അച്ഛൻ്റെ മരണത്തിൽ ഒരു അനുശോചന വാക്കുപോലും രേഖപ്പെടുത്തിയില്ലെന്നും എൻ. എം. വിജയൻ്റെ കുടുംബം ആരോപിച്ചു
കോൺഗ്രസ് നേതൃത്വത്തിനെതിരെ വയനാട് മുൻ ഡിസിസി ട്രഷർ എൻ. എം. വിജയൻ്റെ കുടുംബം രംഗത്ത്. കെപിസിസി പ്രസിഡൻ്റ് കെ. സുധാകരൻ്റെയും പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ്റെയും പെരുമാറ്റം വിഷമിപ്പിക്കുന്നുവെന്നും, അച്ഛൻ്റെ മരണത്തിൽ ഒരു അനുശോചന വാക്കുപോലും രേഖപ്പെടുത്തിയില്ലെന്നും എൻ. എം. വിജയൻ്റെ കുടുംബം ആരോപിച്ചു. കെ. മുരളീധരൻ മാത്രമാണ് വീട്ടിൽ വന്നത്. അദ്ദേഹത്തിൻ്റെ മര്യാദ പോലും മറ്റു നേതാക്കൾ കാണിച്ചിട്ടില്ലെന്നും കുടുംബം ആരോപണം ഉന്നയിച്ചു.
കുറിപ്പെഴുതിയത് അച്ഛൻ തന്നെയാണ്. മുൻസിപ്പൽ കൗൺസിലർ ആയിരുന്ന സമയത്ത് മുതലുള്ള അച്ഛൻ്റെ കൈപ്പട അറിയുന്നവർക്ക് ഇത് വ്യക്തമാകും. ഇത്രയും സംഭവങ്ങൾ ഉണ്ടായിട്ട് പോലും ഞങ്ങളുടെ കൂടെ നിൽക്കാതെ, കത്ത് വ്യാജമാണെന്നാണ് നേതാക്കൾ പറയുന്നത്. നേതൃത്വത്തിന് മുന്നിലെത്തി കാര്യങ്ങൾ ബോധിപ്പിച്ചിട്ടു പോലും, അവരൊന്നും കണ്ടിട്ടില്ലെന്നാണ് പറയുന്നത്. ഇത് വിശ്വസിക്കാൻ പോലും ആകുന്നില്ല. കൂടെ നിന്നവരാണ് കൈയ്യൊഴിഞ്ഞത്. നിയമപരമായി മുന്നോട്ട് പോകുമെന്നും വിജയൻ്റെ മകൾ വ്യക്തമാക്കി.
സംസ്ഥാന നേതാക്കൾ ഉൾപ്പെടെ അച്ഛൻ്റെ മരണത്തെ നിസാരമായി കാണുന്നു. എൻ്റെ മക്കളെ എങ്കിലും രക്ഷിക്കണേ എന്നായിരുന്നു കത്തിൽ എഴുതിയിരിക്കുന്നത്. താൻ മരിച്ചാലെങ്കിലും കുടുംബം രക്ഷപ്പെടണേ എന്നായിരിക്കും അച്ഛൻ കരുതിയിട്ടുണ്ടാകുക എന്നും മകൾ പറഞ്ഞു.
പത്തമ്പത് വർഷക്കാലം കോൺഗ്രസിന് വേണ്ടി പ്രവർത്തിച്ചിട്ട് സാധാരണ ഒരു മരണമാക്കി മാറ്റുന്നതാണ് ഇപ്പോൾ നടക്കുന്നത്. അതിൽ നല്ല വിഷമമുണ്ടെന്നും മകൾ കൂട്ടിച്ചേർത്തു.
കെ. സുധാകരനെയും വി.ഡി. സതീശനെയും നേരിട്ട് പോയി കണ്ടതാണ്. കത്ത് വായിച്ചിട്ടു പോലുമില്ലെന്നാണ് സുധാകരൻ ഇപ്പോൾ പറയുന്നത്. ചെന്ന് കണ്ടപ്പോഴുള്ള സതീശൻ്റെ പെരുമാറ്റം പൊതുസമൂഹത്തിൽ പോലും പറയാൻ പറ്റാത്തതാണ്. കെ. മുരളീധരൻ കാണിച്ച മര്യാദ മറ്റ് ഒരു നേതാക്കളും കാണിച്ചിട്ടില്ല. കത്ത് വ്യാജമായി ഉണ്ടാക്കിയതെന്നാണ് ഇപ്പോൾ പ്രചരണം നടത്തുന്നത്. നേതാക്കളുടെ പെരുമാറ്റം ഒരിക്കലും പ്രതീക്ഷിക്കാത്തതെന്നും ഇനി നിയമപരമായ നടപടികളുമായി മുന്നോട്ടു പോകുകയാണ് എന്നും മകൻ വിജേഷും കുടുംബവും വ്യക്തമാക്കി. അതേസമയം മകൻ്റെ വിജേഷിൻ്റെ മൊഴി വിജിലൻസ് രേഖപ്പെടുത്തി. മീനങ്ങാടി ഓഫീസിൽ വച്ചാണ് മൊഴി രേഖപ്പെടുത്തിയത്.