ഔദ്യോഗിക രേഖകൾ പ്രകാരം ബലാത്സംഗം ഇരയുടെ മരണത്തിന് കാരണമായാൽ വധശിക്ഷ നൽകാനാണ് ബിൽ വ്യവസ്ഥ ചെയുന്നത്
ബലാത്സംഗ കേസുകളിൽ കുറ്റക്കാർക്ക് വധശിക്ഷ ഉറപ്പാക്കാന്‍ പ്രത്യേക നിയമം പാസാക്കാനുള്ള ബിൽ നിയമസഭയിൽ അവതരിപ്പിച്ചിരിക്കുകയാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജി. ബലാത്സംഗം പോലുള്ള കുറ്റകൃത്യങ്ങൾക്ക് കർശന വ്യവസ്ഥകൾ ഭാരതീയ ന്യായ സംഹിതയിൽ ഇല്ലെന്ന നിരീക്ഷണത്തിലാണ് പ്രത്യേക നിയമം പാസാക്കാനുള്ള ബിൽ അവതരിപ്പിച്ചത്. ഭേദഗതി പാസാക്കി അംഗീകരിക്കപ്പെട്ടാൽ ഇന്ത്യയുടെ നാഴികക്കല്ലാകുമെന്ന് മമത ബാനർജി അവകാശപ്പെടുന്ന പുതിയ ബിൽ എന്താണ് എന്ന് നോക്കാം
എന്താണ് പുതിയ ബിൽ ?
ഔദ്യോഗിക രേഖകൾ പ്രകാരം ബലാത്സംഗം ഇരയുടെ മരണത്തിന് കാരണമായാൽ വധശിക്ഷ നൽകാനാണ് ബിൽ വ്യവസ്ഥ ചെയുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സംരക്ഷണം ഉറപ്പാക്കാന്‍ വ്യവസ്ഥ ചെയ്യുന്ന ബില്‍ അപരാജിത വുമണ്‍ ആന്റ് ചൈല്‍ഡ് ബില്‍ 2024 എന്ന തലക്കെട്ടോടെയാണ് അവതരിപ്പിച്ചത്.
ALSO READ: ബലാത്സംഗക്കേസുകളില്‍ പരമാവധി ശിക്ഷ; നിയമസഭയിൽ ബിൽ അവതരിപ്പിച്ച് മമത ബാനര്‍ജി
ഭാരതീയ ന്യായ സൻഹിത, ഭാരതീയ നാഗരിക സുരക്ഷാ സൻഹിത, ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണ നിയമം തുടങ്ങിയ നിലവിലുള്ള നിയമങ്ങളിൽ ഭേദഗതി വരുത്തുകയാണ് ബിൽ ലക്ഷ്യമിടുന്നത്. ശിക്ഷ വർധിപ്പിക്കുക, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ഹീനമായ അതിക്രമങ്ങളിൽ ത്വരിതഗതിയിലുള്ള അന്വേഷണം, വിചാരണ എന്നിവയും ബിൽ വ്യവസ്ഥ ചെയ്യുന്നു.
നിയമ വിദഗ്ദ്ധരുടെ അഭിപ്രായം
സംസ്ഥാന അസംബ്ലിയിൽ ബലാത്സംഗ വിരുദ്ധ ബിൽ അവതരിപ്പിക്കാനുള്ള പശ്ചിമ ബംഗാൾ സർക്കാരിൻ്റെ നീക്കം ഭരണഘടനാപരമായി സാധുതയുള്ളതാണെന്നാണ് നിയമ വിദഗ്‌ധരുടെ വിലയിരുത്തൽ. എന്നാൽ ഇത് നിയമമാകുന്നതിന് രാഷ്ട്രപതിയുടെ അനുമതി ആവശ്യമാണ്.
സംസ്ഥാനം കൊണ്ടുവരുന്ന ഏതൊരു ഭേദഗതിയും പുതിയ ക്രിമിനൽ നിയമങ്ങളായ ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത എന്നിവയ്ക്ക് കീഴിലുള്ളതാകണമെന്നില്ല. അതുകൊണ്ട് തന്നെ ഭരണഘടനയുടെ ആർട്ടിക്കിൾ 254(2) പ്രകാരം ഇവയ്ക്ക് രാഷ്ട്രപതിയുടെ അനുമതി ആവശ്യമാണ്.
ALSO READ: ബലാത്സംഗ കേസുകളിൽ കുറ്റക്കാർക്ക് വധശിക്ഷ ഉറപ്പാക്കും; പ്രത്യേക നിയമം പാസാക്കാന്‍ മമത സർക്കാർ
ആർട്ടിക്കിൾ 254(2) പ്രകാരം കൺകറൻ്റ് ലിസ്റ്റിലെ ഒരു വിഷയത്തിൽ കേന്ദ്ര നിയമത്തിന് വിരുദ്ധമായ ഒരു നിയമം പാസാക്കാൻ ഒരു സംസ്ഥാന നിയമസഭയെ അനുവദിക്കുന്നുണ്ട്. എന്നാൽ ഇതിനു രാഷ്ട്രപതിയുടെ അനുമതി ലഭിക്കണം. രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുന്നതോടെ കേന്ദ്ര നിയമത്തിൽ നിന്ന് വ്യത്യസ്തമാണെങ്കിലും സംസ്ഥാന നിയമം ആ സംസ്ഥാനത്ത് നിലനിൽക്കും എന്നാണ് ഇതിനർത്ഥം.
