ഗുജറാത്ത് കലാപത്തെ പുത്തന്‍ തലമുറയുടെ മുന്നിലേക്ക് കൊണ്ടുവെച്ചു എന്നതാണ് എമ്പുരാന്‍ എന്ന സിനിമ നിര്‍വഹിച്ച രാഷ്ട്രീയ ധര്‍മം
എമ്പുരാനില്‍ ഉള്ളത് ഗുജറാത്ത് വംശീയ ഉന്മൂലനത്തിന്റെ ആയിരത്തിലൊന്ന് മാത്രമാണെന്ന് ഡോക്യുമെന്ററി ഫിലിം മേക്കറായ ഗോപാല്‍ മേനോന്‍. 'ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍' എന്ന ഡോക്യുമെൻ്ററിയുടെ ലൊക്കേഷന്‍ പ്രൊഡ്യൂസറും റിസര്‍ച്ചറുമാണ് ഗോപാല്‍ മേനോന്‍. ഗുജറാത്ത് കലാപത്തെ പുത്തന്‍ തലമുറയുടെ മുന്നിലേക്ക് കൊണ്ടുവെച്ച് എന്നതാണ് എമ്പുരാന്‍ എന്ന സിനിമ നിര്‍വഹിച്ച രാഷ്ട്രീയ ധര്‍മമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതിനാല്‍ ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തും മതേതര സമൂഹത്തിന് വലിയ സംഭാവനയാണ് നല്‍കിയത്. ഗുജറാത്ത് വംശീയ ഉന്മൂലനത്തെക്കുറിച്ച് സമൂഹവും പുതിയ തലമുറയും കൂടുതലായി അറിയേണ്ടതുണ്ടെന്നും സിനിമയിലെ രംഗങ്ങള്‍ ഞെട്ടിച്ചെങ്കില്‍ ശരിക്കും നടന്ന കാര്യങ്ങള്‍ സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്തതാണെന്നും ഗോപാല്‍ മേനോന്‍ കൂട്ടിച്ചേര്‍ത്തു.
ALSO READ: വിവാദങ്ങളുടെ പെരുമഴ, ബോക്സോഫീസിൽ തേരോട്ടം; 250 കോടിയും കടന്ന് എമ്പുരാൻ
അതേസമയം മലയാള സിനിമ ആവേശത്തോടെ കാത്തിരുന്ന ചിത്രമായിരുന്നു എമ്പുരാന്‍. എന്നാല്‍ റിലീസ് കഴിഞ്ഞാണ് ചിത്രം സിനിമാലോകത്തെ ഞെട്ടിച്ചത്. കടുത്ത വിവാദങ്ങളും സൈബര്‍ ആക്രമണങ്ങളും രാഷ്ട്രീയ വാക്‌പോരുകളും വരെ ചിത്രം നേരിടേണ്ടതായി വന്നു. സെന്‍സര്‍ ബോര്‍ഡ് വീണ്ടു കത്രിക വെച്ച് ചിത്രം റീ-റിലീസ് ചെയ്യുന്ന സ്ഥിതിവരെ എത്തിയിരുന്നു.
എന്നാല്‍ ഈ വിവാദങ്ങളൊന്നും തന്നെ എമ്പുരാന്റെ ബോക്‌സോഫീസ് കളക്ഷനുകളെ ബാധിച്ചിട്ടില്ല എന്നതാണ് അതിശയിപ്പിക്കുന്ന കാര്യം. ഇതിനോടകം 250 കോടി മറികടന്ന് എമ്പുരാന്‍ മുന്നോട്ട് കുതിക്കുകയാണ്. എമ്പുരാന്‍ ആദ്യ പതിപ്പിന് 24 കട്ടുകള്‍ വരുത്തിയ ശേഷമുള്ള ആദ്യ ദിനമെന്ന രീതിയില്‍ ബോക്സോഫീസ് കളക്ഷനില്‍ നേരിയ ഇടിവുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ചിത്രം നിര്‍മാതാക്കളുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചില്ലെന്നാണ് നിലവിലെ കണക്കുകള്‍ പറയുന്നത്.
മാര്‍ച്ച് 27നാണ് മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ ഒരുക്കിയ മലയാളത്തിലെ എക്കാലത്തേയും വലിയ ബിഗ് ബജറ്റ് ചിത്രമെന്ന നിലയില്‍ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്‍ ലോകമെമ്പാടുമുള്ള തിയേറ്ററുകളിലേക്ക് എത്തിയത്.