പ്രതിയുടെ ഇടപെടൽ കൊണ്ടാണ് ആത്മഹത്യയെന്ന് അന്വേഷണസംഘത്തിന് തെളിയിക്കാനായിട്ടില്ലെന്നും മാധ്യമ വിചാരണയുടെ ഇരയാണ് താനെന്നും കിരൺ ഹർജിയിൽ പറയുന്നു
സ്ത്രീധനത്തെച്ചൊല്ലിയുള്ള പീഡനത്തിന് പിന്നാലെ കൊല്ലം സ്വദേശി വിസ്മയ ജീവനൊടുക്കിയ കേസിൽ ശിക്ഷാവിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതി കിരൺ കുമാർ സുപ്രീം കോടതിയിൽ. കിരണിനെതിരായ ശിക്ഷാവിധി മരവിപ്പിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. വിസ്മയയുടെ ആത്മഹത്യയുമായി നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകളില്ലെന്നും ആത്മഹത്യ പ്രേരണക്കുറ്റം നിലനിൽക്കില്ലെന്നുമാണ് പ്രതിയുടെ വാദം.
കേസിൽ പത്തു വർഷം ശിക്ഷ വിധിച്ച വിചാരണക്കോടതി വിധിക്കെതിരെ കിരൺ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഇതിൽ രണ്ട് വർഷമായിട്ടും തീരുമാനമുണ്ടായില്ല. ഇതോടെയാണ് പ്രതി സുപ്രീംകോടതിയിൽ ഹർജി നൽകിയത്. അഭിഭാഷകൻ ദീപക് പ്രകാശാണ് കിരണിന്റെ ഹർജി സുപ്രീംകോടിതിയിൽ സമർപ്പിച്ചത്. പ്രതിയുടെ ഇടപെടൽ കൊണ്ടാണ് ആത്മഹത്യയെന്ന് അന്വേഷണസംഘത്തിന് തെളിയിക്കാനായിട്ടില്ല. മാധ്യമ വിചാരണയുടെ ഇരയാണ് താനെന്നും കിരൺ ഹർജിയിൽ പറയുന്നു.
കേസിൽ 10 വർഷത്തെ തടവ് വിധിക്കപ്പെട്ട കിരൺ പൂജപ്പുര സെൻട്രൽ ജയിലിൽ കഴിഞ്ഞുവരികയായിരുന്നു. കഴിഞ്ഞ ഡിസംബർ 30നാണ് കിരണിന് ജയിൽ മേധാവി 30 ദിവസത്തെ പരോള്‍ അനുവദിച്ചത്. കിരണ്‍ പരോളിന് ആദ്യം അപേക്ഷ നൽകിയെങ്കിലും പ്രൊബേഷൻ റിപ്പോർട്ടും പൊലീസ് റിപ്പോർട്ടും എതിരായതിനാൽ ജയിൽ സൂപ്രണ്ട് അപേക്ഷ തള്ളുകയായിരുന്നു.
2021 ജൂണിലാണ് കൊല്ലം സ്വദേശി വിസ്മയ ഭർതൃവീട്ടിൽ തൂങ്ങിമരിച്ചത്. സ്ത്രീധനത്തെച്ചൊല്ലിയുള്ള ഭർത്താവിന്റെ പീഡനം കാരണമാണ് വിസ്മയ ആത്മഹത്യ ചെയ്തതെന്ന് തുടക്കം മുതൽ ബന്ധുക്കൾ ആരോപിച്ചിരുന്നു. തുടർന്നുണ്ടായ പൊലീസ് അന്വേഷണത്തിൽ, കിരൺ കുമാർ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ഇയാളെ പ്രതിയാക്കുകയും ചെയ്തു.
ALSO READ: എൻ.എം. വിജയൻ്റെയും മകൻ്റെയും മരണം: ഐ.സി. ബാലകൃഷ്ണനും എൻ.ഡി. അപ്പച്ചനും പ്രതികൾ
100 പവന്‍ സ്വര്‍ണവും ഒന്നേ കാല്‍ ഏക്കര്‍ ഭൂമിയും, 10 ലക്ഷം രൂപ വിലവരുന്ന കാറും നൽകിയാണ് വിസ്മയയെ കിരൺ കുമാറിന് വിവാഹം ചെയ്ത് നൽകിയത്. എന്നാൽ വിവാഹം കഴിഞ്ഞതോടെ കൂടുതൽ സ്ത്രീധനത്തുക ആവശ്യപ്പെട്ട് വിസ്മയയെ കിരൺ നിരന്തരം പീഡിപ്പിക്കുകയായിരുന്നു.