. പ്രവിശ്യയുടെ സമ്പത്തുകൊണ്ട്, രാജ്യത്തിന്റെ പല ഭാഗങ്ങളും, പങ്കാളി രാജ്യങ്ങളും സമ്പന്നരായി. എന്നാല്‍ അതിനെല്ലാം കാരണക്കാരായ ഒരു ജനത കടുത്ത ദാരിദ്ര്യത്തിലാണ് കഴിയുന്നത്. ഗ്വാദറിൽ തുറമുഖം നിർമിച്ചപ്പോഴും ബലൂചികള്‍ക്ക് നേട്ടമൊന്നും ഉണ്ടായില്ല. അവിടെ നിന്നും കൊണ്ടുപോകുന്ന പ്രകൃതിവാതകത്തിന് ന്യായമായ റോയൽറ്റി നൽകാൻ പാക്ക് സർക്കാർ തയ്യാറാകുന്നില്ല എന്നതും ബിഎല്‍എയുടെ പോരാട്ടങ്ങള്‍ക്ക് കാരണങ്ങളാണ്. ബിഎല്‍എയുടെ പ്രക്ഷോഭങ്ങള്‍ക്കും സായുധ പോരാട്ടങ്ങള്‍ക്കും ജനകീയ പിന്തുണ ഏറുന്നതിന്റെ കാരണവും മറ്റൊന്നല്ല.

ആരാണ് ബിഎല്‍എയെ നയിക്കുന്നതെന്ന ചോദ്യം പല കാലത്തും ഉയര്‍ന്നുവന്നിട്ടുണ്ട്. നേതാവ് അല്ലെങ്കില്‍ തലവന്‍ എന്ന നിലയില്‍ ആരെങ്കിലും ഉണ്ടോ എന്ന കാര്യം ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. പലരുടെയും പേരുകള്‍ പറയപ്പെടുമ്പോഴും, ഒരു ലീഡര്‍ഷിപ്പ് റോളിലേക്ക് ആരെയും ചേര്‍ത്തുനിര്‍ത്താനുള്ള വിവരങ്ങളൊന്നും തന്നെ ലഭ്യമായിട്ടില്ല. ഒരാളോ, ഒന്നിലധികം പേരുള്ള ചെറു സംഘങ്ങളോ ചേര്‍ന്നുള്ള പ്രവര്‍ത്തനം എന്ന് മാത്രമാണ് മനസിലാക്കാനാകുന്നത്. കൃത്യമായ ആസൂത്രണവും, നടത്തിപ്പുമൊക്കെ അതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഈ സായുധ സംഘത്തെ ആരാണ് സഹായിക്കുന്നതെന്ന ചോദ്യവും പ്രസക്തമാണ്. പലപ്പോഴും ഇന്ത്യയുടെയും അഫ്ഗാനിസ്ഥാന്റെയും പേരാണ് പാകിസ്ഥാന്‍ ഉന്നയിക്കുന്നത്. ഇന്ത്യയുടെ റോയും, അഫ്ഗാന്റെ രഹസ്യാന്വേഷണ വിഭാഗവും ചേര്‍ന്നാണ് ബിഎല്‍എയ്ക്ക് ധനസഹായവും പരിശീലനവും നല്‍കുന്നത്. ഇന്ത്യ ഫണ്ട് ചെയ്യുന്ന സംഘടനയെ നിയന്ത്രിക്കുന്നത് അഫ്ഗാനാണ്. അതുകൊണ്ടാണ് ഇന്ത്യ ബിഎല്‍എയെ ഭീകര സംഘടനായി പ്രഖ്യാപിക്കാത്തത് എന്നുമാണ് പാക് ആരോപണം. ഇന്ത്യയും അഫ്ഗാനിസ്ഥാനും പല തവണ തള്ളിയതാണ് ഈ ആരോപണങ്ങള്‍. മറ്റു ലോകരാജ്യങ്ങളും ഇത്തരം ആരോപണങ്ങള്‍ ഗൗരവത്തിലെടുത്തിട്ടില്ല. അതേസമയം, പാകിസ്ഥാനിലെ വിമത സംഘങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ഇറാനും, ഇറാനിലെ വിമത സംഘങ്ങളെ പാകിസ്ഥാനും സഹായിക്കാറുണ്ടെന്ന ആരോപണങ്ങള്‍ നിലനില്‍ക്കുന്നുമുണ്ട്.

അടിച്ചമര്‍ത്തും തോറും വര്‍ധിത വീര്യത്തോടെ ഉയര്‍ത്തെഴുന്നേല്‍ക്കുന്ന സംഘടനയായി ബിഎല്‍എ മാറിയിട്ടുണ്ട്. സൈനിക, ആയുധ ശക്തിയില്‍ മാത്രമല്ല, സാമ്പത്തികമായും സംഘടന ശക്തി പ്രാപിച്ചിട്ടുണ്ട്. രാഷ്ട്രീയ, സാമ്പത്തിക പ്രതിസന്ധികള്‍ ചൂഴ്ന്നുനില്‍ക്കുന്ന മണ്ണില്‍ ബിഎല്‍എയുടെ വിഘടനവാദം കൂടുതല്‍ ശക്തിപ്പെട്ടാല്‍ പാകിസ്ഥാന്‍ എന്ന രാജ്യത്തിന്റെ നിലനില്‍പ്പ് തന്നെ ഇല്ലാതാകും. പണപ്പെരുപ്പവും, വില വര്‍ധനയും രൂക്ഷമായ പാകിസ്ഥാനെ താങ്ങിനിര്‍ത്തുന്നത് ചൈനീസ് നിക്ഷേപം മാത്രമാണ്. ബലൂചിസ്ഥാനില്‍ കണ്ണുനട്ടാണ് ചൈനയുടെ സഹായ, സഹകരണമത്രയും. അതിനെയും ചോദ്യം ചെയ്തുകൊണ്ട് ബലൂചിസ്ഥാന്‍ മറ്റൊരു ബംഗ്ലാദേശ് ആകുമോ എന്ന ചോദ്യം അപക്വമായിരിക്കാം. എന്നാല്‍, ആഭ്യന്തര യുദ്ധത്തിലേക്ക് വഴുതിവീണാല്‍, അത് പാകിസ്ഥാന്റെ സര്‍വനാശത്തിന്റെ തുടക്കമായിരിക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകില്ല.


Also Read
user
Share This

Popular

KERALA
WORLD
അപേക്ഷ മാലിന്യത്തിനൊപ്പം കണ്ടെത്തിയ സംഭവം ഗൗരവമായി പരിശോധിക്കും; പരാതിക്കാരിയുടെ വിഷയം നേരത്തെ ശ്രദ്ധയില്‍പ്പെട്ടതാണ്: മന്ത്രി ആര്‍. ബിന്ദു