കേസ് വീണ്ടും അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്നും വാളയാര്‍ പെണ്‍ക്കുട്ടികളുടെ അമ്മ ന്യൂസ് മലയാളത്തോട് പറഞ്ഞു.
സഹോദരിമാരായ വാളയാര്‍ പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട സിബിഐ കേസില്‍ കേന്ദ്രസര്‍ക്കാര്‍ നിയമിച്ച സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്കെതിരെ പെണ്‍ക്കുട്ടികളുടെ അമ്മ രംഗത്ത്. അട്ടപ്പാടി മധു കേസില്‍ പ്രോസിക്യൂട്ടറായിരുന്ന രാജേഷ് എം. മേനോനെ വാളയാര്‍ കേസിലും നിയമിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ പരിഗണിച്ചില്ലെന്നും, കേസ് വീണ്ടും അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്നും വാളയാര്‍ പെണ്‍ക്കുട്ടികളുടെ അമ്മ ന്യൂസ് മലയാളത്തോട് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് തൃശൂര്‍ ജില്ലയിലെ മുന്‍ ഗവണ്‍മെന്റ് പ്ലീഡറും നിരവധി പോക്‌സോ കേസുകളില്‍ പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ. പയസ് മാത്യുവിനെ, വാളയാര്‍ കേസിലെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി കേന്ദ്ര സര്‍ക്കാര്‍ നിയമിക്കുന്നത്. എന്നാല്‍ തന്റെയും സമര സമിതിയുടെയും താല്‍പര്യം പരിഗണിക്കാതെയാണ് നിയമനമെന്ന് പെണ്‍ക്കുട്ടികളുടെ അമ്മ പറയുന്നു.
ALSO READ: വണ്ടിപ്പെരിയാര്‍ പോക്‌സോ കേസ്: വിചാരണ കോടതി വെറുതെവിട്ട അര്‍ജ്ജുന്‍ കീഴടങ്ങണമെന്ന് ഹൈക്കോടതി
അട്ടപ്പാടി മധു കേസില്‍ പ്രോസിക്യൂട്ടറായിരുന്ന രാജേഷ് എം. മേനോനെ, വാളയാര്‍ കേസിലും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇത് പരിഗണിക്കാതെ മറ്റൊരാളെ നിയമിച്ചത് കേസ് വീണ്ടും അട്ടിമറിക്കുന്നതിന് തുല്യമാണെന്നും അമ്മ പറയുന്നു.
2017 ജനുവരി 13 നാണ് വാളയാര്‍ പെണ്‍കുട്ടികളില്‍ മൂത്ത സഹോദരിയെയും, മാര്‍ച്ച് 4 ന് ഇളയ സഹോദരിയെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ മുഴുവന്‍ പ്രതികളെയും വിചാരണകോടതി വെറുതേ വിട്ടതോടെ സി ബി ഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. സിബിഐയുടെ ആദ്യ കുറ്റപത്രം തള്ളിയ കോടതി വിശദമായ അന്വേഷണത്തിന് നിര്‍ദ്ദേശിച്ചു. രണ്ടാമതും കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് പ്രോസിക്യൂട്ടര്‍ നിയമനം വിവാദമാകുന്നത്. എന്നാല്‍ സര്‍ക്കാര്‍ ഏല്‍പ്പിച്ച ദൗത്യം ആത്മാര്‍ഥമായി നിര്‍വ്വഹിക്കുമെന്നും പെണ്‍കുട്ടികളുടെ കുടുംബത്തിന് നീതി ഉറപ്പാക്കാന്‍ ശ്രമിക്കുമെന്നും അഡ്വ. പയസ് മാത്യു പറഞ്ഞു.