2019ലെ ആന്ധ്രാപ്രദേശ് ദിശ ബില്ലിലും 2020ലെ മഹാരാഷ്ട്ര ശക്തി ബില്ലിലും എല്ലാ ബലാത്സംഗത്തിനും കൂട്ടബലാത്സംഗക്കേസുകൾക്കും വധ ശിക്ഷയാണ് വ്യവസ്ഥ ചെയ്തത്. രണ്ടും സംസ്ഥാന നിയമസഭകൾ ഏകകണ്ഠമായി പാസാക്കിയെങ്കിലും രണ്ടിനും ഇതുവരെ രാഷ്ട്രപതിയുടെ അനുമതി ലഭിച്ചിട്ടില്ല.
ബില്ലിലെ വ്യവസ്ഥകൾ എന്തൊക്കെയാണ്?
ബലാത്സംഗം ഇരയുടെ മരണത്തിന് കാരണമായാൽ വധശിക്ഷ നൽകാനാണ് ബിൽ വ്യവസ്ഥ ചെയുന്നത്. ബലാത്സംഗ കേസുകളിൽ സമയബന്ധിതമായ അന്വേഷണവും ഇതിൽ ഉൾപ്പെടുന്നു. ഇത്തരം കേസുകളിൽ കോടതി നടപടികളുമായി ബന്ധപ്പെട്ട ഏത് കാര്യവും അനുമതിയില്ലാതെ പ്രസിദ്ധീകരിക്കുന്നതിന് പിഴ ചുമത്താനും ബില്ലിൽ വ്യവസ്ഥയുണ്ട്.
ALSO READ: "സ്ത്രീകൾക്ക് നീതി ലഭിക്കണമെങ്കിൽ രാജ്യത്ത് കോടതി വിധികൾ വേഗത്തിൽ നടപ്പാക്കണം"
ബലാത്സംഗക്കേസുകളിൽ അന്വേഷണം നടത്തി പ്രാഥമിക റിപ്പോർട്ട് ലഭിച്ച് 21 ദിവസത്തിനുള്ളിൽ പൂർത്തിയാക്കണമെന്നാണ് അന്വേഷണവും പ്രോസിക്യൂഷൻ നടപടികളും സംബന്ധിച്ച കരട് ബില്ലിലെ വ്യവസ്ഥ. നേരത്തെ ഇത് രണ്ട് മാസമായിരുന്നു.
ഫാസ്റ്റ് ട്രാക്ക് കോടതി, അപരാജിത ടാസ്ക് ഫോഴ്സ്
ബലാത്സംഗക്കേസുകൾക്കായി അതിവേഗ കോടതികൾ സ്ഥാപിക്കാനും ബിൽ ആവശ്യപ്പെടുന്നു. അന്വേഷണങ്ങൾ ത്വരിതപ്പെടുത്തുന്നതിനും ഇരകൾക്ക് വേഗത്തിലുള്ള നീതി ഉറപ്പാക്കുന്നതിനും പ്രത്യേക കോടതികളും അന്വേഷണ സംഘങ്ങളും ബിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇതിലൂടെ സ്ത്രീകൾക്കെതിരായ ബലാത്സംഗ കേസുകളും കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങളും കാര്യക്ഷമമായും സമയബന്ധിതമായും കൈകാര്യം ചെയ്യുന്നതിനും അതുവഴി ഇരകളും അവരുടെ കുടുംബങ്ങളും അനുഭവിക്കുന്ന ആഘാതങ്ങൾ കുറയുമെന്നും പറയുന്നു.
ALSO READ: തട്ടികൊണ്ടുപോയ പ്രതിയെ വിട്ടുപിരിയാനാകാതെ കുഞ്ഞ്, വിങ്ങിപ്പൊട്ടി പ്രതി; വികാരനിർഭരമായ വിടപറയൽ
അതോടപ്പം ഇത്തരം ബലാത്സംഗക്കേസുകളും അതിക്രമങ്ങളും അന്വേഷിക്കാൻ അപരാജിത ടാസ്ക് ഫോഴ്‌സ്' രൂപീകരിക്കും. ജില്ലാതലത്തിൽ ഒരു ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിൻ്റെ നേതൃത്വത്തിലാകും ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുക.
ബിൽ സുഗമമായി പാസാക്കാൻ കഴിയുമോ?
294 അംഗ നിയമസഭയിൽ തൃണമൂൽ കോൺഗ്രസിന് 223 എംഎൽഎമാരുടെ പിന്തുണയുള്ളതിനാൽ അപരാജിത ബിൽ സുഗമമായി പാസാക്കാവുന്നതാണ്. ബിജെപി നിയമസഭാംഗങ്ങൾ വോട്ടെടുപ്പിൽ പിന്തുണക്കുമെന്നോ വിട്ടുനിൽക്കുമെന്നോ സൂചന നൽകിയിട്ടില്ല. ബിൽ കൺകറൻ്റ് ലിസ്റ്റിലുള്ളതിനാൽ സംസ്ഥാന ഗവർണറുടെയും രാഷ്ട്രപതിയുടെയും അംഗീകാരവും ആവശ്യമാണ്.